വര്‍ഗീസിനെപറ്റി എകെജി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞത് ഇതെല്ലാം; തിരുത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുമോ

വര്‍ഗീസിനെ പിടികൂടിയ ശേഷമാണ് പൊലീസ് വെടിവെച്ച് കൊന്നത് - സംഭവസ്ഥലത്തുനിന്ന്  ശേഖരിക്കപ്പെട്ട തെളിവുകള്‍ വര്‍ഗീസ് കൊല്ലപ്പെട്ടതെന്ന റിപ്പോര്‍ട്ട് കെട്ടുകഥയാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും എകെജി 
വര്‍ഗീസിനെപറ്റി എകെജി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞത് ഇതെല്ലാം; തിരുത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുമോ

കൊച്ചി: നക്‌സല്‍ നേതാവ് വര്‍ഗീസ് ഏറ്റുമുട്ടലില്‍  കൊലചെയ്യപ്പെട്ടതാണെന്ന്‌ആഭ്യന്തരവകുപ്പ്‌
ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുമോ? സത്യവാങ്മൂലത്തിനെതിരെ എംഎ ബേബിയടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയെങ്കിലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.  

വര്‍ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട് ഏകെജി പ്രധാനമന്ത്രിക്കെഴുതിയ കത്ത് 1970 മാര്‍ച്ച് 8ന് ദേശാഭിമാനി പ്രസിദ്ധികരിച്ചിരുന്നു. കത്തിന്റെ പൂര്‍ണരൂപം ചുവടെ:

വര്‍ഗീസ് വധത്തെ പറ്റി അന്വേഷണം നടത്തണം

തിരുനെല്ലിയില്‍ വെച്ച് വര്‍ഗീസിനെ പിടികൂടിയ ശേഷമാണ് പൊലീസ് വെടിവെച്ച് കൊന്നതെന്നും ഈ സംഭവത്തെ പറ്റി പരസ്യാന്വേഷണം നടത്തണമെന്നും സ: എകെജി പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു. 


സംഭവസ്ഥലത്തുനിന്ന്  ശേഖരിക്കപ്പെട്ട തെളിവുകള്‍ വര്‍ഗീസ് കൊല്ലപ്പെട്ടതെന്ന റിപ്പോര്‍ട്ട് കെട്ടുകഥയാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് സ: എകെജി വിവരിച്ചിട്ടുണ്ട്.

വര്‍ഗീസിന് നേരെ നടന്ന മര്‍ദ്ദന നടപടികളെ കുറിച്ച് സ: എകെജി തന്റെ കത്തില്‍ വിവരിച്ചിട്ടുണ്ട്. ഈ വസ്തുതകള്‍ ശരിയാണെന്ന് കേരളത്തിലെ ഭരണകക്ഷികളിലൊന്നായ വലതുപാര്‍ട്ടിയുടെ മണ്ഡലം കമ്മറ്റി സമ്മതിച്ചിട്ടുണ്ടെന്ന്  സ: എകെജി ചൂണ്ടിക്കാട്ടി. 

കേരളത്തിലെ പൊലീസ് രാജ് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി തന്റെ സ്വാധീനശക്തി ഉപയോഗിക്കുമെന്ന്‌ സ: എകെജിയുടെ കത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

നക്‌സലൈറ്റുകളുടെ പ്രവര്‍ത്തനം വിപ്ലവ പ്രസ്ഥാനത്തെ സഹായിക്കുകയില്ലെന്നും അവര്‍ പിന്തിരിപ്പന്‍മാരുടെ  കൈകളില്‍ കളിക്കുകയാണെന്നുമുള്ള പാര്‍ട്ടിയുടെ നിലപാട് സ: എകെജി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ വര്‍ഗീസിന്റെ  കാര്യത്തില്‍ സംഭവിച്ചത് കാടന്‍ നിയമം നിലവിലുള്ള രാജ്യത്ത് മാത്രമെ നടക്കുകയുള്ളുവെന്ന് സ: എകെജി ചൂണ്ടിക്കാട്ടി. ഒരു യുദ്ധതടവുകാരനെപോലും വെടിവെക്കുന്നത് നിലവിലുള്ള നിയമമനുസരിച്ച് കുറ്റമല്ലേ എന്ന് സ: എകെജി ചോദിച്ചു. ഗാന്ധിജിയുടെ കൊലയാളിയെ പോലും കോടതിയില്‍ ഹാജരാക്കി വിസ്തരിക്കുകയുണ്ടായി. ഒരു പരിഷ്‌കൃത സമൂദായത്തില്‍ പാലിക്കപ്പെടുന്ന സാമാന്യമര്യാദ മാത്രമാണിതെന്ന്  സ: എകെജി പറഞ്ഞു

ദേശാഭിമാനി 1970 മാര്‍ച്ച് 8

യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ സത്യവാങ്മൂലം അതേപടി സമര്‍പ്പിച്ചതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ഇക്കാര്യത്തില്‍ അഭിഭാഷകന് വീഴ്ച പറ്റിയെങ്കിലും ഇത് അഭിഭാഷകന്റെ വീഴ്ചയല്ലെന്നായിരുന്നു ബേബി പറഞ്ഞത്. 

വര്‍ഗീസ് കൊള്ളക്കാരാനാണെന്നായിരുന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലം. 2016 ജൂണിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. വര്‍ഗീസ് വെടിവെച്ച് കൊന്നതല്ലെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നും സത്യവാങ്മൂലത്തിലുണ്ട്. 1970 ഫെബ്രുവരി 18നാണ് വര്‍ഗീസിനെ തിരുനെല്ലി കാട്ടില്‍വെച്ച് പൊലീസ് വെടിവെച്ചു കൊല്ലുന്നത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലിന് ശേഷമാണ് കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായത്. എന്നാല്‍ വര്‍ഗീസ് ഏറ്റുമുട്ടലില്‍ തന്നെയാണ് കൊല്ലപ്പെട്ടതെന്നും അക്കാലത്ത് വര്‍ഗീസ് കൊലപാതകങ്ങളും കളവുകളും നടത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അതസമയംനക്‌സലൈറ്റ് നേതാവ് വര്‍ഗീസ് വധിക്കപ്പെട്ട കേസില്‍ പ്രതിയായ മുന്‍ ഐ.ജി. കെ. ലക്ഷ്മണക്ക് കേസ് നടത്താന്‍ ചെലവായ തുക അനുവദിക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. കേസ് നടത്താന്‍ തനിക്ക് 33 ലക്ഷം രൂപ  ചെലവായെന്നും അതു അനുവദിക്കണമെന്നും കാണിച്ച്  ലക്ഷ്മണ 2015 ല്‍ യു.ഡി.എഫ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.  അതില്‍ 11.65 ലക്ഷം രൂപ അനുവദിക്കാന്‍ 2015 മാര്‍ച്ചില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചെങ്കിലും സത്യവാങ്മൂലത്തില്‍ മന്ത്രിസഭാ യോഗം തീരുമാനമൊന്നുമെടുത്തില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com