ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി; വകുപ്പുകളുടെ അവലോകനം മുഖ്യമന്ത്രി തന്നെ വിലയിരുത്തും
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2017 04:16 PM |
Last Updated: 05th April 2017 06:28 PM | A+A A- |

തിരുവനന്തപുരം; ഈ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ അഞ്ചുദിനത്തില്‍ 1516 കോടിയുടെ പദ്ധതികള്‍ക്ക് മന്ത്രിസഭ അനുമതി നല്‍കി. കൂടാതെ പദ്ധതി വിനിയോഗത്തിന് കൃത്യമായ മേല്‍നോട്ടമുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുത്ത പദ്ധതി അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എല്ലാ വകുപ്പുകളുടെയും പദ്ധതി അവലോകനം ഓരോ മൂന്നുമാസത്തിലും മുഖ്യമന്ത്രി തന്നെ നടത്തും. അതിനു പുറമെ മന്ത്രിമാര്‍ അതതു വകുപ്പുകളുടെ അവലോകനം പ്രതിമാസം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിമാസം ചീഫ് സെക്രട്ടറിയുടെ അവലോകനവും ഉണ്ടാകും. വിദേശ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനവും ചീഫ് സെക്രട്ടറി നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
ഗ്രീന്‍ ബുക്കില്‍ പ്രഖ്യാപിച്ച മിക്കവാറും പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ചുദിവസം കൊണ്ട് ഇത്രയും പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നത് കേരള ചരിത്രത്തില്‍ ആദ്യമായാണ്. 2016-17-ലെ പദ്ധതി നിര്‍വഹണത്തിന്റെ അവലോകനം ജനുവരിയിലും മാര്‍ച്ചിലും മുഖ്യമന്ത്രി നടത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിനിയോഗം 80 ശതമാനത്തിനടുത്താണ്. തെരഞ്ഞെടുപ്പ്, കറന്‍സി നിരോധനം ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ എന്നിവ ഇല്ലായിരുന്നുവെങ്കില്‍ ഇതിലും വലിയ നേട്ടം കൈവരിക്കാന്‍ കഴിയുമായിരുന്നെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, കേന്ദ്ര സഹായം എന്നിവ പൂര്‍ണമായും വാങ്ങിയെടുക്കാനും വിനിയോഗിക്കാനും കഴിയണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇത് സാധ്യമാക്കുന്നതിനുള്ള ഉത്തരവുകള്‍ ധനവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം (2017-18) 60 ശതമാനം പദ്ധതികളുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ജൂണില്‍ തന്നെ നല്‍കി എന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സപ്തംബറിന് മുമ്പ് എല്ലാ വര്‍ക്കിങ് ഗ്രൂപ്പുകളും സ്‌പെഷല്‍ വര്‍ക്കിങ് ഗ്രൂപ്പുകളും ചേര്‍ന്ന് 100 ശതമാനം ഭരണാനുമതിയും നല്‍കണം.
ഈ സര്‍ക്കാര്‍ വന്നശേഷം തുടങ്ങിയതും ബജറ്റില്‍ പ്രഖ്യാപിച്ചതുമായ എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും സെക്രട്ടറിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.