കെഎം ഷാജഹാനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ പൊലീസിന് അനുമതി, മറ്റു നാലു പേര്‍ നാലു മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍
Published: 10th April 2017 04:29 PM |
Last Updated: 10th April 2017 05:15 PM | A+A A- |

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിനു മുന്നിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവ്. എസ്‌യുസിഐ നേതാവ് ഷാജിര്‍ ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, തോക്കു സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവരെയാണ് നാലു മണിക്കൂര്‍ നേരത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വിഎസ് അച്യുതാനന്ദന്റെ മുന്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി കെഎം ഷാജഹാനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ പൊലീസിന് അനുമതി നല്‍കി.
ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ചു പേരുടെയും ജാമ്യാപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. തിങ്കളാഴ്ച വൈകിട്ട് നാലു മണി മുതല്‍ എട്ടു മണിവരെയാണ് നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായിരിക്കുന്നത്. ഷാജഹാനെ ഒരു മണിക്കൂര്‍ ജയിലില്‍ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.