ജിഷ്ണു പ്രണോയ് കേസ്: ശക്തിവേലിന് ഇടക്കാല ജാമ്യം

ജിഷ്ണു പ്രണോയ് കേസ്: ശക്തിവേലിന് ഇടക്കാല ജാമ്യം

കോളേജില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ശക്തിവേലിന് ഹൈക്കോടതി ജാമ്യം

കൊച്ചി: ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം: ഇന്നലെ അറസ്റ്റിലായ മൂന്നാം പ്രതി എന്‍.കെ. ശക്തിവേലിന് ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കോളേജില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ശക്തിവേലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപ കെട്ടിവയ്ക്കാനും കോടതി ജാമ്യവ്യവസ്ഥയില്‍ പറയുന്നു.
ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം നടന്ന പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വൈസ് പ്രിന്‍സിപ്പാളാണ് എന്‍.കെ. ശക്തിവേല്‍. ഇന്നലെ കോയമ്പത്തൂരില്‍ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. പോലീസിന്റെ നടപടിക്കെതിരെ ശക്തിവേലിന്റെ ഭാര്യ ഇന്ന് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തിരുന്നു. ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഇന്നലെ ശക്തിവേലിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടി കോടതിയലക്ഷ്യമാണെന്ന് കാണിച്ചായിരുന്നു ഹൈക്കോടതിയില്‍ ശക്തിവേലിന്റെ ഭാര്യ ഹര്‍ജി നല്‍കിയത്.
ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തില്‍ മൂന്നാംപ്രതിയായ വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ. ശക്തിവേല്‍ ഒളിവിലായിരുന്നു. ശക്തിവേലിന്റെ അച്ഛന്റെ ഫോണ്‍കോളുകള്‍ ട്രാപ്പ് ചെയ്തതില്‍നിന്നാണ് പ്രതി കോയമ്പത്തൂരിലുണ്ടെന്ന് പോലീസ് കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ജിഷ്ണു കോപ്പിയടിച്ചു എന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഒളിവില്‍ കഴിയാല്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തത് കോളേജ് ചെയര്‍മാനും കേസിലെ ഒന്നാംപ്രതിയുമായ കൃഷ്ണദാസാണെന്നും ഒളിവില്‍ കഴിയുന്ന കാലത്ത് പാലക്കാട് വച്ച് കൃഷ്ണദാസിനെ കണ്ടുവെന്നും ശക്തിവേല്‍ പറഞ്ഞിരുന്നു.
ജിഷ്ണു കേസില്‍ ഇനിയും പിടിയിലാകാനിരിക്കുന്ന പ്രവീണ്‍, ബിപിന്‍ എന്നിവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി രാവിലെ പറഞ്ഞിരുന്നു. പ്രവീണിനായി പോലീസ് അന്യസംസ്ഥാനങ്ങളിലും തെരച്ചില്‍ തുടരുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ ഒ്‌നാം പ്രതിയായ കൃഷ്ണദാസിനും രണ്ടാം പ്രതിയായ സഞ്ജിത് വിശ്വനാഥനും മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ പോലീസിന് അറസ്റ്റ് രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com