മലപ്പുറത്ത് വിധിയെഴുത്ത് കഴിഞ്ഞു; വോട്ടെണ്ണല്‍ തിങ്കളാഴ്ച; പോളിംഗ് 71.50 ശതമാനം
Published: 12th April 2017 07:53 PM |
Last Updated: 13th April 2017 02:41 PM | A+A A- |

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് പോളിംഗ് പൂര്‍ത്തിയായപ്പോള്‍ 71.50 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2014ല്‍ നടന്ന പോളിംഗിനെ അപേക്ഷിച്ച് .26 ശതമാനം കൂടുതല്‍ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. സംസ്ഥാനം ഉറ്റു നോക്കിയ വോട്ടെടുപ്പില്‍ മികച്ച മത്സരമാണെന്നതിന്റെ സൂചനകയാണ് വോട്ടിംഗ് ശതമാനം കൂടിയെതെന്നാണ് വിലയിരുത്തലുകള്‍.
ചിലയിടത്ത് വോട്ടിംഗ് യന്ത്രം തകരാറിലായെങ്കിലും പോളിംഗില്‍ കുറവ് വന്നില്ല. രാവിലെ ഏഴ് മുതല്‍ തന്നെ പല മേഖലകളില്‍ വോട്ടിംഗിന് തിരക്കനുഭവപ്പെട്ടിരുന്നു. പിന്നീട് തിരക്ക് കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് ശേഷം കനത്ത പോളിംഗ് രേഖപ്പെടുത്തി. 11 ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മാറ്റിവെക്കേണ്ടി വന്നു. വോട്ടിംഗ് തോത് കൂടിയെങ്കിലും സമാധാനപരമായിരുന്നു പോളിംഗ്. ഒരു സ്ഥലത്തും പ്രശ്‌നങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല.
ലീഗിന് ഏറ്റവും പ്രതീക്ഷയുള്ള മേഖലകളായ കൊണ്ടോട്ടി, മലപ്പുറം എന്നിവിടങ്ങളിലാണ് മലപ്പുറം മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. അതേസമയം, കുഞ്ഞാലിക്കുട്ടിയുടെ നിയമസഭാ മണ്ഡലമായ വേങ്ങരയില്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തി.
ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി 13.12 ലക്ഷം വോട്ടര്‍മാരാണുള്ളത്. 2014ല്‍ 11.98 ലക്ഷം വോട്ടര്‍മാരില്‍ 8,53,467 പേരാണ് (71.26%) വോട്ട് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ അടുത്ത തിങ്കളാഴ്ച നടക്കും.