ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ നടപടി; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്, ഗൂഢാലോചന നടന്നു

ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ നടപടി; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്, ഗൂഢാലോചന നടന്നു

ഡിജിപി ഓഫീസിന് മുന്നില്‍ ജിഷ്ണുവിന്റെ കുടുംബത്തിന് മര്‍ദ്ദനമേറ്റിട്ടില്ലെന്നും, പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി ഐജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഡിജിപി ഓഫീസിന് മുന്നില്‍ ജിഷ്ണുവിന്റെ കുടുംബത്തിന് മര്‍ദ്ദനമേറ്റിട്ടില്ലെന്നും, പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി ഐജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട്. മഹിജയ്ക്കും ശ്രീജിത്തിനും പൊലീസ് മര്‍ദ്ദനമേറ്റിട്ടില്ല എന്നതിന് പുറമെ ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന ചിലര്‍ ഡിജിപിയുടെ മുറിക്ക് മുന്നില്‍ സമരം നടത്താന്‍ ഗൂഡാലോചന നടത്തിയിരുന്നതായും മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. 

പൊലീസ് നടപടിയില്‍ മഹിജയ്‌ക്കോ, സഹോദരനോ പരിക്കേറ്റിട്ടില്ലെന്ന പേരൂര്‍ക്കട ആശുപത്രിയിലെ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഐജിയുടെ റിപ്പോര്‍ട്ടിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട് ഡിജിപി ബെഹ്‌റയ്ക്ക് ഇന്ന് കൈമാറും. എസ് യുസിഐ പ്രവര്‍ത്തകരാണ് ഡിജിപിയുടെ മുറിക്ക് മുന്നില്‍ സമരം നടത്താന്‍ ഗൂഢാലോചന നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ് യുസിഐ പ്രവര്‍ത്തകരായ ഷാജര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, കെ.എം.ഷാജഹാന്‍, തോക്കു സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവരാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. 

ജിഷ്ണുവിന്റെ കുടുംബത്തെ ഷാജര്‍ഖാന്‍ നേരത്തെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ടൂറിസ്റ്റ് ഹോമില്‍ താമസം ഒരുക്കിയത് ഷാജിര്‍ഖാനാണെന്നും ഇയാളും ഇവിടെയാണ് താമസിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാജിര്‍ഖാന്‍ താമസിച്ചിരുന്ന മുറി പരിശോധിച്ചപ്പോള്‍ പൊലീസിനെതിരെ പോരാടാന്‍ മുഖപ്രസംഗമുള്ള സംഘടനയുടെ മുഖപത്രം പൊലീസിന് കിട്ടിയതായും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ഗൂഢാലോചനയില്‍ കെ.എം.ഷാജഹാന്റേയും, തോക്കു സ്വാമിയുടേയും പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസിന്റെ പക്കലില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com