മലപ്പുറം കലക്ട്രേറ്റ് സ്‌ഫോടനം: രണ്ടുപേര്‍കൂടി അറസ്റ്റില്‍
By സമകാലിക മലയാളം ഡസ്‌ക് | Published: 10th April 2017 10:16 AM |
Last Updated: 10th April 2017 06:10 PM | A+A A- |
ഫയല്‍ ചിത്രം
മലപ്പുറം: മലപ്പുറം കളക്ട്രേറ്റിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരായ എന്‍. അബൂബക്കര്‍, എ. അബ്ദുള്‍ റഹ്മാന്‍ എന്നിവരെ അറസ്റ്റു ചെയ്തു. ഇന്ന് ഇവരെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. മധുരയില്‍ നിന്നുമാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.
ബേസ് മൂവ്‌മെന്റിന്റെ തലവനാണ് ഇന്നലെ അറസ്റ്റിലായ എന്‍. അബൂബക്കര്‍ എന്ന് പോലീസ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തിയതില്‍ ബേസ് മൂവ്‌മെന്റിന് പങ്കുണ്ടെന്നും പോലീസ്. കൊല്ലം, ചിറ്റൂര്‍, മൈസൂര്‍, നെല്ലൂര്‍ എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്നായിരുന്നു പോലീസ് നിഗമനം.
അല്‍ ഉലമ ഇമാം അലി കൊല്ലപ്പെട്ടശേഷം അതിന് പ്രതികാരം ചെയ്യുന്നതിനായി എന്‍. അബൂബക്കറിന്റെ നേതൃത്വത്തില്‍ അല്‍ മുത്തഖീന്‍ ഫോറം എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ച് മധുര, തേനി ഭാഗങ്ങളിലായി നിരവധി സ്‌ഫോടനങ്ങള്‍ നടത്തുകയുണ്ടായി. എന്നാല്‍ തമിഴ്‌നാട് പോലീസ് ഇവരെ അറസ്റ്റു ചെയ്തിരുന്നില്ല. മലപ്പുറം സ്‌ഫോടനവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ അബ്ബാസ് അലിയുമായി ചേര്‍ന്ന് 2014നുശേഷം ഇവര്‍ പുതിയ സംഘടന രൂപീകരിച്ച് കേരളത്തില്‍ സ്‌ഫോടനങ്ങള്‍ നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.