അവേശം അണപ്പൊട്ടി കൊട്ടിക്കലാശം; ബുധനാഴ്ച വോട്ടെടുപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th April 2017 07:15 PM |
Last Updated: 10th April 2017 07:15 PM | A+A A- |

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. ആവേശം കത്തിക്കയറിയ കൊട്ടിക്കലാശത്തില്‍ ദേശീയ പാത നിശ്ചലമായി. ഇനി നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകള്‍ മാത്രം. പതിമൂന്നിനാണ് വോട്ടെടുപ്പ്.
മൂന്നാഴ്ചയോളമായി മലപ്പുറം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലായിരുന്നു. മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിലായാണ് കൊട്ടിക്കലാശം അരങ്ങേറിയത്.
മലപ്പുറം യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണെങ്കിലും ഇത്തവണ ഇടതുമുന്നണി അട്ടിമറിയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ മലപ്പുറത്ത് ഉറച്ച സാന്നിധ്യമാവുകയാണ് ബിജെപിയുടെ ലക്ഷ്യം.
നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ഇടതുമുന്‍തൂക്കവും പുതിയ വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയുമാണ് ഇടതുപ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്നത്. മണ്ഡലത്തില്‍ സുപരിചിതനായ എംബി ഫൈസലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണത്തെ 1,94,975 ഭൂരിപക്ഷത്തില്‍ വര്‍ധനവല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍. കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ത്ഥിയായി എത്തിയതും ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പാണെന്നതും ലീഗിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. കുമ്മനം രാജശേഖരന്‍ തന്നെ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തുള്ള പ്രവര്‍ത്തനം ശ്രീ പ്രകാശിന്റെ വേട്ട് മുന്‍വര്‍ഷത്തെക്കാള്‍ വര്‍ധിക്കുമെന്ന് ബിജെപിയും വിലയിരുത്തുന്നു.
ഏകെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങി യുഡിഎഫിന്റെ പ്രമുഖ നേതാക്കന്‍മാര്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ പ്രചാരണത്തിനായി എത്തിയിരുന്നു. വലിയ ജനപങ്കാളിത്തമായിരുന്നു ഓരോ പൊതുയോഗങ്ങളിലും.
മുഖ്യമന്ത്രി പിണറായി വിജയന്‍,വിഎസ് അച്യതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ചലചിത്രതാരം മുകേഷ് തുടങ്ങി വന്‍ നിരതന്നെയായിരുന്നു ഫൈസിലിന്റെ പ്രചാരണത്തിനായി എത്തിയത്. ബിജെപിയുടെ പ്രചാരണവും മറ്റുപാര്‍ട്ടികളെ അപേക്ഷിച്ച് ഒട്ടും കുറവായിരുന്നില്ല