ഞങ്ങള്‍ സ്വാതന്ത്ര്യത്തോടെ നടക്കും.. രാത്രി ഒറ്റയ്ക്കിറങ്ങി കറങ്ങും...

ഏമാന്മാരെ ഏമാന്മാരെ' പാട്ടിന് ഒരു ഫീമെയില്‍  ട്രാന്‍സ്‌ജെന്റര്‍ വെര്‍ഷന്‍ 
ഞങ്ങള്‍ സ്വാതന്ത്ര്യത്തോടെ നടക്കും.. രാത്രി ഒറ്റയ്ക്കിറങ്ങി കറങ്ങും...

ഏമാന്‍മാരെ ഏമാന്‍മാരെ ഞങ്ങളുമുണ്ട് ഇവള്‍ടെ കൂടെ.. ഞങ്ങളുമുണ്ട് ഇവള്‍ടെ കൂടെ.. എന്ന വരികളില്‍ ഇന്നലെ ചുവടു വെച്ചത് ഇരുപതോളം പെണ്‍കുട്ടികള്‍. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫിസിനു മുന്നിലൂടെ നടന്നു പോയവരെല്ലാം ഒരു നിമിഷമെങ്കിലും ഇത് കേട്ടുനില്‍ക്കാന്‍ മടിച്ചില്ല. 

തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ കൂടിയിരിക്കാറുള്ള ചിലരുടെ മനസില്‍ തെളിഞ്ഞ ആശയമാണ് ഇങ്ങനൊരു ഗാനചിത്രീകരണത്തിലേക്ക് വഴിതെളിച്ചത്. ഊരാളി ഗായകസംഘം പാടുകയും പിന്നീട് മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ പ്രശസ്തമാവുകയും ചെയ്ത 'ഏമാന്‍മാരെ ഏമാന്‍മാരെ' എന്ന ഗാനത്തിന്റെ സ്ത്രീപക്ഷ ബദല്‍ ആണ് ഇതെന്ന് സംഘാടകര്‍ പറഞ്ഞു.

ചലച്ചിത്രത്തില്‍ ഗാനത്തില്‍ സ്ത്രീകളുടെ ഭാഗം എവിടെയും അടയാളപ്പെടുത്തിയിരുന്നില്ല. മെക്‌സിക്കന്‍ അപാരതയിലെ ഗാനരചയിതാവ് രഞ്ജിത്ത് ചിറ്റാഡ് തന്നെയാണ് അതിന്റെ സ്ത്രീപക്ഷവും എഴുതിയിരിക്കുന്നത്. ഇത് സ്ത്രീകളുടെ മാത്രം പ്രാധിനിത്യത്തില്‍ ഉണ്ടായതല്ല, പുരുഷന്‍മാരും കൂട്ടാളികളായിട്ടുണ്ടെന്നും സംഘാടകളിലൊരാളായ ലെസ്‌ലി അഗസ്റ്റിന്‍ പറഞ്ഞു. 

യൂടൂബില്‍ അപ്‌ലോഡ് ചെയ്യാന്‍ പോകുന്ന ഗാനരംഗത്തിന്റെ വിഡിയോ ചിത്രീകരണമാണ് ഇന്നലെ കോര്‍പ്പറേഷന്‍ ഓഫിസിനു മുന്നില്‍ നടന്നത്. ഇനിയും രംഗങ്ങള്‍ ഉള്‍പ്പെടുത്തി എഡിറ്റിങ്ങിനു ശേഷമേ ഇത് യൂടൂബില്‍ അപ്‌ലോഡ് ചെയ്യുകയുള്ളു. തൃശ്ശൂര്‍ യൂത്ത് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ് എന്ന കൂട്ടായ്മയും ജനനയന ഗായകസംഘവും ഇതില്‍ പങ്കാളികളായിട്ടുണ്ട്. 

ചെണ്ടയും ഗിറ്റാറും മറ്റ് വാദ്യങ്ങളുമായി സ്ത്രീകള്‍ തന്നെയാണ് പിന്നണിയിലും ഉണ്ടായിരുന്നത്. പെണ്‍കുട്ടികളും ഭിന്നലിംഗക്കാരുമടക്കം ഇരുപതോളം പേര്‍ ഉറച്ച ചുവടുകളുമായി താളം ചവിട്ടി. ഭരണകൂട ഭീകരതയ്ക്കും സദാചാര പോലീസിങ്ങിനുമെതിരേയുള്ള പ്രഖ്യാപനമാണ് ഗാനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. 

ഗാനത്തിന്റെ പൂര്‍ണ്ണരൂപം..

ഞങ്ങള്‍ സ്വാതന്ത്ര്യത്തോടെ നടക്കും, രാത്രി
ഒറ്റക്കിറങ്ങി കറങ്ങും
ഞങ്ങള്‍ സ്വാതന്ത്ര്യത്തോടെ നടക്കും, രാത്രി
ഒറ്റക്കിറങ്ങി കറങ്ങും
ഞങ്ങള്‍ മുടിയും വെട്ടി നടക്കും, ഞങ്ങള്‍
ലഗ്ഗിന്‍സ് ധരിച്ച് നടക്കും .. ഞങ്ങള്‍
താലിയിടില്ല.. തട്ടമിടില്ല.
ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല
താലിയിടില്ല.. തട്ടമിടില്ല.
ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല
അത് ഞങ്ങടെയിഷ്ടം, ഞങ്ങടെയിഷ്ടം, ഞങ്ങളതുചെയ്യും
അത് ഞങ്ങടെയിഷ്ടം, ഞങ്ങടെയിഷ്ടം, ഞങ്ങളതുചെയ്യും

തുണിയൊന്നു മാറുമ്പോള്‍ തുറിച്ചുവരുന്നൊരു പൗരുഷകണ്ണുകളെ നിങ്ങടെ
കാലങ്ങളായുള്ള മെക്കിട്ട് കേറ്റവും ഇനിയങ്ങ് നിര്‍ത്തിക്കോട്ടാ ഞങ്ങള്‍
പണ്ടത്തെ കാലത്തെ കെട്ടിയൊരുക്കിയ പെണ്ണുങ്ങളല്ല മോനേ
കോണ്‍ഡ്രസീനാണേലും കട്ടക്കു നിക്കണ കട്ടക്കലിപ്പാ മോനേ..
നിങ്ങടെയൊക്കെയീ കണ്ടാലറക്കണ രക്ഷകഭാവമില്ലേ.. അത്
ഞങ്ങടെ മേലുള്ള ഞങ്ങടെ സ്വാതന്ത്ര്യം തല്ലിക്കെടുത്താനല്ല..
ഇത് ഞങ്ങടെ ദേഹം ഞങ്ങടെ സ്വത്വം ഞങ്ങടെ സ്വാതന്ത്ര്യമാ..
അത് എങ്ങനെയെങ്ങനെയെങ്ങനെ വേണം എന്ന് ഞങ്ങള്‍ക്കറിയാം..
അത് എങ്ങനെയെങ്ങനെയെങ്ങനെ വേണം എന്ന് ഞങ്ങള്‍ക്കറിയാം..

ഞങ്ങള്‍ കെട്ടിപ്പിടിക്കും ഉമ്മകള്‍ വെക്കും
ആര്‍ത്തവദിനങ്ങളാഘോഷിക്കും
കെട്ടിപ്പിടിക്കും ഉമ്മകള്‍ വെക്കും
ചോദിക്കാന്‍ വന്നാല്‍ കരണത്തടിക്കും
അത് ഞങ്ങടെയിഷ്ടം, ഞങ്ങടെയിഷ്ടം, ഞങ്ങളതുചെയ്യും
അത് ഞങ്ങടെയിഷ്ടം, ഞങ്ങടെയിഷ്ടം, ഞങ്ങളതുചെയ്യും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com