അമ്മൂമ്മയുടെ അന്ത്യകൂദാശക്ക് രാത്രി പള്ളിയില്‍ ചെന്ന സ്ത്രീകള്‍ക്ക് അസഭ്യവര്‍ഷം; സ്ത്രീകള്‍ വന്നത് വികാരിയെ പ്രകോപിപ്പിക്കാനെന്ന് ആക്ഷേപം

വികാരിയെ കാണണമെന്ന് പറഞ്ഞ് വീണ്ടും അവിടത്തന്നെ നിന്നപ്പോള്‍ അച്ചനെ തന്നെ കാണണോ ഞാന്‍ കാട്ടിത്തന്നാല്‍ മതിയോ എന്നയാള്‍ സ്ത്രീകളായ ഞങ്ങളോട് മുഖത്ത് നോക്കി ചോദിച്ചു
അമ്മൂമ്മയുടെ അന്ത്യകൂദാശക്ക് രാത്രി പള്ളിയില്‍ ചെന്ന സ്ത്രീകള്‍ക്ക് അസഭ്യവര്‍ഷം; സ്ത്രീകള്‍ വന്നത് വികാരിയെ പ്രകോപിപ്പിക്കാനെന്ന് ആക്ഷേപം

ആലപ്പുഴ: മരണശയ്യയില്‍ കിടന്ന അമ്മൂമ്മയ്ക്ക് അന്ത്യകൂദാശ നല്‍കണമെന്നാവശ്യപ്പെട്ടു വികാരിയെ കാണാന്‍ ചെന്ന സ്ത്രീകളെ പള്ളി ഡ്രൈവര്‍ അസഭ്യം പറഞ്ഞ് ഇറക്കി വിട്ടെന്നും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല എന്നും പരാതി. 

ആലപ്പുഴയിലെ അര്‍ത്തുങ്കല്‍ സെന്റ് ആണ്ട്രൂസ് ബസലിക്കയിലാണ് സംഭവം നടന്നത്. ഏതുസമയത്തും ആര്‍ക്കും പള്ളിയില്‍ ചെന്നുകയറാം എന്നിരിക്കെ രാത്രി പത്തു മണിക്കു തങ്ങള്‍ പള്ളിയില്‍ ചെന്നത് വികാരിയെ പ്രകോപിപ്പിക്കാന്‍ വേണ്ടിയാണ് എന്നുപറഞ്ഞ് തങ്ങളെ അപമാനിക്കുകയായിരുന്നു എന്ന് പരാതിക്കാരി പറയുന്നു. 

മുന്‍ മാധ്യമ പ്രവര്‍ത്തക അര്‍ത്തുങ്കല്‍ സ്വദേശിനി സുമോള്‍ റൊണാള്‍ഡാണ് പള്ളിക്കെതിരെ ആരോപണമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിപെടാന്‍ ചെന്നപ്പോള്‍ പൊലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ല എന്നും ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു എന്നും സുമോള്‍ പറയുന്നു. 

സംഭവത്തെ പറ്റി സുമോള്‍ പറയുന്നത്: ഭര്‍ത്താവിന്റെ അമ്മൂമ്മയ്ക്ക് അന്ത്യകൂദാശ നല്‍കാന്‍ വേണ്ടിയാണ് അര്‍ത്തുങ്കല്‍ സെന്റ് ആണ്ട്രൂസ് ബസലികയിലെ വികാരി ഫാ. ക്രിസ്റ്റഫര്‍ അര്‍ത്ഥശേരിയെ കാണാന്‍ പോയത്. രാത്രി 10മണിക്കാണ് പോയത്. ഭര്‍ത്താവിന് അമ്മൂമ്മയുടെ അടുത്തു നിന്നും മാറാന്‍ കഴിയാത്ത സാഹചര്യം ആയതുകൊണ്ടാണ് താന്‍ പോയത്. കൂടെ ഒരു പ്രായമായ ചേച്ചിയും ഉണ്ടായിരുന്നു.

പള്ളിയില്‍ ചെന്നപ്പോള്‍ ഡ്രൈവര്‍ ഇറങ്ങിവന്നു. ഡ്രൈവറുടെ പേര് ബെന്നി എന്നാണ്. അയാള്‍ തുടക്കം മുതല്‍ ഞങ്ങളോട് അപമര്യാതയായി പെരുമാറുകയായിരുന്നു. രാത്രി സ്ത്രീകള്‍ക്ക് പള്ളിയിലെന്താ കാര്യം എന്നു പറഞ്ഞാണ് അയാള്‍ വന്നത്. ഞങ്ങള്‍ പറഞ്ഞു,അച്ചനെ കാണം അമ്മൂമ്മയ്ക്ക അന്ത്യകൂദാശ നല്‍കാന്‍ വേണ്ടിയാണ് എന്ന്. അപ്പോള്‍ അയാള്‍ പറഞ്ഞു. രാത്രിയൊന്നും അച്ചന് വരാന്‍ പറ്റില്ല എന്ന്. ഞങ്ങളുടെ ആവശ്യം അച്ചനെ അറിയിച്ചിട്ട് പൊക്കോളാം എന്നാണ് ഞങ്ങള്‍ പറഞ്ഞത്. രണ്ടു വിശ്വാസികളായ സ്ത്രീകള്‍ രാത്രി വന്നിട്ട് ഒരു വിശ്വാസിയായ സ്ത്രീയുടെ അവസാന ആഗ്രഹത്തിന് വേണ്ടി വികാരിയെ കാണണമെന്ന് പറയുമ്പോള്‍ പള്ളി ഡ്രൈവര്‍ അസഭ്യം പറഞ്ഞ് ഓടിക്കുകയാണോ വേണ്ടത്? 

വികാരിയെ കാണണമെന്ന് പറഞ്ഞ് വീണ്ടും അവിടത്തന്നെ നിന്നപ്പോള്‍ അച്ചനെ തന്നെ കാണണോ ഞാന്‍ കാട്ടിത്തന്നാല്‍ മതിയോ എന്നയാള്‍ സ്ത്രീകളായ ഞങ്ങളോട് മുഖത്ത് നോക്കി ചോദിച്ചു. എന്റെകൂടെ വന്ന സ്ത്രീക്ക് നല്ല പ്രായമുണ്ട്. അവരുടെ പ്രായമെങ്കിലും അയാള്‍ ബഹുമാനിക്കണമായിരുന്നു.  ഡ്രൈവറായിട്ടാണ് ഇയാള്‍ പള്ളിയിലെത്തുന്നത്. ഇപ്പോള്‍ ഇയാള്‍ പറയുന്നത് വികാരിയുടെ സെക്രട്ടറി ആണെന്നാണ്. ഇങ്ങനെയൊരു സെക്രട്ടറിയെ നിയമിച്ച കാര്യം ഇടവകയില്‍ ആരും അറിഞ്ഞിട്ടില്ല. സെക്രട്ടറി എന്നൊരു പോസ്റ്റും ഇവിടെയില്ല. വികാരി സ്വയം ഇയാളെ അവരോധിച്ചിരിക്കുകയാണ്.

പിന്നീട് ഇക്കാര്യം പരാതിപെടാനായി അന്നുരാത്രി പൊലീസ് സ്റ്റേഷനില്‍ പോയി. അര്‍ത്തുങ്കല്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസുകാര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ അച്ചന്‍ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന രീതിയിവലാണ് സംസാരിച്ചത്. പൊലീസുകാര്‍ക്കും കേസെടുക്കാന്‍ താത്പര്യമില്ല എന്ന രീതിയിലാണ് പെരുമാറിയത്. എന്റെ പരാതി എഴുതി വാങ്ങാനോ, പരാതി സ്വീകരിച്ച രസീത് നല്‍കാനോ പൊലീസ് കൂട്ടാക്കിയില്ല. സുമോള്‍ പറയുന്നു. പള്ളിവികാരിയും ഡ്രൈവറും ചേര്‍ന്ന് വ്യാപക തിരിമറികളും അഴിമതിയും നടത്തുന്നുണ്ട് എന്നും സുമോള്‍ പറയുന്നു. കാര്യമന്വേഷിക്കാന്‍ അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ പരാതി ഒന്നും ലഭിച്ചിട്ടില്ല എന്നും ഫാ.ക്രിസ്റ്റഫറിന് പകരം വേറെ അച്ചന്‍ പോയി അന്ത്യകൂദാശ നടത്തിയിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com