ഒളിവില്‍ കഴിയാന്‍ സഹായിച്ചത് കൃഷ്ണദാസെന്ന് ശക്തിവേല്‍; പ്രവീണിനായി പൊലീസ് നാസിക്കില്‍ 

ഒളിവില്‍ കഴിയുന്നതിനിടെ ഒരുതവണ കൃഷ്ണദാസ് തന്നെ കാണാന്‍ എത്തിയതായും, നിയമസഹായങ്ങള്‍ ചെയ്ത് തന്നത് കൃഷ്ണദാസാണെന്നും ശക്തിവേല്‍
ഒളിവില്‍ കഴിയാന്‍ സഹായിച്ചത് കൃഷ്ണദാസെന്ന് ശക്തിവേല്‍; പ്രവീണിനായി പൊലീസ് നാസിക്കില്‍ 

തൃശൂര്‍: ഒളിവില്‍ കഴിയാന്‍ നെഹ്‌റു കോളെജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് തന്നെ സഹായിച്ചതായി ശക്തിവേലിന്റെ മൊഴി. പോലീസ് ചോദ്യം ചെയ്യലിലാണ് കൃഷ്ണദാസ് തന്നെ സഹായിച്ചതായി കേസിലെ മൂന്നാ പ്രതിയായ എന്‍.കെ.ശക്തിവേല്‍ പറഞ്ഞത്.

ഒളിവില്‍ കഴിയുന്നതിനിടെ ഒരുതവണ കൃഷ്ണദാസ് തന്നെ കാണാന്‍ എത്തിയിരുന്നതായും, നിയമസഹായങ്ങള്‍ ചെയ്ത് തന്നത് കൃഷ്ണദാസാണെന്നും ശക്തിവേല്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരുത്തരം മാത്രമാണ് ജിഷ്ണു കോപ്പിയടിച്ച് എഴുതിയത്. ജിഷ്ണുവിനെ മര്‍ദ്ദിക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഡിബാര്‍ ചെയ്യുമെന്ന് പറയുക മാത്രമാണ് ചെയ്തതെന്നും ശക്തിവേല്‍ പോലീസിന് മൊഴി നല്‍കി.

അറസ്റ്റിലായ ശക്തിവേലിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയതിന് ശേഷം പുലര്‍ച്ചെ ഒരു മണിയോടെ ശക്തിവേലിനെ പൊലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. ശക്തിവേലിനെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.

അതിനിടെ ജിഷ്ണു കേസിലെ മറ്റൊരു പ്രതിയായ പ്രവീണിന് വേണ്ടിയുള്ള തിരച്ചില്‍ അന്വേഷണ സംഘം ഊര്‍ജിതമാക്കി. പ്രവീണിനായി തിരച്ചില്‍ നടത്തുന്നതിന് അന്വേഷണ സംഘം നാസിക്കില്‍ എത്തി. പ്രവീണും ശക്തിവേലും നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

നേരത്തെ പൊലീസ് ചോദ്യം ചെയ്യലില്‍ ജിഷ്ണു കോപ്പിയടിച്ചിരുന്നു എന്ന ആരോപണം ശക്തിവേല്‍ ആവര്‍ത്തിച്ചിരുന്നു. ജിഷ്ണുവിന്റെ ഭാവിയെ കരുതിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതെന്നാണ് കോളെജ് വൈസ് പ്രിന്‍സിപ്പലായ ശക്തിവേലിന്റെ വാദം. കോയമ്പത്തൂരില്‍ നിന്നും തൃശൂര്‍ പൊലീസ് ക്ലബിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചെങ്കിലും ചോദ്യം ചെയ്യലിനോട് ശക്തിവേല്‍ ആദ്യം സഹകരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ചോദ്യങ്ങള്‍ക്ക് ഇയാള്‍ മറുപടി പറഞ്ഞ് തുടങ്ങുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com