കെഎം മാണിക്കെതിരായ ബാറ്ററി അഴിമതി കേസ് വിജിലന്‍സ് എഴുതിതള്ളുന്നു

കോട്ടയത്തെ ഒരു സ്ഥാപനത്തിന് ലെഡ് ഓക്‌സൈഡ് നികുതി വെട്ടിച്ച് നല്‍കിയതില്‍ ഒരു കോടി 66ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്
കെഎം മാണിക്കെതിരായ ബാറ്ററി അഴിമതി കേസ് വിജിലന്‍സ് എഴുതിതള്ളുന്നു

തിരുവനന്തപുരം: ലെഡ് ഓക്‌സൈഡ് ഇടപാടുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെഎം മാണി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ കേസ് വിജിലന്‍സ് എഴുതി തള്ളുന്നു. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായതിനെ തുടര്‍ന്നാണ് കേസ് എഴുതിതള്ളുന്നതായി സര്‍ക്കര്‍ എജി കോടതിയെ അറിയിച്ചത്.

കോട്ടയത്തെ ഒരു സ്ഥാപനത്തിന് ലെഡ് ഓക്‌സൈഡ് നികുതി വെട്ടിച്ച് നല്‍കിയതില്‍ ഒരു കോടി 66ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ, അന്നത്തെ ധനകാര്യമന്ത്രി കെഎം മാണി എന്നിവരെ പ്രതിചേര്‍ത്തായിരുന്നു വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2015 -16 ബജറ്റിലായിരുന്നു ബാറ്ററി നിര്‍മ്മാണ യൂണിറ്റിന് കെഎം മാണി നികുതി ഇളവ് നല്‍കിയിരുന്നത്. 

മന്ത്രിസഭയുടെ അനുമതിയോടെ ധനകാര്യബില്ലിന്റെ ഭാഗമായി നല്‍കിയ ഇളവ് എങ്ങനെ അഴിമതിയാകുമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. നിയമസഭയ്ക്ക് മുകളിലാണോയെന്ന വിജിലന്‍സിന്റെ പരാമര്‍ശവും ഈ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു

നിയമസഭ ചേര്‍ന്ന് എടുത്ത തീരുമാനത്തിലായിരുന്നു വിജിലന്‍സ് ഇവര്‍ക്കെതിരെ കേസെടുത്തത്. ബാറ്ററി കമ്പനിക്ക് നികുതി ഇളവ് നല്‍കിയ വിഷയത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് പാലാ കീഴ്തടിയൂര്‍ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് സി കാപ്പനാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com