പോലീസ് നടപടി ന്യായീകരിച്ച് ഐ.ജി.യുടെ റിപ്പോര്‍ട്ട്; സ്വീകാര്യമല്ലെന്ന് ജിഷ്ണുവിന്റെ കുടുംബം. പ്രതിഷേധവുമായി പ്രതിപക്ഷം
By സമകാലിക മലയാളം ഡസ്‌ക് | Published: 06th April 2017 12:48 PM |
Last Updated: 06th April 2017 04:30 PM | A+A A- |

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്ക്കുനേരെയുണ്ടായ പോലീസ് നടപടിയെ ന്യായീകരിച്ച് ഐ.ജി. മനോജ് എബ്രഹാം ഡി.ജി.പി.യ്ക്ക് റിപ്പോര്‍ട്ട് നല്‍കി. ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെയുള്ള പോലീസ് നടപടിയില്‍ തെളിവില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഐ.ജി. മനോജ് എബ്രഹാം ഡി.ജി.പിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാ വീഴ്ച ഉണ്ടാകാതിരിക്കാനാണ് പോലീസ് ആസ്ഥാനത്തുനിന്നും ബലം പ്രയോഗിച്ച് അവരെ നീക്കിയത്. എന്നാല്‍ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ തെറ്റുപറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഐ.ജി.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐ.ജി. നല്‍കിയ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നാണ് ജിഷ്ണുവിന്റെ കുടുംബം പ്രതികരിച്ചത്. ചില പോലീസുകാര്‍ തങ്ങളെ ബൂട്ടിട്ട് ചവിട്ടിയിട്ടുണ്ട്. ചാനലുകളില്‍ വിഷ്വലുകളില്‍ വരാത്ത കാര്യങ്ങളുമുണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ ഡി.ജി.പിയോട് നേരിട്ട് പറഞ്ഞതാണ്. എന്നിട്ടും ഇത്തരത്തിലൊരു റിപ്പോര്‍ട്ടാണ് ഐ.ജിയുടേതെങ്കില്‍ സ്വീകരിക്കില്ലെന്നാണ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ പ്രതികരിച്ചത്.
അതിക്രമം നടത്തിയവരുടെതന്നെ റിപ്പോര്‍ട്ടാണിതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. റിപ്പോര്‍ട്ട് അവിശ്വസനീയം എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഐ.ജി. റിപ്പോര്‍ട്ട് നല്‍കിയാല്‍ സത്യം സത്യമല്ലാതാകുകയില്ല. പിണറായി വിജയന്റെ വാക്കുകളാണ് ഐ.ജിയുടെ റിപ്പോര്‍ട്ടിലുള്ളതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.