സമരം ഒത്തുതീര്‍പ്പിലേക്ക്: സമവായത്തിന് സി.പി.ഐ; നല്ല കാര്യമെന്ന് ജിഷ്ണുവിന്റെ കുടുംബം. സി.പി.ഐ. നീക്കം സ്വാഗതാര്‍ഹമെന്ന് സി.പി.എം.
By സമകാലിക മലയാളം ഡസ്‌ക് | Published: 09th April 2017 02:25 PM |
Last Updated: 09th April 2017 02:31 PM | A+A A- |

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ആശുപത്രിയിലും നിരാഹാരം തുടരുന്നത് സംബന്ധിച്ച് ഏതൊരാള്‍ക്കും പ്രശ്‌നത്തിലിടപെട്ട് പരിഹാരം കണ്ടെത്താവുന്നതാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിനിടെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മഹിജയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം കോടിയേരി ബാലകൃഷ്ണനുമായും ചര്‍ച്ച നടത്തിയിരുന്നു.
സി.പി.ഐ. പ്രശ്‌നപരിഹാരത്തിനായി ഇടപെടുകയാണെങ്കില്‍ തങ്ങള്‍ക്ക് ഒരു പരാതിയുമില്ല. കാനം ആശുപത്രിയിലെത്തി മഹിജയെ കണ്ടതിനുശേഷം തന്നെയും വന്നു കണ്ടിരുന്നു. ചര്‍ച്ച ചെയ്യുന്നതില്‍ തങ്ങള്‍ക്കൊരു പ്രശ്‌നവുമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മഹിജയുടെ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സി.പി.ഐയുടെ നേതൃത്വത്തില്‍ കാനം രാജേന്ദ്രനാണ് മുന്നിട്ടിറങ്ങിയിരുന്നത്. പോലീസിന്റെ നടപടി അതിക്രമം തന്നെയാണെന്ന് കാനം അപ്പോഴും ആവര്‍ത്തിച്ചിരുന്നു. കാനത്തിന്റെ ഇടപെടല്‍ ആശ്വാസം നല്‍കുന്നതെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത് പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബം നാലുമണിക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വൈകാനാണ് സാധ്യതയെന്നാണ് വിവരം.