എന്‍ജിനീയറിംഗ് കോളേജുകളുടെ അഫിലിയേഷന്‍ പരിശോധന നടത്തിയതിന് ശേഷം; പുതിയ സമിതിയെ നിയോഗിച്ചു
Published: 11th April 2017 07:48 PM |
Last Updated: 12th April 2017 03:24 PM | A+A A- |
തിരുവനന്തപുരം: വരുന്ന അധ്യയന വര്‍ഷം സംസ്ഥാനത്തെ എല്ലാ എന്‍ജിനീയറിംഗ് കോളേജുകള്‍ക്കും അഫിലിയേഷന്‍ നല്‍കുന്നത് സാങ്കേതിക സര്‍വകലാശാലയുടെ പരിശോധനയ്ക്ക് ശേഷം. കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ അക്കാദമിക്ക് കാര്യങ്ങള്‍ ഉള്‍പ്പടെ സാങ്കേതിക വിദ്യഭ്യാസ കൗണ്‍സില്‍ (എഐസിടിഇ) പറയുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചാണോ കോളേജ് പ്രവര്‍ത്തിക്കുന്നത് എന്നത് അടിസ്ഥാനമാക്കിയാകും അഫിലിയേഷന്‍ നല്‍കുക.
സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിതം, സ്വാശ്രയം തുടങ്ങി എല്ലാ കോളേജുകളിലും സാങ്കേതിക സര്‍വകലാശാലയുടെ പ്രതിനിധികളെത്തി പരിശോധ നടത്തിയ ശേഷമാകും ഇനി അഫിലിയേഷന്‍ നല്‍കുക. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കുന്നതിന് കണ്ണൂര്‍ യുണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സ്‌ലര്‍ ഡോ. മൈക്കിള്‍ തരകന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. സര്‍ക്കാര്‍, എയ്ഡഡ് എന്‍ജിനിയറിംഗ് കോളേജുകളിലെ അധ്യാപകരാണ് പരിശോധന നടത്തുക.
എഐസിടിഇ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ചോദ്യാവലി പൂരിപ്പിച്ച പരിശോധകര്‍ ഇത് സര്‍വകലാശാലയ്ക്ക് കൈമാറും. ഈ മാസം 30ന് മുമ്പാണ് പരിശോധനാ റിപ്പോര്‍ട്ട് കൊടുക്കേണ്ടത്. ഡോ. മൈക്കിള്‍ തരകന്‍ നേതൃത്വം നല്‍കുന്ന സമിതി ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു തീരുമാനമെടുക്കും.
എന്‍ജിനിയറിംഗ് കോളേജുകളെ കുറിച്ച് ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തി വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.