സമരത്തില്‍ ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയും പൊലീസുമെന്ന് ഷാജര്‍ഖാന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th April 2017 03:18 PM |
Last Updated: 11th April 2017 05:38 PM | A+A A- |

തിരുവനന്തപുരം: ജിഷ്ണുപ്രണോയിയുടെ ബന്ധുക്കള്‍ നടത്തിയ സമരത്തില്‍ ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയും പൊലീസുമാണെന്ന് എസ്‌യുസിഐ നേതാവ് എ ഷാജര്‍ഖാന്‍. മഹിജയും കുടുംബവും ഡിജിപിയെ കാണാനെത്തുമെന്നത് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതനുസരിച്ച് ഡിജിപി അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ സമരത്തിനെത്തിയ മഹിജയെ പൊലീസ് ബൂട്ടിട്ട് ചവിട്ടയതാണ് പ്രശ്‌നം വഷളാക്കിയത്. മകന്‍ നഷ്ടമായ ഒരു അമ്മയോട് പൊലീസ് ഇപ്രകാരം പെരുമാറുമെന്ന് ഞങ്ങള്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും പങ്കെടുത്തത് ഐക്യദാര്‍ഢ്യസമിതിയുടെ കണ്‍വീനര്‍ എന്ന നിലയ്ക്കാണ്. സമരവുമായി ബന്ധപ്പെട്ട് സമരമുറകള്‍ തീരുമാനിച്ചത് ജിഷ്ണുവിന്റെ ബന്ധുക്കള്‍ തന്നെയാണ്. ഞങ്ങള്‍ സഹായിക്കുക മാത്രമാണ് ചെയ്തത്. അതില്‍ അഭിമാനമുണ്ടെന്നും ഷാജര്‍ഖാന്‍ അഭിപ്രായപ്പെട്ടു. കേസില്‍ പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികളെ പിടികൂടും വരെ സമരം തുടരും.
ജനാധിപത്യവിരുദ്ധമായ രീതിയില്‍ പൊതുപ്രവര്‍ത്തകരെ കല്‍ത്തുറങ്കിലടച്ച നടപടിയില്‍ പിണറായി വിജയന്‍ മാപ്പുപറയണം. രക്തബന്ധത്തിന്റെ അടിസ്ഥാനത്തിലാണോ സമരത്തില്‍ ഇടപെടേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഷാജര്‍ഖാന്‍ അഭിപ്രായപ്പെട്ടു