ജിഷ്ണുവിന്റെ അമ്മയെ പൊലീസുകാര്‍ കൈനീട്ടി എഴുന്നേല്‍പ്പിക്കുകയായിരുന്നു; പൊലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ പരസ്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2017 08:00 AM |
Last Updated: 08th April 2017 01:01 PM | A+A A- |

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും ബന്ധുക്കള്‍ക്കും നേരെയുണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച് പിആര്‍ഡി പത്ര പരസ്യം. ജിഷ്ണു കേസ് പ്രചാരണമെന്ത്,സത്യമെന്ത് എന്ന തലക്കട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. ജിഷ്ണു കേസില്‍ സത്യങ്ങളൊക്കെ തമസ്‌കരിക്കുന്ന പ്രചരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു വിട്ടുവീഴ്ചയുമില്ലാതെ കൃത്യമായി നടപടികള്‍ എടുത്തു നീങ്ങുകയാണ് സര്‍ക്കാര്‍ എന്നതാണ് സത്യമെന്ന് സര്‍ക്കാര്‍ പരസ്യത്തില്‍ പറയുന്നു. ജിഷ്ണുവിന്റെ അമ്മയെ പൊലീസ് നിലത്തിട്ട് വലിച്ചിഴച്ചു എന്ന തെറ്റിദ്ധാരാണജനകമായ പ്രചരണമാണ് ഒരുസംഘം അഴിച്ചുവിടുന്നത്. എന്നാല്‍ ഇങ്ങനെയൊന്നും നടന്നിട്ടില്ല. നടന്നതായുള്ള ഒരു ദൃശ്യവും ഒരു മാധ്യമവും പ്രസിദ്ധീകരിച്ചിട്ടില്ല. നിലത്തിരിക്കുന്ന ജിഷ്ണുവിന്റെ അമ്മയെ പൊലീസുകാര്‍ കൈനീട്ടി എഴുന്നേല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് മിക്ക ചാനലുകളും കാണിക്കുന്നത്. റേഞ്ച് ഐജി നടത്തിയ അന്വേഷണത്തിലും പൊലീസ് അതിക്രമത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ പരസ്യത്തില്‍ പറുന്നു. ജിഷ്ണുവിന്റെ അമ്മയും ചില ബന്ധുക്കളും ഉള്‍പ്പെടെ ആറുപേര്‍ വടകരയില്‍ നിന്നും ഡിജിപിയെ കാണുവാന്‍ എത്തിയിരുന്നു. ഇവര്‍ക്ക് ഡിജിപി കാണുവാനുള്ള അനുമതി നല്‍കിയിരുന്നു. മാത്രവുമല്ല, അവരെ കാണുവാന്‍ ഡിജിപി ഓഫീസില്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഡിജിപിയെ കാണുവാന്‍ അനുമതിയില്ലാത്ത,ജിഷ്ണുവുമായി ബന്ധമില്ലാത്ത ഒരു വലിയ സംഘത്തേയും ഇവരോടൊപ്പം ഡിജിപി ഓഫീസിനുള്ളിലേക്ക് പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ അത് സുരക്ഷാ കാരണങ്ങളാല്‍ നിഷേധിച്ചു. ഇവരോടൊപ്പം പുറത്തുനിന്നുള്ള ഒരു സംഘം നുഴഞ്ഞുകയറുകയും പൊലീസ് ആസ്ഥാനത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ജിഷ്ണുവിന്റെ കുടുംബത്തിന്റെ വേദന മനസ്സിലാക്കിയുള്ള നടപടികളാണ് സര്‍ക്കാര്‍ എടുക്കുന്നത്. അതിന്റെ ഭാഗമായാണ് കുടുംബത്തിന് ധനസഹായം നല്‍കാനുള്ള നടപടികള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിച്ചത്. മകന്‍ നഷ്ടപ്പെട്ടതുമൂലം കണ്ണീരിലായ കുടുംബത്തിന്റെ വേദന മുതലെടുത്ത് സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാനുള്ള ബോധപൂര്‍വമായ നീക്കമാണ് ചിലര്‍ നടത്തുന്നത്. ഡിജിപി ഓഫീസിന്റെ മുമ്പിലുണ്ടായ സംഭവങ്ങളും അതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസമരങ്ങളും സര്‍ക്കാരിനെതിരായ ഗൂഢനീക്കത്തിന്റെ പ്രതിഫലനമാണ്. ജിഷ്ണുവിന്റെ കേസ് നിഷ്പക്ഷമായും കാര്യക്ഷമമായും കൈകാര്യം ചംയ്യും.
ഇങ്ങനെ 14 വിശദീകരണങ്ങളാണ് കേസുമായി ബന്ധപ്പെട്ടും പൊലീസ് നടപടിയുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണ,ഗൂഢാലോചന,തെളിവു നശിപ്പിക്കല്‍,വ്യാജരേഖയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് അവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത് പരസ്യം പറയുന്നു.
കഴിഞ്ഞ അഞ്ചാം തീയതിയാണ് സര്‍ക്കാറിന് ഏറെ പഴികേള്‍ക്കേണ്ടി വന്ന സംഭവം ഉണ്ടായത്.ജിഷ്ണുവിന്റെ മരണത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിനെത്തി. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ട് എന്നാണ് പൊലീസ് പക്ഷം.