മണിക്കൂറുകള്‍ക്കകം ഉടമ്പടി പൊളിഞ്ഞു; ഷാജര്‍ഖാനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

 ഷാജിര്‍ഖാനെയും മറ്റു രണ്ടുപേരയും വിട്ടയക്കാനുള്ള തീരുമാനം ഉടമ്പടിയില്‍ ഏഴാമത്തെ വ്യവസ്ഥയായാണ് ഉള്‍പ്പെടുത്തിയിരുന്നത് - ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയത് ഉടമ്പടി ലംഘനമാണെന്നാണ് ആരോപണം
മണിക്കൂറുകള്‍ക്കകം ഉടമ്പടി പൊളിഞ്ഞു; ഷാജര്‍ഖാനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

തിരുവനന്തപുരം:   ജിഷ്ണു പ്രണോയിയുടെ കുടുംബം അഞ്ച് ദിവസമായി തുടര്‍ന്ന നിരാഹാരസമരം ഒത്തുതീര്‍പ്പിന് ഇടയായത് പത്തുവ്യവസ്ഥകളടങ്ങിയ കരാറുകളായിരുന്നു. എന്നാല്‍ ഒരു ദിവസം പിന്നിടുന്നതിന് മുമ്പായി ഉടമ്പടി വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടു. എസ് യു സി ഐ നേതാവ്  ഷാജിര്‍ഖാനെയും മറ്റു രണ്ടുപേരയും വിട്ടയക്കാനുള്ള തീരുമാനം ഉടമ്പടിയില്‍ ഏഴാമത്തെ വ്യവസ്ഥയായാണ് ഉള്‍പ്പെടുത്തിയിരുന്നത്. ജിഷ്ണുവിന്റെ ബന്ധുക്കള്‍ തന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോള്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ ആവശ്യപ്പെടുകയാണ് പൊലീസ് ചെയ്തത്. ഇതനുസരിച്ച് ഇവരെ നാലുമണിക്കൂര്‍ കസ്റ്റഡിയില്‍ വിട്ട് ഉത്തരവ്  നല്‍കുകയും ചെയ്തു. 


ഷാജിര്‍ഖാനും കുടുംബവും തങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിയവരായിരുന്നെന്നാണ് മഹിജ ഇന്നലെ സര്‍ക്കാര്‍ പ്രതിനിധികളോട് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍  ഈ മൂന്ന് പേരെയും ഇന്ന് വിട്ടയക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അവര്‍ സമരവേദിയിലെത്തിയതെന്ന് കുടുംബം അറിയിച്ചിരുന്നു. അവരെ മോചിപ്പിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചതായി സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.  എന്നാല്‍ അതിന് വിപരീതമായാണ് ഷാജിര്‍ ഖാനടക്കം 3പേരെയും കസ്റ്റഡിയില്‍ വാങ്ങാനുള്ള പൊലീസ് തീരുമാനം.

അന്യായമായി കൂട്ടം ചേരല്‍, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com