മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് അകലുന്നത് ശരിയല്ല; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് എം. മുകുന്ദന്‍
By സമകാലിക മലയാളം ഡസ്‌ക് | Published: 10th April 2017 12:40 PM |
Last Updated: 10th April 2017 05:46 PM | A+A A- |
കോഴിക്കോട്: ജിഷ്ണുക്കേസിലെയും അമ്മ മഹിജയെ പോലീസ് നേരിട്ടതിലെയും പിഴവുകള്‍ ചൂണ്ടിക്കാട്ടി സാഹിത്യകാരന്‍ എം. മുകുന്ദന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോയിരുന്നുവെങ്കില്‍ ഇത്രയും വലിയ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുമായിരുന്നില്ല. മുഖ്യമന്ത്രി ജനങ്ങളില്‍നിന്ന് അകലുന്നത് ശരിയല്ല. അധികാരത്തില്‍ വരുമ്പോള്‍ നിലപാട് മാറ്റുന്നതും ഒരു രാഷ്ട്രീയനേതാവിനും ഭൂഷണമല്ലെന്നും മുഖ്യമന്ത്രിയെ ഇടത് സഹയാത്രികന്‍ കൂടിയായ സാഹിത്യകാരന്‍ എം. മുകുന്ദന്‍ വിമര്‍ശിച്ചു.
മഹിജയുടെ സമരവും തുടര്‍ന്നുണ്ടായ സംഭവങ്ങളിലും വിവാദങ്ങളിലും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മൗനം പാലിക്കുകയാണ് എന്ന ആരോപണത്തിനുള്ള മറുപടിയായാണ് മുകുന്ദന്‍ ഇന്ന് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കഴിഞ്ഞ സര്‍ക്കാര്‍ അടിക്കടി വിവാദങ്ങള്‍ നേരിടുകയായിരുന്നു. ഇതേ അവസ്ഥയിലേക്കാണ് ഈ സര്‍ക്കാരിന്റെയും പോക്ക്. ഇത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അവസ്ഥയിലേക്ക് പിണറായി വിജയനെയും കൊണ്ടുചെന്നെത്തിക്കും എന്നും മുകുന്ദന്‍ പറഞ്ഞു.