കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം; അക്രമത്തില്‍ യുവാവിന്റെ നട്ടെല്ല് തകര്‍ന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th April 2017 08:40 PM |
Last Updated: 12th April 2017 03:49 PM | A+A A- |

തട്ടാമല:കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം. തട്ടാമലയില്‍ യുവാവിനെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. പേരയം പനവിള വീട്ടില്‍ ഷഹിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയില്‍ തട്ടാമല സ്‌കൂളിന് സമീപം പിണയ്ക്കലിലാണ് സംഭവം നടന്നത്. കമ്പി വടി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ നട്ടെല്ല് തകര്‍ന്ന ഷഹിന്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിാലണ്.
സുഹൃത്തിനൊപ്പം കാറിന്‍ സഞ്ചരിക്കവെ ബൈക്കില്‍ എത്തിയ രണ്ടുപേര്‍ ഷഹിനെ കാറില്‍ നിന്നും പിടിച്ചിറിക്കി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഫോണ്‍ ചെയ്ത് മറ്റു ചിലരെക്കൂടി വിളിച്ചു വരുത്തിയ സംഘം ഷഹിനെ വളഞ്ഞിട്ട് തല്ലുകയായിരുന്നു.
സംഭവത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്തു. പ്രദേശ വാസിയായ പെണ്‍കുട്ടിയുമായി ഷഹിന്‍ പ്രണയത്തിലാണെന്നും രാത്രി പെണ്‍കുട്ടിയെ കാണാന്‍ വന്നപ്പോഴാണ് അക്രമം നടന്നത് എന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ കൂട്ടുകാരനുമൊത്ത് കല്യാണ ആവശ്യത്തിനായി കേറ്ററിങ് ബുക്ക് ചെയ്യാനാണ് ഇതുവഴി പോയതെന്നും അല്ലാതെ പെണ്‍കുട്ടിയെ കാണാനല്ല പോയതെന്നുമാണ് ഷഹിന്‍ പറയുന്നത്.