ചോരക്കറയുള്ള കുപ്പായവുമായി നിയമസഭയിലെത്തിയ ചരിത്രം പിണറായി ഓര്‍ക്കുന്നുണ്ടോയെന്ന് രമേശ് ചെന്നിത്തല
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2017 08:00 PM |
Last Updated: 06th April 2017 05:03 PM | A+A A- |

ആലപ്പുഴ: ജിഷ്ണുപ്രണോയിയുടെ അമ്മയക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസിനെ ന്യായികരിച്ച മുഖ്യമന്ത്രിയുടെ ദേഹത്ത് സര്‍ സിപിയുടെ പ്രേതം കയറിയിട്ടുണ്ടോയെന്ന് സംശയിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോരക്കറയുള്ള കുപ്പായവുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിയമസഭയിലെത്തിയ വ്യക്തിയായിരുന്നു പിണറായി വിജയനെന്നുള്ളത് മുഖ്യമന്ത്രി ഓര്‍ക്കേണ്ടതായിരുന്നെന്നും ചെന്നിത്തല
പൊലീസിന് വീഴ്ചയില്ലെന്ന് പറഞ്ഞ് ഡിജിപിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്തത്. എന്നിട്ടും എന്തിനാണ് ഐജി മനോജ് എബ്രഹാമിനെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. അന്വേഷണത്തിനു മുന്‍പ് തന്നെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരം ന്യായികരണമുണ്ടായാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ എന്തുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളുവെന്നും രമേശ് അഭിപ്രായപ്പെട്ടു. നേരത്തെ തന്നെ ജിഷ്ണുവിന്റെ അമ്മ മഹിജ സമരമിരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സമരം ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രിയോ ഡിജിപിയോ ശ്രമിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സംഭവം നടന്നിട്ട് മൂന്ന് മാസമായിട്ടും പ്രതികളെ പിടികൂടാത്തതിനെ തുടര്‍ന്നാണ് ജിഷ്ണുവിന്റെ മാതാവ് സമരത്തിനിറങ്ങിയത്. സിപിഎമ്മിന് വേണ്ടി മുദ്രാവാക്യം വിളിച്ചവരായിരുന്നു ജിഷ്ണുവും കുടുംബവും എന്നതും മുഖ്യമന്ത്രിയോര്‍ത്തില്ല. രോഹിത് വെമുല ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ഹൈദരബാദില്‍ സമരത്തിന് പോയ എസ്എഫ്‌ഐക്കാരും ഡിവൈഎഫ്‌ഐക്കാരും എന്തേ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തതെന്നും രമേശ് പറഞ്ഞു. കേരളത്തിലെ ആഭ്യന്തരവകുപ്പ് ഇത്രയേറേ നാണം കെട്ട സംഭവം സമീപ ചരിത്രത്തില്‍ ഇല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.