വെള്ളച്ചുരിദാറിടാന്‍ കൊട്ടിയംകാര്‍ ഭയക്കും; വെള്ളച്ചുരിദാറിട്ട സ്ത്രീയെ ആളുമാറി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച് പോലീസ് 

''വെള്ളച്ചുരിദാറിട്ട ഒരു സ്ത്രീ മാലമോഷണം നടത്താറുണ്ട്, അവരാണെന്നു കരുതിയാണ് പിടിച്ചത്. സോറി ആളുമാറിപ്പോയി''
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

കൊല്ലം: കൊട്ടിയം മുഖത്തല സെന്റ് ജൂഡ് സ്‌കൂളിനുമുമ്പില്‍ മകനെ സ്‌കൂളില്‍ ചേര്‍ക്കാനെത്തിയ മുംതാസ് വെള്ളച്ചുരിദാറുമിട്ട് മകനോടൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്നു. അപ്പോഴാണ് ശരവേഗത്തില്‍ ഒരു കാര്‍ എത്തുന്നത്. അതില്‍നിന്നും മൂന്നാലഞ്ചുപേര്‍ ചാടിയിറങ്ങി മുംതാസിനെ പിടിച്ച് കാറിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നു. പരിഭ്രാന്തരായ മുംതാസും മകനും അലറിവിളിച്ചപ്പോള്‍ നാട്ടുകാരെത്തിയതോടെ വാഹനത്തിലെത്തിയവര്‍ തങ്ങള്‍ പോലീസാണെന്ന് വെളിപ്പെടുത്തുന്നു.
''വെള്ളച്ചുരിദാറിട്ട ഒരു സ്ത്രീ മാലമോഷണം നടത്താറുണ്ട്, അവരാണെന്നു കരുതിയാണ് പിടിച്ചത്. സോറി ആളുമാറിപ്പോയി'' പോലീസാണെന്ന് പറഞ്ഞ ആളുകള്‍ പറഞ്ഞു. ഇതിനിടയില്‍ മുംതാസ് കുഴഞ്ഞുവീഴുകയും ചെയ്തു. അതോടെ ആളുകളുടെ ശ്രദ്ധ മുംതാസിലേക്കായി. ഈ സമയത്താണ് പോലീസ് സംഘം തടിതപ്പിയത്.
സംഭവമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ആശാചന്ദ്രന്‍, അംഗങ്ങളായ ജലജകുമാരി, സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തില്‍ കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി. ഇവരോട് കിളികൊല്ലൂര്‍ എസ്.ഐ. പ്രശാന്ത് മോശമായാണ് പെരുമാറിയതെന്ന് ആരോപണമുണ്ട്.
വെള്ളച്ചുരിദാറാണ് പ്രശ്‌നമെന്നാണ് കിളികൊല്ലൂര്‍ എസ്.ഐ. പ്രശാന്തിന്റെയും വിശദീകരണം. കരിക്കോട്ട് നടന്ന ഒരു മാലമോഷണക്കേസില്‍ വെള്ളച്ചുരിദാറിട്ട സ്ത്രീയുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. അതേ നിറത്തിലുള്ള വസ്ത്രം ധരിച്ച മുംതാസിനെ കണ്ടപ്പോള്‍ പോലീസ് അവരോട് വിവരങ്ങള്‍ ചോദിക്കുകയും മറുപടി പറയാതായപ്പോള്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു. ആളുകള്‍ ബഹളം വച്ചപ്പോള്‍ മകന്‍ വിവരങ്ങള്‍ നല്‍കിയതോടെ അവരെ വിട്ടയയ്ക്കുകയായിരുന്നുവെന്നും എസ്.ഐ. പ്രശാന്ത് വിശദീകരിച്ചു.
എന്തായാലും പഞ്ചായത്തില്‍ ആരും ഇനി വെള്ളച്ചുരിദാര്‍ ധരിക്കരുതെന്ന് പ്രമേയം പാസ്സാക്കേണ്ടിവരുമോ എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പോലീസിനെ കളിയാക്കി ചോദിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com