ജിഷ്ണുകേസില്‍ എല്ലാ പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം: ചോദ്യം ചെയ്യുന്നതിനും വിലക്ക്‌

പ്രതികളെ ചോദ്യം ചെയ്യരുതെന്ന് പറഞ്ഞ കോടതി കോപ്പിയടി സംബന്ധിച്ചുമാത്രം കസ്റ്റഡിയിലുള്ള വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ. ശക്തിവേലിനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാമെന്നും
ജിഷ്ണുകേസില്‍ എല്ലാ പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം: ചോദ്യം ചെയ്യുന്നതിനും വിലക്ക്‌

കൊച്ചി: ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം സംബന്ധിച്ച് ഒളിവിലുള്ള പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതോടെ കേസിലെ എല്ലാവര്‍ക്കും ജാമ്യം ലഭിച്ചു. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് രണ്ടു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.
പ്രതികളെ ചോദ്യം ചെയ്യരുതെന്ന് പറഞ്ഞ കോടതി കോപ്പിയടി സംബന്ധിച്ചുമാത്രം കസ്റ്റഡിയിലുള്ള വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ. ശക്തിവേലിനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാമെന്നും പറഞ്ഞു.
പ്രതികളെ ജയിലില്‍ അടയ്‌ക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ കോടതി പ്രധാന സാക്ഷിമൊഴികളെല്ലാം തള്ളുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ മൊഴി ദഹിക്കുന്നതല്ല. പ്രിന്‍സിപ്പലിന്റെയും ജിഷ്ണുവിന്റെ സഹപാഠിയുടെയും മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ട് എന്നും കോടതി വിലയിരുത്തി. കോടതിയില്‍ ഹാജരാക്കിയ ആത്മഹത്യാകുറിപ്പ് പരിശോധിച്ചശേഷം കോളേജ് അധികൃതരുടെ അത്മഹത്യാപ്രേരണയെക്കുറിച്ച് ഇതിലൊന്നും പറയുന്നില്ലെന്നും കോടതി വിലയിരുത്തി. 
കേരളത്തില്‍ ആരെയും ജയിലിലടയ്ക്കാമെന്ന സ്ഥിതിയാണ് ഉള്ളതെന്ന് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് എബ്രഹാം മാത്യു പരാമര്‍ശിച്ചു. കഴിഞ്ഞദിവസം ഒളിവിലുള്ള പ്രതികളായ പ്രവീണിന്റെയും ദിപിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി ഇരുവരെയും അറസ്റ്റു ചെയ്യരുത് എന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന മൂന്നാംപ്രതിയും പാമ്പാടി നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ. ശക്തിവേലിനെ കോയമ്പത്തൂരില്‍ വച്ച് പിടിച്ചിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ പോലീസ് അറസ്റ്റിനെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായതാണെന്നും കോടതി വിലയിരുത്തിയിരുന്നു.
ജിഷ്ണുക്കേസില്‍ ഒന്നാം പ്രതിയായ പാമ്പാടി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് തുടക്കംമുതലേ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. പിന്നീട് മറ്റൊരു കേസില്‍ കൃഷ്ണദാസിനെ അറസ്റ്റുചെയ്തപ്പോഴും കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. കൃഷ്ണദാസിനെ ആ കേസിലും ചോദ്യം ചെയ്യാന്‍പോലും പറ്റാതെ പോലീസിന് വിട്ടയയ്‌ക്കേണ്ടിവന്നു. രണ്ടാം പ്രതിയായ സഞ്ജിത് വിശ്വനാഥനും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ജിഷ്ണുക്കേസിലെ പിടികൂടാനിരിക്കുന്ന പ്രതികള്‍ക്കടക്കം മുന്‍കൂര്‍ ജാമ്യം നല്‍കിയതോടെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചുകഴിഞ്ഞു.
ഇതിനിടെ നാലും അഞ്ചും പ്രതികളായ പ്രവീണ്‍, ദിപിന്‍ എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ പ്രതികള്‍ക്കായുള്ള പോലീസിന്റെ തിരച്ചില്‍ അവസാനിപ്പിക്കേണ്ടിവരും. കോടതിയില്‍നിന്നുപോലും നീതി നിഷേധിക്കപ്പെട്ട സാഹചര്യമാണുണ്ടായതെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com