ജിഷ്ണുക്കേസ്: ഒളിവിലുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുംവരെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി
By സമകാലിക മലയാളം ഡസ്‌ക് | Published: 10th April 2017 10:53 AM |
Last Updated: 10th April 2017 02:38 PM | A+A A- |

കൊച്ചി: ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട് ഒളിവില്‍ കഴിയുന്ന പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുംവരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ഇന്ന് ഉച്ചയ്ക്ക് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും.
ജിഷ്ണു പ്രണോയി ദുരൂഹമരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തപ്പെട്ട നാലാം പ്രതി പ്രവീണ്‍, അഞ്ചാം പ്രതി ദിപിന്‍ എന്നിവരെയാണ് പോലീസിന് ഇനി പിടികൂടാനുള്ളത്. പ്രവീണിനായി മുംബൈ അടക്കമുള്ള നഗരങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കെയാണ് ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം വന്നിരിക്കുന്നത്. പ്രതികളെ തല്‍ക്കാലത്തേക്ക് അറസ്റ്റുചെയ്യരുതെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
പ്രവീണിന്റെയും ദിപിന്റെയും അറസ്റ്റ് നിര്‍ണ്ണായകമായ സാഹചര്യത്തിലാണ് കോടതിയില്‍ നിന്നും ഇത്തരത്തിലൊരു നിര്‍ദ്ദേശം വന്നിരിക്കുന്നത്.
ഇതിനിടെ ശക്തിവേലിനെ അറസ്റ്റു ചെയ്ത പോലീസിന്റെ നടപടിയ്‌ക്കെതിരെ ശക്തിവേലിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കാനിരിക്കെ പോലീസ് ഇന്നലെ എന്‍.കെ. ശക്തിവേലിനെ അറസ്റ്റു ചെയ്തത് കോടതിയലക്ഷ്യമാണെന്ന് കാണിച്ചാണ് ശക്തിവേലിന്റെ ഭാര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്നാല്‍ ശക്തിവേലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ അറസ്റ്റ് ബാധിക്കില്ലെന്നതായിരുന്നു കോടതിയുടെ നിലപാട്.