ജിഷ്ണുവിന്റെ ബന്ധുക്കളുടെ നിരാഹാരസമരം അവസാനിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th April 2017 06:21 PM |
Last Updated: 09th April 2017 08:23 PM | A+A A- |

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം 5 ദിവസമായി തുടര്‍ന്നു വരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. സമരം നടത്തിയിരുന്ന മഹിജയും സഹോദരനുമായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനു, സ്‌റ്റേറ്റ് അറ്റോര്‍ണി എകെ സോഹന്‍ തുടങ്ങിയവര്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. മുഖ്യമന്ത്രി മഹിജയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. സമരത്തില്‍ പൊലീസ് ആസ്ഥാനത്ത് നടന്ന അതിക്രമത്തില്‍ പൊലീസുകാര്‍ കുറ്റക്കാരാണെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാകുമെന്ന് പിണറായി ഉറപ്പ് നല്‍കി. സമരം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായി മെഡിക്കല്‍ സൂപ്രണ്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും ശ്രീജിത്തുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, എം വി ജയരാജന്‍ നടത്തിയ സത്വരനടപടികളാണ് സമരം ഒത്തുതീര്‍പ്പിനിടയായത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ സമരം നീട്ടിക്കൊണ്ടുപോകുന്നതില്‍ ഘടകകക്ഷികളില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നു.
കേസില്‍ മൂന്നാം പ്രതി ശ്ക്തിവേലിനെ പിടികൂടാനായതും സര്‍ക്കാരിന് നേട്ടമായി. വൈകീട്ടോടെയാണ് കേസിലെ 3ആം പ്രതി ശക്തിവേല്‍ കോയമ്പത്തൂരിലെ കിനാവൂരില്‍ നിന്നുമാണ് പിടിയിലായത്. മറ്റു രണ്ടുപ്രതികളും പിടിയിലായതയാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പിടിയിലായ ശക്തിവേലിനെ തൃശുര്‍ ഐജി ഓഫീസിലെത്തിച്ചു. ഇന്ന് തന്നെ വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ രണ്ടുമാസമായി നടത്തിയ നിരന്തരമായ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസത്തിനകമാണ് കൃത്യമായ വിവരം പ്രതിയെ പറ്റി പൊലീസിന് ലഭിച്ചതെന്നുമാണ് പൊലിസ് നല്‍കുന്ന വിവരം. കേസില്‍ നിര്‍ണായകമായ വഴിത്തിരിവാകും പ്രതിയുടെ അറസ്റ്റെന്നാണ് സൂചന.
ഇന്ന് ഉച്ചയോടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രീജിത്തുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പതിനഞ്ച് മിനിറ്റ് നേരം ഇരുവരുടെയും സംസാരം നീണ്ടു. യെച്ചൂരിയുമായുള്ള സംഭാഷണത്തിന്റെ ഉള്ളടക്കം പുറത്തുപറയാന്‍ കുടുംബം തയ്യാറായിട്ടില്ല.
സമവായ ചര്‍ച്ചയില്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ജിഷ്ണുവിന്റെ കുടുംബം മുന്നോട്ട് വെച്ചത്. അന്വേഷണസംഘത്തില്‍ പരിചയ സമ്പന്നനായ ഒരു ഡിവൈഎസ്പിയെ ഉള്‍പ്പെടുത്തണമെന്നതാണ് അതിലൊന്ന്. കൂടാതെ ഡിജിപിയെ കാണാനുള്ള തീരുമാനത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നെന്നാണ് ഐജിയും സര്‍ക്കാരിന്റെ പത്രപരസ്യവും വ്യക്തമാക്കിയത്. എന്നാല്‍ കുടുംബത്തിന് ഗൂഢാലോചനയില്‍ പങ്കില്ലെന്നും അറസ്റ്റിലായവര്‍ക്ക് പങ്കുണ്ടെന്ന നിലപാടിലുമാണ് സര്‍ക്കാര്‍. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അതേസമയം ഡിജിപി ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷം നിക്ഷ്പക്ഷനായ അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.