കോണ്‍ഗ്രസില്‍ നിന്നും മുതിര്‍ന്ന നേതാക്കള്‍ ബിജെപിയിലേക്ക്; സംസ്ഥാനത്ത് ഇനി സിപിഎം - ബിജെപി പോരാട്ടമെന്ന് ബിജെപി നേതാവ് മുരളീധര റാവു

സംസ്ഥാനത്ത് ഇനി ഇടതു - വലതുമുന്നണികള്‍ തമ്മിലല്ല, സിപിഎം ബിജെപി പോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്നാണ് മുരളീധരറാവിന്റെ അഭിപ്രായം
കോണ്‍ഗ്രസില്‍ നിന്നും മുതിര്‍ന്ന നേതാക്കള്‍ ബിജെപിയിലേക്ക്; സംസ്ഥാനത്ത് ഇനി സിപിഎം - ബിജെപി പോരാട്ടമെന്ന് ബിജെപി നേതാവ് മുരളീധര റാവു

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്കെത്തുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ബിജെപിയെലെത്തുമെന്ന് ആവര്‍ത്തിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു. സംസ്ഥാനത്ത് ഇനി ഇടതു - വലതുമുന്നണികള്‍ തമ്മിലല്ല, സിപിഎം ബിജെപി പോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്നാണ് മുരളീധരറാവിന്റെ അഭിപ്രായം. 

ശശി തരൂര്‍ എംപി ബിജെപിയിലേക്കെത്തുമെന്ന പ്രചാരണത്തിനിടെ താന്‍ ബിജെപിയിലേക്ക് ഇല്ലെന്ന വിശദീകരണവുമായി തരൂര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ബിജെപി വിപുലീകരണത്തിന് കോണ്‍ഗ്രസ് ഉള്‍പ്പടെയുളള പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ എത്തിയാല്‍ മാത്രമെ സംഘടാനാ സംവിധാനം ശക്തിപ്പെടുത്താന്‍ കഴിയുകയുള്ഌവെന്ന് ബിജെപി ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും വരും ദിവസങ്ങളില്‍ കേരളത്തില്‍ തുടര്‍സന്ദര്‍ശനം നടത്തും.

ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലെയും സാധ്യത ബിജെപി ദേശീയ നേതൃത്വം തിരിച്ചറിഞ്ഞത്. സംസ്ഥാനത്തെ കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ബിജെപിക്ക് സഹായകരമാകുമെന്ന നിലപാടിലാണ് ബിജെപി. ഈ സാധ്യത കണക്കിലെടുത്താണ് സംസ്ഥാനത്ത് ബിജെപി വിപുലീകരിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമം. 

പിണറായി സര്‍ക്കാരിന്റെ ക്രമസമാധാന തകര്‍ച്ച ഉയര്‍ത്തിക്കാട്ടിയാവും ബിജെപിയുടെ പ്രചാരണം. കൂടുതല്‍ പേരെ നേതൃതലങ്ങളിലെത്തിക്കുന്നതിന് ദേശീയ നേതൃത്വം തന്നെ മുന്‍കൈയെടുക്കും. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലെത്തിക്കുന്നതിന്റെ ഭാഗമായി അവരെ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക വേളയില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്നാണ് ദേശീയ നേതാക്കള്‍ തന്നെ നല്‍കുന്ന വിശദികരണം. ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയിലേക്കെത്തുന്ന സ്ഥിതി വിശേഷവും ഉണ്ടായിട്ടുണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com