പൊലീസ് എന്ത് ധാര്‍ഷ്ട്യം കാണിച്ചെന്ന് ബേബി പറയട്ടെ; മുഖ്യമന്ത്രി പിണറായി വിജയന്‍

പൊലീസ് എന്ത് ധാര്‍ഷ്ട്യം കാണിച്ചെന്ന് ബേബി തന്നെ പറയട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം
പൊലീസ് എന്ത് ധാര്‍ഷ്ട്യം കാണിച്ചെന്ന് ബേബി പറയട്ടെ; മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: മഹിജയ്‌ക്കെതിരായ പൊലീസ് നടപടി ബേബിയുടെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പൊലീസ് എന്ത് ധാര്‍ഷ്ട്യം കാണിച്ചെന്ന് ബേബി തന്നെ പറയട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് സംബന്ധിച്ച മറ്റ് ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ പിണറായി കൂട്ടാക്കിയില്ല. 

മകന്റെ മരണത്തിന് പിന്നിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ക്രൂരമായി വലിച്ചിഴച്ചതിനെ വിമര്‍ശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി  രംഗത്തെത്തിയിരുന്നു. ഇഎംസിന്റെ വാക്കുകള്‍ കടമെടുത്താണ് ബേബി പൊലീസിനെതിരെ അഭിപ്രായമുന്നയിച്ചത്. തന്റെ എഫ്ബി പോസ്റ്റിലൂടെയായിരുന്നു ബേബിയുടെ വിയോജിപ്പ്.

മുഖ്യമന്ത്രി ഒരു തവണ പോലും പോയികണ്ടില്ലെന്ന ആരോപണം നിലനില്‍ക്കെയാണ് എംഎബേബി ഇന്ന് ആശുപത്രിയിലെത്തി മഹിജയെ സന്ദര്‍ശിച്ചത്. അതിന് ശേഷമായിരുന്നു തന്റെ നിലപാട് എംഎ ബേബി സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടത്. 

മരിച്ച മകന് നീതിതേടി പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പൊലീസ് നയം മനസ്സിലാക്കാത്തവര്‍ ചെയ്തതാണ്. ജനകീയ പ്രതിഷേധങ്ങളോട് ഇതല്ല നയമെന്ന് മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മനസ്സിലാകാതെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നായിരുന്നു ബേബി പറഞ്ഞത്.

പൊലീസ് സ്‌റ്റേഷനുകളിലേക്ക് മാര്‍ച്ചും സ്‌റ്റേഷനു മുന്നില്‍ സത്യഗ്രഹവും കേരളത്തില്‍ സാധാരണമാണ്. പൊലീസ് സ്‌റ്റേഷനു മുന്നില്‍ സമരമാകാമെങ്കില്‍ പൊലീസ് ആസ്ഥാനത്ത് സമരമാകാനാവില്ല എന്ന വാദത്തിന് ഒരു ന്യായവുമില്ല. പൊലീസ് നടപടിയിലെ അപാകതയ്‌ക്കെതിരെയാണ് മഹിജയ്ക്ക് സമരം ചെയ്യാനുള്ളതും. മറ്റു സമരങ്ങളോടെടുക്കുന്ന സമീപനമേ ഈ സമരത്തിലും പൊലീസ് എടുക്കാന്‍ പാടില്ലായിരുന്നു. പൊലീസ് ആസ്ഥാനം സമരത്താല്‍ അശുദ്ധമാകാന്‍ പാടില്ലാത്ത ഒരു സ്ഥലം എന്ന വാദത്തിന് ഒരു പ്രസക്തിയുമില്ലെന്നുമായിരുന്നു ബേബിയുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com