അസത്യങ്ങളെക്കാള്‍ അപകടകരമാണ് അര്‍ധസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് പിണറായി 

അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതോടൊപ്പം വിയോജിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സാമൂഹികമാധ്യമങ്ങള്‍ ഉറപ്പുവരുത്തുന്നു - വ്യക്തിയുടെ സ്വകാര്യതയും അവകാശങ്ങളും ഈ മാധ്യമം മാനിക്കണം, സംരക്ഷിക്കണം
അസത്യങ്ങളെക്കാള്‍ അപകടകരമാണ് അര്‍ധസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് പിണറായി 

തിരുവനന്തപുരം:  അഭിപ്രായസമന്വയത്തിനും നയരൂപീകരണത്തിനും ജനാഭിപ്രായം അറിയുന്ന തലത്തിലേക്കും സാമൂഹ്യമാധ്യമങ്ങളെ വിനിയോഗിക്കാന്‍ കഴിയണമെന്നും അത് ഭരണത്തിന് സുതാര്യതയും ഉത്തരവാദിത്വവും വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സാമൂഹ്യമാധ്യമങ്ങള്‍ കൂടുതല്‍ ആധികാരികതയും ഉത്തരവാദിത്വവും ഉറപ്പാക്കാനും ദുരുപയോഗങ്ങള്‍ തടയാനുമുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതോടൊപ്പം വിയോജിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സാമൂഹികമാധ്യമങ്ങള്‍ ഉറപ്പുവരുത്തുന്നു. 

ഉന്നതമായ ഈ ജനാധിപത്യ സ്വാതന്ത്ര്യത്തെ അപക്വമായി സമീപിക്കുന്നവരും ഉണ്ട്. മതദ്വേഷം വളര്‍ത്തുക, സ്ത്രീകളെയും കുട്ടികളെയും ചൂഷണത്തിനിരയാക്കുക എന്നിങ്ങനെ അനാരോഗ്യകരമായ പ്രവണതകള്‍ കാണുന്നുണ്ട്. ഇവ കുറ്റകരമാണെന്ന് തിരിച്ചറിയണം.  അസത്യങ്ങളെക്കാള്‍ അപകടകരമാണ് അര്‍ദ്ധസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ സംഭവിക്കുന്നത്.  വ്യക്തിയുടെ സ്വകാര്യതയും അവകാശങ്ങളും ഈ മാധ്യമം മാനിക്കണം, സംരക്ഷിക്കണം. സൈബര്‍ കുറ്റങ്ങളെ ഗൗരവകരമായി കാണുന്ന നിലവേണം. 

ക്രിയാത്മകമായി വാര്‍ത്തകളും അഭിപ്രായങ്ങളും പരസ്പര ബഹുമാനത്തോടെ  കൈമാറുകയും  സമൂഹത്തില്‍ പൊതുവായ ദിശാബോധമുണ്ടാക്കുകയുമാണ് യഥാര്‍ത്ഥ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. ഡിജിറ്റല്‍ രംഗത്ത് ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിയെ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് നമ്മള്‍. വലിയ സ്വാതന്ത്ര്യമാണ് നമ്മള്‍ ആവശ്യപ്പെടുന്നത്. ഈ സ്വാതന്ത്ര്യത്തെ  അപക്വമായി സമീപിക്കരുത്. സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റവും വലിയ സാമൂഹിക ജനാധിപത്യ ഇടമായി മാറിയിരിക്കുന്നതിനാല്‍ അതില്‍ ഇടപെടുന്നവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളുമുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com