ഫോണ്‍കെണി;മംഗളം സിഇഒ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2017 07:30 AM |
Last Updated: 05th April 2017 08:47 AM | A+A A- |

തിരുവനന്തപുരം:മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍കെണിക്കേസില്‍ മംഗളം ചാനല്‍ സിഇഒ അജിത്കുമാര്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.മറ്റുള്ളവരെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു.എംബി സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ്,കെ ജയചന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികളള്‍.
12 മണിക്കൂറോളം ഇവരെ ചോദ്യം ചെയ്തു.ഒറ്റയ്ക്കും കൂട്ടമായും ചോദ്യം ചെയ്തു എന്നാണ് വിവരം. ഒന്‍പതുപേരാണ് അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയത്.ഇതില്‍ രണ്ടുപേരെ ഇന്നലെ രാവിലെ തന്നെ വിട്ടയച്ചിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷം രണ്ടു പേരെ വൈകിട്ടും വിട്ടയച്ചു.അതേസമയം ശശീന്ദ്രനോട് ഫോണില്‍ സംസാരിച്ച യുവതി കീഴടങ്ങിയിട്ടില്ല. ക്രിമിനല്‍ ഗൂഢാലോചന, ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ തുടങ്ങിയവയാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ 26നാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ച സംഭവമുണ്ടായത്. സഹായം ചോദിച്ചെത്തിയ സ്ത്രീയോട് മന്ത്രി അപമര്യാദയായി പെരുമാറുന്ന ശബ്ദരേഖ പുറത്തു വിടുന്നു എന്നു പറഞ്ഞാണ് മുന്‍മന്ത്രിയുടെ സ്വകാര്യ ഫോണ്‍ സംഭാഷണം ചാനല്‍ പുറത്തു വിട്ടത്. എന്നാല്‍ ചാനല്‍ എകെ സശീന്ദ്രനെ കുടുക്കാന്‍ മനപ്പൂര്‍വം നടത്തിയ കെണിയാണ് ഇതെന്ന് ഉടനെ തന്നെ തെളിയുകയായിരുന്നു. സംഭവം വിവാദമായതോടെ നിരവധി പരാതികളെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. പിടിക്കപ്പെടും എന്ന കണ്ടപ്പോള്‍ ചാനല്‍ സത്യം തുറന്നു പറഞ്ഞ് മാപ്പു പറഞ്ഞിരുന്നു.