മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സിപിഎം നേതാക്കള്‍ തടഞ്ഞു, പൊലീസ് കാഴ്ചക്കാരായതില്‍ ക്ഷുഭിതനായി സബ് കലക്ടര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th April 2017 01:13 PM |
Last Updated: 12th April 2017 05:21 PM | A+A A- |

ദേവികുളം: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ നിലപാട് എടുത്തതോടെ സ്ഥലത്ത് സംഘര്‍ഷം.
ദേവികുളത്ത് അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുനീക്കാനും എത്തിയ ഉദ്യോഗസ്ഥ സംഘത്തെയാണ് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ തടഞ്ഞത്. ഉദ്യോഗസ്ഥര്‍ക്കു നേരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബലപ്രയോഗം നടത്തിയതായും ആക്ഷേപമുണ്ട്. സംഘര്‍ഷാവസ്ഥയറിഞ്ഞ് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്ഥലത്തെത്തി. സബ് കലക്ടര്‍ എത്തുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടയുകയും പൊലീസ് നോക്കിനില്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് സബ് കലക്ടര്‍ ക്ഷുഭിതനായി സംസാരിച്ചു. ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇനി പ്രത്യേകം എഴുതി നല്‍കേണ്ടതുണ്ടോയെന്ന് സബ് കലക്ടര്‍ ചോദിച്ചു.
സബ് കലക്ടറും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. കയ്യേറ്റം ഒഴിപ്പിക്കാനാണ നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും ഒഴിപ്പിച്ചേ മടങ്ങൂ എന്നും സബ് കലക്ടര്‍ വ്യക്തമാക്കി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.