അഴിമതിക്കാര്‍ എന്നെ ശത്രുവാക്കി; പിന്നെ ശത്രുസംഹാരത്തിന് ചാണക്യതന്ത്രം പ്രയോഗിച്ചു: ജേക്കബ് തോമസ് മനസ്സു തുറക്കുന്ന അഭിമുഖ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം

മൂന്നര വര്‍ഷത്തെ സര്‍വ്വീസ് ബാക്കി നില്‍ക്കെ ജേക്കബ് തോമസ് പറയുന്നു: ''എന്നെ വേണ്ടാത്ത ഇടത്തേക്ക് ഇനി ഞാന്‍ പോകില്ല.' സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം
അഴിമതിക്കാര്‍ എന്നെ ശത്രുവാക്കി; പിന്നെ ശത്രുസംഹാരത്തിന് ചാണക്യതന്ത്രം പ്രയോഗിച്ചു: ജേക്കബ് തോമസ് മനസ്സു തുറക്കുന്ന അഭിമുഖ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം

നേരിട്ട് പറയാതെയാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നീക്കിയത്. ഒരു മാസത്തെ അവധി എന്ന പേരില്‍ ഒരു വളച്ചുകെട്ട്. എന്നാല്‍, നേരിട്ടു പറഞ്ഞും ചെയ്തുമാണ് ജേക്കബ് തോമസിനു ശീലം. അതുകൊണ്ട് ഇനി തിരിച്ച് അങ്ങോട്ടില്ലെന്ന് തുറന്നു പറയുന്നു അദ്ദേഹം. ഐ.പി.എസ് രാജിവയ്ക്കുകയാണോ എന്ന ചോദ്യത്തിനു സംശയരഹിതമാണ് മറുപടി. ''ഇനി മൂന്നര വര്‍ഷത്തോളം സര്‍വ്വീസ് ബാക്കിയുണ്ട്. എന്റെ അനിവാര്യത ആവശ്യം ഇല്ലാത്ത സ്ഥലത്തേപ്പറ്റി ഞാന്‍ ആകുലപ്പെടേണ്ടതില്ല. ഞാന്‍ അതും നോക്കിക്കൊണ്ടിരിക്കില്ല. എഴുതുന്നതും പഠിപ്പിക്കുന്നതും ഇഷ്ടമുള്ള കാര്യമാണ്. പഠിക്കുക, പഠിപ്പിക്കുക, എഴുതുക എന്നീ മൂന്നു കാര്യങ്ങളും ഒരേപോലെ പോകേണ്ടവയാണ്. അതു ചെയ്യുകയല്ലാതെ, വെറുതേ ഇരുന്നിട്ടു കാര്യമില്ല.' 

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ് കൃത്യം ഒന്‍പതാം പക്കമാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കിയത്. ആകെ പത്ത് മാസം. ഏപ്രില്‍ ഒന്നു മുതല്‍ പുറത്തുനില്‍ക്കുന്നു. പത്ത് മാസവും ഏപ്രില്‍ ഒന്നും യാദൃച്ഛികമായി വീണ്ടും എത്തിയിരിക്കുന്നു അദ്ദേഹത്തിന്റെ തൊഴിലിലും അതുവഴി ജീവിതത്തിലും. എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ പത്തു മാസത്തെ ചുമതല തിരിച്ചെടുത്ത് ജേക്കബ് തോമസിനെ അന്നത്തെ സര്‍ക്കാര്‍ പടിയിറക്കിയതും ഏപ്രില്‍ ഒന്നിനായിരുന്നു. കാലം 1998. പ്രധാനമന്ത്രിയില്‍നിന്ന് സമ്മാനം വാങ്ങി മികവിന്റെ പൂര്‍ണ്ണതയില്‍ ഐ.പി.എസ് പരിശീലനം പൂര്‍ത്തിയാക്കിയ അഭിമാനത്തിനുമേല്‍ പിന്നീട് കാക്കി അണിഞ്ഞിട്ടില്ല. എറണാകുളത്തുനിന്ന് ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതു മുതല്‍ കിട്ടിയതെല്ലാം യൂണിഫോം ആവശ്യമില്ലാത്ത തസ്തികകള്‍. പക്ഷേ, അതൊന്നും തൊലിപ്പുറത്തുപോലും തൊടാത്തവിധം ആദര്‍ശപരമായ ബലമുണ്ട് ഈ മനുഷ്യന്. ''വസന്തം വളരെ കുറച്ചേ എന്റെ കരിയറില്‍ വന്നിട്ടുള്ളു. 

കൂടുതലായി എത്തിയ ശിശിരകാലത്തെക്കുറിച്ച് എനിക്കു വേവലാതികളുമില്ല. ഞാന്‍ എപ്പോഴും സന്തോഷവാനാണ്. ഒരു ജീവിതമേയുള്ളു എന്നതുകൊണ്ട് പരമാവധി കാര്യങ്ങള്‍ ചെയ്യുകതന്നെ.' നാല് പുസ്തകങ്ങള്‍ എഴുതുന്നു. ഈ വര്‍ഷം അവ പൂര്‍ത്തിയാക്കുക എന്നതാണ് എന്റെ ഇപ്പോഴത്തെ ചിന്തയും തീരുമാനവും. ഒന്ന് മലയാളത്തിലും ബാക്കി ഇംഗ്‌ളീഷിലും. ഇപ്പോള്‍ ചിത്രരചനയും തുടങ്ങിയിരിക്കുന്നു. അടുത്ത ദീപാവലിക്ക് 25 ചിത്രങ്ങളുടെ പ്രദര്‍ശനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഒരു എസ്.ഐയോട് സംസാരിക്കാന്‍പോലും ധൈര്യമില്ലാത്ത അട്ടപ്പാടിയിലെയും പുല്‍പ്പള്ളിയിലെയും ആദിവാസികളില്‍ പലരും ജേക്കബ് തോമസിനെ നേരിട്ട് ഫോണില്‍ വിളിക്കാറുണ്ട്. അവരുടെ വിഷമങ്ങളും സന്തോഷങ്ങളും പറയാറുണ്ട്. സാധാരണഗതിയില്‍ പുറത്തുനിന്നുള്ളവരെ താമസിപ്പിക്കാറില്ലാത്ത അവരുടെ ഊരില്‍ അദ്ദേഹം സ്വീകാര്യന്‍. മല്‍സ്യത്തൊഴിലാളികളുടെ കുടിലുകളിലുമുണ്ട് താമസിക്കാന്‍ ഇടവും ഭക്ഷണവും. 

ആരും കണക്കിലെടുക്കാത്തവരെ ഏതൊക്കെയോ നേരങ്ങളില്‍ എങ്ങനെയൊക്കെയോ അവരെ പരിഗണിച്ചതിന്റെയും ചേര്‍ത്തുനിര്‍ത്തിയതിന്റെയും പലിശ ചേര്‍ക്കാത്ത തിരിച്ചടവാണ് അത്. വീണുപോകുന്ന വിധത്തില്‍ ഒരു പ്രശ്‌നം വന്നാല്‍ തനിക്കുവേണ്ടി പറയാന്‍ മറ്റാരുമില്ലെങ്കിലും ഇവരൊക്കെയുണ്ടാകും എന്നു വലിയൊരു ജനസമൂഹം ആദരിക്കുകയും അഴിമതിക്കാര്‍ ഭയത്തോടെ വെറുക്കുകയും ചെയ്യുന്ന ഫയര്‍ ബ്രാന്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥന് ഉറപ്പ്. ''ആ കാര്യത്തില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്.' സെക്രട്ടേറിയറ്റും പണക്കാരുടെ കോളനികളും മാത്രമല്ലല്ലോ കേരളം എന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നതിലുണ്ട് ജേക്കബ് തോമസിനെ ജേക്കബ് തോമസാക്കുന്ന തീപ്പൊരിയുടെ സത്യസന്ധത. 
ജേക്കബ് തോമസിനു വല്ലാത്തൊരു തരം അസഹിഷ്ണുതയുണ്ട്, തിരിച്ച് അദ്ദേഹം അതു ക്ഷണിച്ചുവരുത്തുന്നുമുണ്ട്. പക്ഷേ, രണ്ടും രണ്ടു വിധത്തിലാണെന്നു മാത്രം. അഴിമതിയോടും എല്ലാത്തരം അനീതികളോടുമാണ് ജേക്കബ് തോമസിന്റെ വിട്ടുവീഴ്ചയില്ലായ്ക. പൊലീസ് ഭാഷയില്‍ സീറോ ടോളറന്‍സ്. അഴിമതിക്കാര്‍ക്ക് അദ്ദേഹത്തെ കണ്ണിനു കണ്ടുകൂടാത്തത് അതിന്റെ തുടര്‍ച്ചയാണ്. അവധിക്കാലത്തെ പതിവ് പഠനം, അധ്യാപനം, എഴുത്ത് എന്നീ ആഹ്‌ളാദം നല്‍കുന്ന മൂന്ന് ഉത്തരവാദിത്വങ്ങളുടെ തിരക്ക് തുടങ്ങും മുന്‍പുള്ള ഈ ദിനങ്ങള്‍ വിശ്രമത്തിന്റേതല്ല.

ഫോണ്‍ താഴെ വയ്ക്കാന്‍ സാധിക്കാത്ത വിധം പിന്തുണ അറിയിച്ചുകൊണ്ടുള്ള വിളികള്‍. പതിവു യോഗ, വായന, സുഹൃത്തുക്കളും ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകള്‍, ഇടയ്ക്ക് ഋഷിരാജ് സിംഗിനൊപ്പം തിയേറ്ററില്‍ പോയി ഒരു സിനിമ. ഇതിനൊക്കെയിടയില്‍ ഔപചാരിക അഭിമുഖ സംഭാഷണത്തിന് ഒരു മാധ്യമത്തിനും നിന്നുകൊടുക്കാനുള്ള തയ്യാറെടുപ്പിലല്ല. അതുകൊണ്ട് വര്‍ത്തമാനം അനൗപചാരികമായി. പക്ഷേ, അലസമായും നിരുത്തരവാദപരമായും ഒരു വാക്കും വരിയും തന്നില്‍നിന്ന് ഉണ്ടാകരുത് എന്ന തീരുമാനം പ്രകടമാക്കുന്ന വിധം അളന്നും അറുത്തുമുറിച്ചുമാണ് ചിലതു പറഞ്ഞത്. പറയാത്ത കാര്യങ്ങളാകട്ടെ, കേരളത്തിന്റെ സമകാലിക ചരിത്രത്തില്‍നിന്നുതന്നെ പെറുക്കിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായുമില്ല. 

സത്യാന്വേഷണം
കുറേക്കൂടി സമാധാനപരമായ ജീവിതം എനിക്കും പറ്റും. അത് എങ്ങനെ എന്നു മനസ്സിലാകാത്ത ആളൊന്നുമല്ല. എങ്ങനെ വേണമെന്നും അറിയാം. പക്ഷേ, ഒരു ജീവിതമല്ലേയുള്ളു. അത് വെറുതേ ഒഴുക്കിനൊപ്പം നീന്തി, നീന്തുകപോലുമല്ലാതെ, പൊങ്ങിക്കിടന്ന് കടലില്‍ ചെല്ലുന്നതില്‍ അര്‍ത്ഥമില്ലല്ലോ. കിട്ടിയ സമയം, അതെത്രയുണ്ടെന്ന് അറിഞ്ഞുകൂടാ, ആ സമയം നമ്മുടെ കഴിവും ആരോഗ്യവും ഊര്‍ജ്ജവുമൊക്കെ വച്ചിട്ട് പരമാവധി നന്നാക്കുക.
 പ്രപഞ്ചം എന്ന വലിയ വ്യവസ്ഥയിലെ സത്യങ്ങളില്‍ ഒരു ശതമാനം പോലും കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ടാണല്ലോ ഓരോ കണ്ടുപിടുത്തത്തിനു നൊബേല്‍ സമ്മാനം കൊടുക്കുന്നത്. അതായത് സത്യം കണ്ടുപിടിക്കുന്നതിന് നൊബേല്‍ സമ്മാനം വരെ കൊടുക്കുന്നു. ഇവിടെ ഉള്ളതുതന്നെയാണെങ്കിലും അതു കണ്ടുപിടിക്കുകയാണ്. സത്യം കണ്ടുപിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇനി, നമ്മളെക്കുറിച്ചു നമുക്കു പൂര്‍ണ്ണമായി അറിയാമോ. അവനവന്‍ ആരാണെന്നു തന്നെ ശരിക്കു മനസ്സിലാക്കുന്നവര്‍ എത്രയുണ്ട്. ഒരു ചെറിയ സമൂഹത്തിന്റെ സത്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പൂര്‍ണ്ണമായി അറിയാമോ. സാമൂഹികമായി, രാഷ്ര്ടീയമായി, സാമ്പത്തികമായി, നിയമപരമായി, പാരിസ്ഥിതികമായി എങ്ങനെയൊക്കെയാണ് കേരളസമൂഹം പ്രവര്‍ത്തിക്കുന്നത് എന്നു പൂര്‍ണമായി നമുക്ക് അറിയില്ല. അതിസങ്കീര്‍ണ്ണമാണ്. ചിലര്‍ പറയും ഗള്‍ഫ് പണം കൊണ്ടാണ് നമ്മളിങ്ങനെ നില്‍ക്കുന്നതെന്ന്. അതുമാത്രമാണോ. അതൊരു ഘടകം മാത്രം. ടൂറിസം കൊണ്ടാണെന്നു പറയും, അതുമാത്രമാണോ. നിര്‍മ്മാണമേഖല മാത്രമാണോ. ഏതായാലും കൃഷികൊണ്ടാണെന്ന് ഇപ്പോഴാരും പറയുമെന്നു തോന്നുന്നില്ല. പലതും ചേര്‍ന്നാണല്ലോ സമൂഹത്തെ നിലനിര്‍ത്തുന്നത്. അതൊക്കെ സാമ്പത്തികമായ മേഖല മാത്രമാണ്, സാമൂഹികമായി നമുക്ക് നമ്മെ മനസ്സിലായിട്ടുണ്ടോ. 
കാലങ്ങള്‍ക്കു മുന്‍പ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു, കേരളം ഭ്രാന്താലയമാണെന്ന്. ഇന്നും ചില കാര്യങ്ങള്‍ കാണുമ്പോള്‍ കേരളം ഭ്രാന്താലയമല്ലേ എന്നു തോന്നിപ്പോകും. ഭ്രാന്താലയമെന്നു പറയാന്‍ എളുപ്പമാണ്. പക്ഷേ, അതിന്റെ സങ്കീര്‍ണ്ണത ചെറുതല്ല. ഒരാളെ ഭ്രാന്തനെന്നു പറയുന്നത് അയാളുടെ ചിന്തകള്‍ നമ്മുടെ ചിന്തകളുമായി ഒത്തുപോകാത്തതുകൊണ്ടാണ്. നമ്മുടെ ചിന്തകളാണ് നോര്‍മല്‍, അതാണ് നോം. അതായത് ബഹുഭൂരിപക്ഷവും ചിന്തിക്കുന്ന രീതിക്കും ചെയ്യുന്ന രീതിക്കുമാണ് നോര്‍മല്‍ എന്നു പറയുന്നത്. അതാണ് സമൂഹത്തിന്റെ നോംസ്. അതിന് വ്യത്യസ്തമായി ഒരാള്‍ ചിന്തിച്ചാല്‍ അയാളെ അബ്‌നോര്‍മല്‍ എന്നു പറയും. അതിന്റെ അടുത്ത സ്റ്റേജാണ് എക്‌സെന്‍ട്രിക്, അടുത്ത സ്റ്റേജ് ഭ്രാന്ത്. പുറത്തു നിന്നു വന്ന, വളരെ ബുദ്ധിയുള്ള സ്വാമി വിവേകാനന്ദന്‍ നല്‍കിയ ഭ്രാന്തന്മാരുടെ നാട് എന്ന വിശേഷണം കേരളത്തിനുണ്ട്. നമ്മളൊക്കെ ആ വിശേഷണത്തില്‍ പെടുന്നവരാണ്. ഒരുപക്ഷേ, അദ്ദേഹം ചിന്തിക്കുന്നതുപോലെ നമ്മള്‍ ചിന്തിക്കാത്തതുകൊണ്ടാകാം. അദ്ദേഹത്തിന്റെ നാട്ടിലെ നോം അല്ലായിരിക്കാം ഇവിടെയുള്ളത്. അങ്ങനെയും ചിന്തിക്കാമല്ലോ. പക്ഷേ, എന്തോ കുഴപ്പമുണ്ട്. സമൂഹം, ലോകം, വ്യക്തി. ഇതില്‍ എത്ര പേര്‍ക്ക് സ്വന്തം കഴിവുകളെക്കുറിച്ചു ശരിയായി അറിയാം? അതുപോലെ ഉള്ള സത്യങ്ങളില്‍ ഒരു ശതമാനം പോലും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് സത്യം കണ്ടുപിടിക്കാനുള്ള ഓട്ടം ഓരോ തലങ്ങളില്‍ ഓരോരുത്തരും നടത്തുന്നുണ്ട്. 
വിജിലന്‍സിലെ എന്റെ ജോലിയും സത്യം കണ്ടുപിടിക്കാനുള്ള ശ്രമമായിരുന്നു, മാര്‍ച്ച് 31 വരെ. സത്യം കണ്ടുപിടിക്കുക എളുപ്പമല്ല എന്ന് ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഉള്ള സത്യത്തിന്റെ ഒരു ശതമാനം പോലും കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നു പറഞ്ഞത് എന്റെ ജോലിയുടെ പ്രത്യേകത ഉള്‍ക്കൊണ്ടുകൊണ്ടാണ്. വിജിലന്‍സിന്റെ അര്‍ത്ഥംതന്നെ വാച്ച്ഫുള്‍നെസ് എന്നാണ്. ആദ്യം നിരീക്ഷണം നടത്തി കണ്ടുപിടിക്കുക. അതുകഴിഞ്ഞാണ് അന്വേഷണം. അതിനു പ്രത്യേക രീതിയുണ്ട്.


സത്യങ്ങളെ ഭയക്കുന്നവര്‍
അറിയാന്‍ വയ്യാത്തതിനെക്കുറിച്ച് ആളുകള്‍ക്കു പേടി കൂടുതലാണ്. പണ്ടുകാലത്ത് ആളുകള്‍ ഇടിമിന്നലിനെയും ഇരുട്ടിനെയും കൊടുങ്കാറ്റിനെയുമൊക്കെ പേടിച്ചിരുന്നു. പേടിക്കുന്നതിനെ പ്രീണിപ്പിക്കാന്‍ ആരാധിക്കുന്നതാണു പൊതുരീതി. കുറേക്കഴിഞ്ഞു യാഥാര്‍ത്ഥ്യം മനസ്സിലായപ്പോള്‍ പ്രീണിപ്പിക്കുന്നതു നിര്‍ത്തി. ഇതിത്രയുമേയുള്ളു, പേടിക്കേണ്ട എന്നു മനസ്സിലായതാണു കാരണം. പേടിയുള്ളതില്‍നിന്ന് ഒളിച്ചോടാനോ അല്ലെങ്കില്‍ അതിനെ പ്രീണിപ്പിക്കാനോ ശ്രമിക്കുന്നതു മനുഷ്യ സ്വഭാവമാണ്. സ്വന്തമായി ചെയ്ത കാര്യത്തെക്കുറിച്ച് അറിവില്ലാതിരിക്കുമ്പോള്‍ പേടിവരും. അല്ലെങ്കില്‍ താന്‍ ചെയ്ത കാര്യം കുഴപ്പമാണ് എന്ന് അറിഞ്ഞിരിക്കുകയും അതു പുറത്തേക്കു വരുമോ എന്നു ചിന്തിക്കുകയും ചെയ്യുമ്പോള്‍ പേടിക്കും. ചിലരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്നു തോന്നിയാല്‍ അവര്‍ക്കു പേടിവരും. ഉദാഹരണത്തിന്, മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്നയാളുടെ അടുത്തേക്ക് യൂണിഫോമില്‍ ഒരു പൊലീസുകാരന്‍ ചെന്നാല്‍ പേടി വരുമല്ലോ. അയാളുടെ നോട്ടം നമ്മളിലുണ്ട് എന്നു തോന്നുന്നതുകൊണ്ടാണ്. മദ്യപിച്ചു വണ്ടിയോടിക്കുന്നയാള്‍ക്ക് വഴിയില്‍ വെറുതേ നില്‍ക്കുന്ന പൊലീസുകാരനെ കണ്ടാലും പേടി തോന്നും. ചെയ്യുന്നതു തെറ്റാണെന്ന ബോധ്യമുള്ളതാണ് കാര്യം. അങ്ങനെ നമ്മുടെ സമൂഹത്തില്‍ പേടിയുള്ള കുറേ ആളുകള്‍ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. പേടിയുള്ളവരുടെ എണ്ണം കൂടുതലാണെന്നും മനസ്സിലായി. പേടിയുള്ളവരുടെ പല പല കാറ്റുകള്‍ കൂടിച്ചേര്‍ന്ന് കൊടുങ്കാറ്റായി രൂപപ്പെട്ടു. അതിന്റെ അടിസ്ഥാനം പേടിയാണ്. ജോര്‍ജ്ജ് ഓര്‍വെല്‍ പറഞ്ഞ ഒരു വാചകമുണ്ട്: ''പേടിയാണ് പല പ്രവൃത്തികളുടെയും നയിക്കുന്ന പ്രചോദനം.' സ്വന്തം സ്ഥാനം പോകുമോ, ആരെങ്കിലും തട്ടിയെടുക്കുമോ എന്നൊക്കെയുള്ള പേടികളുണ്ട്. എനിക്കെതിരെ രൂപപ്പെട്ട പല തരം ചെറുകാറ്റുകള്‍ ഒന്നിച്ചു ചേര്‍ന്നതിന്റെ പിന്നിലെ കാരണം ആ പേടിയാണ്. 

നിയമസഭയിലൊന്നും പുറത്തൊന്നും
 നിയമസഭയില്‍ പ്രതിപക്ഷം എന്ന മറുപക്ഷം ഒരു ആവശ്യം ഉന്നയിക്കുമ്പോള്‍ അതിനെ അസന്ദിഗ്ദ്ധമായും ശക്തിയായും എതിര്‍ക്കുക എന്നതാണ് ഭരിക്കുന്നവര്‍ സാധാരണഗതിയില്‍ ചെയ്യുന്നത്. ജേക്കബ് തോമസിനെ മാറ്റണം എന്ന് ആഗ്രഹിക്കുന്ന പലരുമുണ്ടെന്നും ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞത് അങ്ങനെയാകാം. അതേസമയം, സ്വന്തം പക്ഷത്തുള്ളവരാണ് അതേ ചോദ്യം ഉന്നയിക്കുന്നതെങ്കില്‍ പ്രതികരണം അങ്ങനെയാകണമെന്നില്ല. മറുപക്ഷത്തുള്ളവര്‍ പറയുന്നതു വേറെ എന്തോ ഉദ്ദേശ്യത്തിലാകാം. അതുകൊണ്ട് അതു ശക്തിയായി നിഷേധിക്കുക, നിങ്ങള്‍ പറയുന്നതുപോലെയല്ല എന്നു പറയുക. ആ പ്രസ്താവനയെ അങ്ങനെയും കാണാം. അങ്ങനെയാണ് ഞാനതിനെ കാണുന്നത്. മറ്റൊരു തരത്തില്‍, അദ്ദേഹം അവിടെത്തന്നെ ഉണ്ടാകുമെന്നും നിങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ പറഞ്ഞാലും അദ്ദേഹം തുടരും എന്ന പ്രഖ്യാപനമായും എടുക്കാം. ആദ്യം അങ്ങനെയാണല്ലോ എല്ലാവരും എടുത്തത്. പക്ഷേ, മുഖ്യമന്ത്രിക്കുമേലും സമ്മര്‍ദങ്ങളൊക്കെ ഉണ്ടാകാം. എല്ലാം അനുമാനങ്ങളാണ്. അതില്‍ ഏതാണ് സത്യം എന്നതു കണ്ടുപിടിക്കപ്പെടേണ്ട കാര്യമാണ്. അത് അത്ര എളുപ്പമല്ല. കൂടുതല്‍ മെച്ചപ്പെട്ട തസ്തിക തരാനുള്ള അണിയറ നീക്കമുണ്ട് എന്ന് അഭ്യൂഹങ്ങളുണ്ട്. ഒട്ടും ശരിയല്ല. പൂര്‍ണ്ണമായും അഭ്യൂഹം മാത്രമാണ്. വിജിലന്‍സില്‍ ഇപ്പോള്‍ കാര്യങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതു വേറെ ഒരാളാണ്. അതിനു സ്വീകാര്യത ലഭിക്കുന്നുണ്ടോ എന്ന ആശങ്കയുണ്ടാകാം. എനിക്കു മറ്റൊരു നല്ല തസ്തിക വരുന്നുണ്ട് എന്നു പ്രചരിപ്പിച്ചാല്‍ പ്രതിഷേധത്തിന്റെയും വിശ്വാസക്കുറവിന്റെയും മുനയൊടിക്കാന്‍ പറ്റും എന്നു കരുതി അതിനു വേണ്ടി ബോധപൂര്‍വ്വം നടത്തുന്ന ശ്രമമാണ്. അത്തരമൊരു പ്രചാരണം നടക്കുന്നുണ്ടെന്നു ഞാന്‍ അറിയുന്നുണ്ട്. അങ്ങനെയൊന്നു സംഭവിക്കില്ല എന്നെനിക്കറിയാം. 

ബാര്‍ കോഴക്കേസും റെയ്ഡും 
2014-ല്‍ ആണ് ബാര്‍ കേസിന്റെ അന്വേഷണം തുടങ്ങുന്നത്. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പരാതിയില്‍. ഞാന്‍ വിജിലന്‍സില്‍ എ.ഡി.ജി.പിയാണ് അന്ന്. ആദ്യത്തെ വെളിപ്പെടുത്തല്‍ ബിജു രമേശ് മാധ്യമങ്ങളോട് പറയുകയും ഒകേ്ടാബര്‍ അവസാനം വി.എസ്. പരാതി തരികയുമായിരുന്നു. ഭരിക്കുന്ന മന്ത്രിക്കെതിരെ ആരോപണം വന്നപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. വിജിലന്‍സിലുള്ളതുകൊണ്ട് ഞാനും അതൊക്കെ ശ്രദ്ധിച്ചു. വിന്‍സന്‍ പോള്‍ ആണ് വിജിലന്‍സ് ഡയറക്ടര്‍. സ്വാഭാവികമായും ഞങ്ങള്‍ പരസ്പരം അതു ചര്‍ച്ച ചെയ്തു. അന്ന് അതിന്റെ അന്വേഷണം സതേണ്‍ റേഞ്ച് എസ്.പി. രാജ്‌മോഹന്‍ ആയിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്നും പറഞ്ഞതില്‍ കാമ്പുണ്ടെന്നും നവംബറോടെ മനസ്സിലായി. സാക്ഷിമൊഴികളൊക്കെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന വിധത്തിലായിരുന്നു. പിന്നെ നിയമോപദേശത്തിനു വിട്ടു. ഞാന്‍ അതിലൊന്നും നേരിട്ടു ഭാഗഭാക്കായിരുന്നില്ല. അവിടുത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മാത്രം അഭിപ്രായങ്ങള്‍ പറയുകയും മറ്റും ചെയ്യുമല്ലോ. അതിന്റെ തുടര്‍ച്ചയായി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണോ എന്ന തീരുമാനമെടുക്കുന്നതില്‍ ഞാനും പങ്കാളിയായി. പങ്കാളി മാത്രം. 
അതിനു മുന്‍പ് ഒരു പശ്ചാത്തലം കൂടിയുണ്ട്. ടി.ഒ. സൂരജ് എന്ന പൊതുമരാമത്ത് സെക്രട്ടറിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ കയറി റെയ്ഡ് നടത്തി. ചരിത്രത്തിലാദ്യമായാണ് സെക്രട്ടേറിയറ്റില്‍ കയറി, അതും സെക്രട്ടറി റാങ്കിലുള്ള ഒരാളുടെ ഓഫീസില്‍ കയറി വിജിലന്‍സ് റെയ്ഡ് നടത്തുന്നതും രേഖകളൊക്കെ പിടിച്ചെടുക്കുന്നതും. ഞാന്‍ നേരിട്ടു നോക്കിയിരുന്ന കേസാണ്. സെക്രട്ടേറിയറ്റ് റെയ്ഡും സൂരജിന്റെ എറണാകുളത്തെയും തിരുവനന്തപുരത്തെയും വീട് റെയ്ഡുമൊക്കെ ഞാന്‍ നേരിട്ട് മേല്‍നോട്ടം വഹിച്ചാണ് നടത്തിയത്. അപ്പോള്‍, ഇയാള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നയാളാണ്, 'വഴിവിട്ട്' ചെയ്യുന്നയാളാണ്, കടന്നു പ്രവര്‍ത്തിക്കുന്നയാളാണ് എന്ന ഒരു ചിന്തയോ പേടിയോ അന്നേ സെക്രട്ടേറിയറ്റിലുള്ളവരുടെ മനസ്സില്‍ ഉണ്ടായി. സെക്രട്ടേറിയറ്റില്‍ ഓഫീസ് ഉള്ളവര്‍ക്കല്ലാം അതൊരു പ്രശ്‌നമായി. സെക്രട്ടേറിയറ്റില്‍ ഓഫീസുള്ള ഏറ്റവും പ്രധാനപ്പെട്ടയാളുകള്‍ മന്ത്രിമാരാണല്ലോ. അതുവരെ സെക്രട്ടേറിയറ്റിലെ ഏതെങ്കിലും ഓഫീസില്‍ വിജിലന്‍സ് വന്നു കയറുമെന്ന് ഇവരൊന്നും വിചാരിച്ചിരുന്നില്ല. വിജിലന്‍സ് അതിന്റെ താഴെയുള്ള വില്ലേജ് ഓഫീസറെയോ വാളയാര്‍ ചെക്ക്‌പോസ്റ്റിലെ എം.വി.ഐയെയോ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നവരെയോ പഞ്ചായത്ത് സെക്രട്ടറിയെയോ ആര്‍.ടി.ഒ ഓഫീസിലെ പ്യൂണിനെയോ ഒക്കെ പിടിക്കാനുള്ള സംവിധാനമാണ് എന്നാണ് വയ്പ്. അവിടെയൊക്കെ പോയി റെയ്ഡ് നടത്തും, കേസെടുക്കും. ആ സംഭവം എന്നെപ്പറ്റിയുള്ള വിലയിരുത്തലായി. ബാര്‍ കേസാണ് രണ്ടാമതു വരുന്നത്. അതു വന്നപ്പഴേക്കും ഇപ്പോഴെനിക്ക് പറയാന്‍ പറ്റാത്ത ചില കരുതല്‍ പരിപാടികളൊക്കെ ഉണ്ടായി. അന്വേഷണത്തിലിരിക്കുന്ന കേസായതുകൊണ്ട് അതിനേക്കുറിച്ചു കൂടുതല്‍ പറയുന്നതു ശരിയല്ല. 
ബാര്‍ കോഴക്കേസിലെ പ്രതി ധനകാര്യമന്ത്രിയായിരുന്നല്ലോ. ഞാന്‍ തുറമുഖ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് ഇരുന്നപ്പോഴുള്ള കാര്യങ്ങള്‍ ധനകാര്യ പരിശോധനാ വിഭാഗത്തെക്കൊണ്ട് അന്വേഷണം തുടങ്ങി. നിരന്തരം അന്വേഷണം. എന്തെങ്കിലും എനിക്കെതിരെ പിടിച്ചുകൊണ്ടുചെല്ലണം എന്നായിരുന്നു അവര്‍ക്കുള്ള നിര്‍ദ്ദേശം. 2014 നവംബര്‍ അവസാനം തുടങ്ങിയതാണ് അത്. ബാര്‍ കേസ് മാത്രമാണ് അതിനു കാരണം. ധനകാര്യ സെക്രട്ടറി ആരാണ്? കെ. എം. മാണിയുടെ ലെഫ്റ്റനന്റ് ആയ കെ.എം. ഏബ്രഹാം. ഏബ്രഹാം അന്നു മുതല്‍ എനിക്കെതിരേ തുടങ്ങിയതാണ്. പക്ഷേ, ഏബ്രഹാമിന് എന്നോട് അന്നു പ്രത്യേകിച്ചു വിരോധമൊന്നുമില്ലായിരുന്നു. കെ.എം. മാണിക്കു വേണ്ടിയുള്ള ചെയ്തികളെന്നേ ഉണ്ടായിരുന്നുള്ളു. പക്ഷേ, ഇതൊന്നും അവര്‍ സമ്മതിച്ചുതരില്ല. പരാതി കിട്ടി, അതുകൊണ്ട് അന്വേഷിച്ചു എന്നാണ് പറയുന്നത്. പരാതിക്കാരന്‍ കണ്ണൂരില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സത്യന്‍ നിരവൂര്‍ ആയിരുന്നു. വിജിലന്‍സിനും കൊടുത്തിരുന്നു പരാതി. പരാതി കൊടുക്കാന്‍ ആളെക്കിട്ടുന്നതിന് ഒരു പ്രയാസവുമില്ല. പല പരാതികളും വരുന്ന വഴികള്‍ അങ്ങനെയൊക്കെയാണ്. 
വിജിലന്‍സ് ഡയറക്ടറെ എന്തുകൊണ്ട് മാറ്റുന്നില്ല എന്ന ചോദ്യത്തിലേക്ക് ഹൈക്കോടതിയെ എത്തിച്ചത് ബാര്‍ കേസിന്റെ തുടക്കം മുതല്‍ ധനകാര്യവകുപ്പില്‍നിന്നു തുടങ്ങിയ ആ ഒരു പകപോക്കലാണ്. ആ പകപോക്കലിന്റെ ഭാഗമായി എനിക്കെതിരെ പക്ഷപാതപരമായ റിപ്പോര്‍ട്ടുകളുണ്ടായി. ആര്‍ക്കെതിരേയും അത്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. ഒരു സ്‌റ്റേഷനിലെ എസ്.ഐയെ ഇഷ്ടമല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥന്‍ അവിടെ പരിശോധനയ്ക്കു ചെന്നിട്ട് ആ എസ്.ഐയെ 'കൊല്ലാനുള്ള' റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ പറ്റും. ഏത് ഓഫീസില്‍ പോയാലും കിട്ടും അത്തരം റിപ്പോര്‍ട്ടിനുള്ള വക. അതുപോലെ ബാര്‍ കേസിന്റെ പകപോക്കലായി ധനകാര്യവകുപ്പില്‍നിന്നു മനപ്പൂര്‍വം റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കി മനപ്പൂര്‍വം റൂട്ട് തെറ്റിച്ചു കൈകാര്യം ചെയ്തു. 
തുറമുഖവകുപ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ സാധാരണഗതിയില്‍ അതു കൈകാര്യം ചെയ്യേണ്ടതു തുറമുഖവകുപ്പിന്റെ മന്ത്രിയാണ്. അതാണ് നടപടിക്രമം. പകരം ധനകാര്യ മന്ത്രി കണ്ടിട്ട് ചീഫ് സെക്രട്ടറിക്കു കൊടുക്കുകയാണ് ചെയ്തത്. തുറമുഖ മന്ത്രിയോട് അഭിപ്രായം ചോദിക്കേണ്ടിയിരുന്നു, ''ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന കാലത്ത് എല്ലാം കട്ടുമുടിച്ച് ഇല്ലാതാക്കി എന്നതിനെക്കുറിച്ചു താങ്കളുടെ അഭിപ്രായം എന്താണെന്ന്.' പക്ഷേ, നടന്നത് അങ്ങനെയല്ല. മനപ്പൂര്‍വമായിരുന്നു അത്. അവരാണ് വഴിവിട്ടു പ്രവര്‍ത്തിച്ചത്. അത് എന്നെ 'കൊല്ലാന്‍' വേണ്ടിത്തന്നെയായിരുന്നു. എന്നെ പേടിപ്പിക്കാന്‍ പറ്റുന്നില്ല. പകരം തകര്‍ക്കാന്‍ ശ്രമിച്ചു. 
ബാര്‍കോഴ കേസ് മുതല്‍ ധനകാര്യ വകുപ്പ് എന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്, അത് ഇപ്പോഴും തുടരുന്നു. കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഒരു സാധനം എനിക്കെതിരെ കൊടുത്തതും അതിന്റെ ഭാഗമാണ്. ധനകാര്യ വകുപ്പ് മുന്‍കൈയെടുത്തു നടത്തുന്ന പകപോക്കലിന്റെ ഭാഗം. സെക്രട്ടേറിയറ്റ് എന്നത് മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയതുപോലെ വലിയൊരു യന്ത്രമാണ്. ആ ചക്രത്തിന്റെ വളയങ്ങളെല്ലാം ഒരുപോലെയാകണം. വേറിട്ടു നില്‍ക്കുന്നവരെ പുകച്ച് സെക്രട്ടേറിയറ്റിനു പുറത്ത് ഐ.എം.ജിയിലോ വേറെ എവിടെയെങ്കിലുമോ ഒക്കെ തട്ടും. ചക്രത്തിന്റെ ഒരു കറക്കമാണ് അത്. 

എസ്.എം. വിജയാനന്ദ്
ഐ.എ.എസ് അസോസിയേഷനെതിരെ കേസെടുത്തപ്പോള്‍ അതിനെതിരെ യോഗം ചേരുകയും ചീഫ് സെക്രട്ടറി അതില്‍ പങ്കെടുക്കുകയും ചെയ്തു. ചീഫ് സെക്രട്ടറി അതിനും മുകളില്‍ നില്‍ക്കുന്നയാളാണ്. അദ്ദേഹം എന്റെയും ചീഫ് സെക്രട്ടറിയാണ്. പക്ഷേ, അദ്ദേഹം ഐ.എ.എസുകാരുടെ മാത്രം ആളായി നിന്നു. അത് അധികാര ദുര്‍വിനിയോഗമാണ്. ചീഫ് സെക്രട്ടറിയായിരിക്കുമ്പോള്‍ ആ പദവിക്കൊത്തു നില്‍ക്കണം. ഞാന്‍ ഡി.ജി.പി ആയാല്‍ ഐ.പി.എസ്സുകാരുടെ മാത്രം ഡി.ജി.പിയല്ല. കേരളത്തിന്റെ ക്രമസമാധാനം നന്നാക്കുകയാണ് ചുമതല. ആര് നിയമം ലംഘിച്ചാലും നടപടിയെടുക്കണം. അല്ലാതെ ഐ.പി.എസ്സുകാരന്‍ നിയമലംഘനം കാണിച്ചാല്‍ ഞാന്‍ മൃദുവാകാന്‍ പാടില്ല. ജഡ്ജിയാകുന്നയാള്‍ അതിനു മുന്‍പ് അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ടാകുമല്ലോ. പക്ഷേ, ജഡ്ജിയായിക്കഴിഞ്ഞാല്‍ പഴയ വക്കീല്‍ ഓഫീസില്‍നിന്നു വരുന്ന കേസുകള്‍ പ്രത്യേകം നോക്കുമോ. ഒരിക്കലുമില്ലല്ലോ. വിജയാനന്ദ് അങ്ങനെ കണ്ടില്ല. അദ്ദേഹം ഐ.എ.എസ്സുകാരുടെ വക്താവായി. അസോസിയേഷന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം നിര്‍ത്താനുള്ള ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. കെ.എം. ഏബ്രഹാമിന്റെ ഓഫീസില്‍ ഐ.എ.എസ് അസോസിയേഷന്റെ യോഗം ചേര്‍ന്നത് ശരിയാണോ, അതിന്റേതായി നാല് പേജുള്ള കുറിപ്പ് മാധ്യമങ്ങള്‍ക്ക് കെ.എം. ഏബ്രഹാം ചോര്‍ത്തിക്കൊടുത്തതു ശരിയാണോ? അതിനൊക്കെ ചീഫ് സെക്രട്ടറി കൂട്ടുനിന്നു, പിന്തുണ നല്‍കി. എന്തിന് അങ്ങനെ ചെയ്തു എന്നതു നേരത്തേ പറഞ്ഞ സത്യങ്ങളുടെ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.

പിണറായി വിജയന്‍
അന്വേഷണ ഏജന്‍സിയായ വിജിലന്‍സിനെ പൂര്‍ണ്ണ സ്വതന്ത്രമായി നിലനിര്‍ത്താന്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ശ്രമിച്ചിരുന്നു. എല്ലാ കാര്യങ്ങളും നിയമപരമായി മാത്രമാണ് പോകുന്നതെന്ന് അദ്ദേഹം ഉറപ്പുവരുത്തിയിരുന്നു. അതൊരു വലിയ കാര്യമാണ്, കുറച്ചു കാണാന്‍ കഴിയില്ല. അദ്ദേഹത്തിന്റെമേലും സമ്മര്‍ദങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. എന്നിട്ടും അന്വേഷണ ഏജന്‍സി സ്വതന്ത്രമായിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു.  എം.എം. മണി പറഞ്ഞതിലൊന്നും വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പതിവുശൈലിയില്‍ പറഞ്ഞതായിരിക്കും. അല്ലാതെ അദ്ദേഹം എല്ലാ കാര്യങ്ങളും അറിയണമെന്നില്ലല്ലോ. അദ്ദേഹത്തിന്റെ വകുപ്പിലെ കാര്യമാണെങ്കില്‍ ശരി. പക്ഷേ, കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതുപോലെ പാര്‍ട്ടി ഇടപെടാറില്ലേ എന്നു ചോദിച്ചാല്‍ ഇല്ലെന്നു ഞാന്‍ പറയില്ല. കെ.എം. മാണിക്കെതിരെ കേസെടുത്തപ്പോള്‍ കേരള കോണ്‍ഗ്രസ്സിലെ എല്ലാവരും അതിശക്തമായി അതിനെതിരെ വന്നല്ലോ. അക്കാലത്തെ ചാനല്‍ ചര്‍ച്ചകളൊക്കെ ശ്രദ്ധിച്ചവര്‍ക്ക് അറിയാം. മാണി നിരപരാധിയാണ് എന്നായിരുന്നു പാര്‍ട്ടിയിലെ എല്ലാ നേതാക്കളുടെയും നിലപാട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനെതിരെ അന്വേഷണവും കേസും വരുമ്പോള്‍ ആ പാര്‍ട്ടിയിലെ മറ്റുള്ളവരെല്ലാം അദ്ദേഹത്തിനു കഴിയുന്ന വിധത്തിലൊക്കെ പിന്തുണ നല്‍കുക എന്നതു സാധാരണവും സ്വാഭാവികവുമായ കാര്യമാണ്.

വിജിലന്‍സും കോടതിയും
പൊതുസേവനം ചെയ്യുന്നവര്‍ക്ക്, സമൂഹത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നവര്‍ക്ക് അച്ചടക്കനടപടികള്‍ ഉണ്ടാകണോ. രണ്ടാമതായി, അവര്‍ക്കൊരു പെരുമാറ്റച്ചട്ടം വേണ്ടതല്ലേ. മാധ്യമ പ്രവര്‍ത്തകര്‍ക്കു പെരുമാറ്റച്ചട്ടം ഉണ്ടാകണമെന്നും മന്ത്രിമാര്‍ക്കു പെരുമാറ്റച്ചട്ടം ഉണ്ടാകണം എന്നുമൊക്കെ പറയാറുണ്ട്. അഖിലേന്ത്യാ സര്‍വ്വീസിനു പെരുമാറ്റച്ചട്ടം നിലവിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുണ്ട്. ഇവര്‍ക്കുണ്ടോ. ഇതു പൊതുസമൂഹത്തോടുള്ള എന്റെ ചോദ്യമാണ്. ജഡ്ജിയും മനുഷ്യരാണല്ലോ. അവര്‍ക്ക് അച്ചടക്കനടപടികള്‍ ഉണ്ടോ. 
1968-ലെ ജഡ്ജസ് പ്രൊട്ടക്ഷന്‍ ആക്റ്റ്, കണ്ടംപ്റ്റ് ഓഫ് കോര്‍ട്ട് ആക്റ്റ് എന്നിവയുണ്ട് ഇന്ത്യയില്‍. അഴിമതി നിരോധന നിയമപ്രകാരം ഒരു ഉദ്യോഗസ്ഥനെതിരെ നടപടിക്കു മുന്‍പ് അഴിമതി നിരോധന നിയമത്തിലെ പത്തൊന്‍പതാം വകുപ്പു പ്രകാരം പ്രോസിക്യൂഷന്‍ അനുമതി വാങ്ങണം. അതുപോലെ അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഡ്യൂട്ടിയുമായി ബന്ധപ്പെട്ട നടപടിയെടുക്കണമെങ്കില്‍ ഭരണഘടനയില്‍ത്തന്നെ രണ്ട് വകുപ്പുകളുണ്ട്. അതുപോലെയാണ് ജഡ്ജിമാരുടെ കാര്യത്തില്‍ ജഡ്ജസ് പ്രോട്ടക്ഷന്‍ ആക്റ്റുള്ളത്. അതുപ്രകാരം അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ സമൂഹത്തിലങ്ങനെ ചര്‍ച്ച ചെയ്യാനൊന്നും പറ്റില്ല. ഈ ആക്റ്റ് പുന:പരിശോധിക്കണം എന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ആയ ശേഷം ഞാന്‍ സര്‍ക്കാരിന് ആദ്യം അയച്ച ശുപാര്‍ശകളിലൊന്ന്. ജില്ലാ ജഡ്ജി എടുക്കുന്ന തീരുമാനമാണെങ്കിലും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒരു വീടിന് അല്ലെങ്കില്‍ കെട്ടിടത്തിനു നികുതി എത്രയാണ് എന്ന് എടുക്കുന്ന തീരുമാനമാണെങ്കിലും കൊമേഴ്‌സ്യല്‍ ടാക്‌സ് അപ്പലേറ്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട കാര്യമാണെങ്കിലും ജഡ്ജസ് പ്രൊട്ടക്ഷന്‍ ആക്റ്റിന്റെ സംരക്ഷണം കിട്ടുന്നുണ്ട്. 
കൊമേഴ്‌സ്യല്‍ ടാക്‌സസ് അപ്പലേറ്റ് അതോറിറ്റിയാണ് സ്വര്‍ണ്ണക്കടകളുടെയും തുണിക്കടകളുടെയും മറ്റും നികുതിക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമെടുക്കുന്നത്. സ്വര്‍ണ്ണക്കച്ചവടക്കാരുമായി ബന്ധപ്പെട്ട ചില കേസുകളൊക്കെ വിജിലന്‍സില്‍ വന്നിരുന്നു. ബഡ്ജറ്റ് പ്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എങ്ങനെയാണ് വിജിലന്‍സ് അന്വേഷിക്കുക എന്ന ചോദ്യമാണ് അതിനെതിരെ ഉയര്‍ന്നത്. ജുഡീഷല്‍ പ്രക്രിയയുടെ ഭാഗമാണെങ്കില്‍ അന്വേഷിക്കാന്‍ പറ്റില്ല. ജുഡീഷല്‍ പ്രക്രിയയുടെ മറവില്‍ പല അഴിമതികളും നടക്കുന്നുമുണ്ട്. അതിനൊക്കെ ജഡ്ജസ് പ്രോട്ടക്ഷന്‍ ആക്റ്റിന്റെ സംരക്ഷണവും കിട്ടുന്നുണ്ട്. റവന്യു വകുപ്പിന്റെ ജില്ലയിലെ തലവന്‍ എന്ന നിലയില്‍ കളക്ടറാണ് ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉത്തരവാദി. പാറ്റൂര്‍ കേസിന്റെ റിപ്പോര്‍ട്ട് വന്നപ്പോള്‍ തിരുവനന്തപുരത്തെ പഴയ കളക്ടര്‍ കെ.എന്‍. സതീഷ് അതിനെ ജഡ്ജസ് പ്രോട്ടക്ഷന്‍ ആക്റ്റ് പ്രകാരം ചോദ്യം ചെയ്തിരുന്നു. ഇക്കാരണങ്ങളൊക്കെക്കൊണ്ടാണ് ഞാന്‍ വിജിലന്‍സ് ഡയറക്ടറായപ്പോള്‍ ജഡ്ജസ് പ്രോട്ടക്ഷന്‍ ആക്റ്റ് പുന:പരിശോധിക്കണം എന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. അഴിമതിക്കെതിരെ സീറോ ടോളറന്‍സ് കേരളത്തില്‍ നടപ്പാക്കുന്നതിന് ഈ ആക്റ്റ് വിലങ്ങുതടിയാണ് എന്നും അതുകൊണ്ട് പുന:പരിശോധിക്കണം എന്നും ഈ നിയമത്തിന്റെ പരിരക്ഷയുള്ള തസ്തികകളിലേക്കു നിയമിക്കുന്ന വ്യക്തികള്‍ അതിനു യോഗ്യരാണോ എന്നു പരിശോധിച്ചു വ്യക്തത വരുത്തിയിട്ടേ നിയമിക്കാവൂ എന്നുമായിരുന്നു ആവശ്യപ്പെട്ടത്. 
ജഡ്ജസ് പ്രൊട്ടക്ഷന്‍ ആക്റ്റ് ഒരു സുപ്രഭാതത്തില്‍ കേരളത്തിനു മാത്രമായി മാറ്റാനൊന്നും സാധിക്കില്ല. പക്ഷേ, നിയമിക്കപ്പെടുന്നവര്‍ യോഗ്യരാണോ എന്നു സംസ്ഥാന സര്‍ക്കാരിനു തീരുമാനിക്കാമല്ലോ. സര്‍ക്കാരില്‍നിന്ന് ഒരു മറുപടിയും ലഭിച്ചില്ല. മുഖ്യമന്ത്രിയോടു നേരിട്ടു സംസാരിക്കുകയും ചെയ്തു. അദ്ദേഹം പൊതുവേ പിന്തുണ നല്‍കുന്ന നിലപാടുള്ളയാളാണ്. പക്ഷേ, സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കുന്ന പല ശുപാര്‍ശകളും പല വകുപ്പുകളില്‍ പോകണമല്ലോ. ചിലതു ധനകാര്യ വകുപ്പില്‍ പോകണം, ചിലതു നിയമവകുപ്പില്‍ പോകണം. ഈ പറഞ്ഞതു നിയമവകുപ്പില്‍ പോകേണ്ടതാണ്. ടോം ജോസിനെ സസ്‌പെന്റ് ചെയ്യണം എന്ന എന്റെ ശുപാര്‍ശയുണ്ടായപ്പോള്‍ അതു പാടില്ല എന്ന് ആറു പേജോളം ഫയലില്‍ എഴുതിയയാളാണ് നിയമ സെക്രട്ടറി. മലബാര്‍ സിമന്റ്‌സ് എം.ഡിയായിരുന്ന പദ്മകുമാറിനെ സസ്‌പെന്റ് ചെയ്യാനുള്ള ശുപാര്‍ശയ്‌ക്കെതിരേയും അദ്ദേഹം നീണ്ട കുറിപ്പെഴുതി. വിജിലന്‍സ് എടുത്തിരിക്കുന്ന കേസൊക്കെ മണ്ടത്തരമാണ് എന്ന് എഴുതിയ, മുന്‍വിധിയുള്ള ആളുടെ അടുത്തേക്ക് എന്റെയൊരു ശുപാര്‍ശ പോയാലുള്ള സ്ഥിതി എന്തായിരിക്കും. കെ.എം. ഏബ്രഹാമിന്റെ അടുത്തേക്ക് എന്റെയൊരു പ്രപ്പോസല്‍ ചെന്നാലോ. ഇവന്റെയാണോ എങ്കില്‍ കൊന്നുകളയാം എന്നായിരിക്കും ചിന്തിക്കുന്നത്. അതാണ് സംഭവിച്ചത്. എന്റെ നാല്‍പ്പത്തിയാറ് ശുപാര്‍ശകള്‍ ഇതുപോലെ തീരുമാനമാകാതെ സര്‍ക്കാരില്‍ കിടപ്പുണ്ട്. എല്ലാം സീറോ ടോളറന്‍സ് റ്റു കറപ്ഷന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടത്. 36 സര്‍ക്കുലറുകള്‍ ഞാന്‍ ഇറക്കി. എല്ലാം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിജിലന്‍സ് ആദ്യമായാണ് സര്‍ക്കുലറുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. ജനം അറിയണം, അതിനാണ്. പൊതുജനങ്ങളുടെ ഏജന്റും ട്രസ്റ്റിയുമാണ് വിജിലന്‍സ്. അട്ടപ്പാടിയിലെയും പുല്‍പ്പള്ളിയിലെയും ഇടമലക്കുടിയിലെയും ആദിവാസികളുടെകൂടി ഏജന്റാണ് ഞാന്‍. അഞ്ചു തെങ്ങിലെ കടപ്പുറത്തു കാറ്റടിച്ചാല്‍ പറന്നുപോകുന്ന കുടിലുകെട്ടി ജീവിക്കുന്നവരുടെയും കൊഴിഞ്ഞാമ്പാറയില്‍ പച്ചക്കറി കൃഷിചെയ്തു ജീവിക്കുന്നയാളുടെയും ഏജന്റാണ്. അവരോരുത്തരും അറിയണം എന്താണ് നടക്കുന്നതെന്ന്. 

പൊളിച്ചടുക്കിയ റ്റി ബ്രാഞ്ച്
പൊലീസ് ആസ്ഥാനത്തും വിജിലന്‍സ് ആസ്ഥാനത്തും 'റ്റി ബ്രാഞ്ച്' എന്നൊരു വിഭാഗമുണ്ട്. റ്റി ബ്രാഞ്ചിലുള്ള പരാതികളോ രേഖകളോ വിവരാവകാശ നിയമപ്രകാരം കൊടുക്കേണ്ട എന്ന് 2016 ജനുവരിയില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. അതിനു മുന്‍പും കൊടുക്കാറില്ല എന്നതാണ് സത്യം. വലിയ ആളുകള്‍ക്കെതിരെ പരാതി വന്നാല്‍ റ്റി ബ്രാഞ്ച് എന്ന് രേഖപ്പെടുത്തി കെട്ടിവയ്ക്കും. അതൊരു കോള്‍ഡ് സ്‌റ്റോറേജാണ്. മന്ത്രിക്കെതിരെ ആയാലും ഐ.എ.എസുകാരനെതിരെ ആയാലും ഐ.പി.എസുകാരനെതിരെ ആയാലും റ്റി ബ്രാഞ്ചിലേക്കു മാറ്റും. വെളിച്ചം കാണില്ല പിന്നെ. ഞാന്‍ വന്നിട്ട് ആദ്യം ചെയ്തത് വിജിലന്‍സിലെ റ്റി ബ്രാഞ്ച് പൊളിച്ചുകളയുകയായിരുന്നു. ഇപ്പോള്‍ വിജിലന്‍സില്‍ റ്റി ബ്രാഞ്ച് ഇല്ല. അന്നുവരെ അവിടെ കെട്ടിവച്ചിരുന്ന പരാതികളൊക്കെ എടുത്ത് ഞാന്‍ അന്വേഷിക്കാന്‍ പറഞ്ഞു. അതാണ് ജേക്കബ് തോമസ് ചെയ്ത ആദ്യത്തെ അപരാധം. ഈ പറയുന്ന വരേണ്യ വര്‍ഗ്ഗമുണ്ടല്ലോ - റൂളിംഗ് എലീറ്റ്‌സ്, അവര്‍ക്കു വലിയ ഭീഷണിയാണ് അത്. റ്റി ബ്രാഞ്ചിന്റെ സംരക്ഷണം അവര്‍ക്ക് ഇല്ലാതായി. പൊലീസ് ആസ്ഥാനത്ത് ഇപ്പോഴും റ്റി ബ്രാഞ്ചുണ്ട്. വന്‍കിട അഴിമതിക്കാര്‍ക്കുള്ള സംരക്ഷണ കവചമായിരുന്നു റ്റി ബ്രാഞ്ച്. സ്വാഭാവികമായും അവര്‍ക്ക് എന്നോട് ദേഷ്യമുണ്ടാകും. അവര്‍ക്കാണ് ഏറ്റവുമധികം സ്വാധീനമുള്ളത്. 1989-ലാണ് കുടകില്‍ ഭൂമി വാങ്ങിയത്. പക്ഷേ, പെട്ടെന്നെങ്ങനെ അതു പ്രശ്‌നമായി മാറി? മുന്‍പും എനിക്ക് ആ സ്ഥലമുണ്ട്, ഞാന്‍ എല്ലാ മാസവും അവിടെ പോകാറുമുണ്ട്. കൃഷിയുണ്ട്. ഞാന്‍ കൃഷിക്കാരനാണ്. അല്ലാതെ ഇന്നലെ ഞാന്‍ വാങ്ങിച്ച സ്ഥലമല്ല. നിയമപരമായ കാര്യങ്ങള്‍ അതിന്റെ വഴിക്കുപോകും. റ്റി ബ്രാഞ്ച് പൊളിച്ചതുകൊണ്ടാണ് അതു പെട്ടെന്ന് എനിക്കെതിരായി ഉപയോഗിക്കാവുന്ന വിഷയമായി മാറിയത്. അതാണു പ്രധാന കാര്യം. 
അതുകഴിഞ്ഞാണ് മന്ത്രിസഭയിലെ രണ്ടാമനെന്ന് എല്ലാവരും കരുതിയിരുന്ന ആള്‍ക്കെതിരെ കേസെടുത്തത്. യു.ഡി.എഫ് സര്‍ക്കാരിലെയും കരുത്തനെതിരെയാണ് കേസെടുത്തത്. അതുകൊണ്ട് ഞാന്‍ കേരളത്തിലെ ഭരണത്തിനു വലിയ ശത്രുവായി. പക്ഷേ, എന്തു ഭരണത്തിനാണ്? അഴിമതി ഭരണത്തിന്. അപ്പോള്‍ ഞാന്‍ ശത്രുവായി. ശത്രുവിനെ ഏതുവിധവും ഇല്ലാതാക്കാനുള്ള വഴികള്‍ ചാണക്യന്‍ പണ്ടേ പറഞ്ഞുകൊടുത്തിട്ടുമുണ്ട്.

കാര്‍ഡുകളും കലഹങ്ങളും
ഇനി ഇവിടെ വന്‍കിട പരാതികള്‍ സ്വീകരിക്കുന്നതല്ല എന്ന് എഴുതിവച്ചത്, ഒരു ഘട്ടത്തില്‍ പരാതികളെല്ലാം കൂടി കെട്ടി പരിശോധനയ്ക്ക് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുത്തത് - ഇതൊക്കെ ഒരു തരം കലഹങ്ങള്‍ തന്നെയാണെന്നു പറയാം. ശരിയാണത്. മഞ്ഞകാര്‍ഡും ചുവപ്പുകാര്‍ഡും നാട്ടുകാര്‍ മുന്‍പു കണ്ടിട്ടില്ലാത്തതല്ല. പകരം ഞാനൊരു പോര്‍ണോഗ്രഫിക് ചിത്രം കാണിച്ചിരുന്നെങ്കില്‍ അതു തെറ്റാണ്. കേരളത്തിലെ ഫുട്‌ബോള്‍ കാണുന്ന എല്ലാവര്‍ക്കും ആ കാര്‍ഡുകള്‍ അറിയാം. അതു കാണിക്കുന്നത് എന്തിനാണെന്നും അറിയാം. അതു കാണിക്കുമ്പോള്‍ പിന്നെ കൂടുതല്‍ വാക്കുകള്‍ വേണ്ട. ആദ്യം കളി തെറ്റിച്ചു കണ്ടാല്‍ മഞ്ഞക്കാര്‍ഡ്, പല തവണയായാല്‍ ചുവപ്പു കാര്‍ഡ്. റഫറിയുടെ പണിയാണത്. നിയന്ത്രിക്കുക. കളിക്കളത്തില്‍ ഫലപ്രദമായ രണ്ട് ആയുധങ്ങളാണ് അവ, പിന്നെയൊരു വിസില്‍ മാത്രമേയുള്ളു. വടിയൊന്നുമില്ല. ഈ രണ്ട് കാര്‍ഡുകള്‍കൊണ്ട് താക്കീത് തരും എന്നാണ് ഞാന്‍ പറഞ്ഞത്. ആശയവിനിമയത്തിന്റെ അടിസ്ഥാനതത്ത്വം മറ്റേയാള്‍ക്ക് മനസ്സിലാകണം എന്നുള്ളതാണ്. അതിനുള്ള ഉപകരണമാണ് കാര്‍ഡുകള്‍. ആളുകള്‍ക്ക് ഇപ്പോള്‍ വിജിലന്‍സിന്റെ ചുവപ്പുകാര്‍ഡും മഞ്ഞക്കാര്‍ഡും എന്നു കേട്ടാല്‍ത്തന്നെ അറിയാം. കൂടുതലൊന്നും പറയേണ്ടിവരുന്നില്ല. മഞ്ഞക്കാര്‍ഡ് എത്ര തവണ കാണിക്കും എന്നതൊക്കെ കാണിക്കുന്നയാളുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും, ചെയ്യുന്ന അഴിമതിയുടെ വ്യാപ്തിയുടെയും. ചിലപ്പോള്‍ മൂന്നു പ്രാവശ്യം കാണിച്ചെന്നിരിക്കും. മറ്റു ചിലപ്പോള്‍ ഒരു തവണ മഞ്ഞ കാണിച്ചിട്ട് നേരിട്ടു ചുവപ്പിലേക്ക് കടക്കും. 
പ്രിവന്റീവ് വിജിലന്‍സിനെയാണ് മഞ്ഞകൊണ്ട് സൂചിപ്പിക്കുന്നത്. മുന്‍കൂട്ടി അഴിമതി തടയാനുള്ള ശ്രമം. പ്രിവന്റീവ് വിജിലന്‍സിനു വേണ്ടി ഞാന്‍ കുറേയധികം നടപടികളെടുത്തു. വിജിനെറ്റ്, വാട്ടര്‍ വിജില്‍, ട്രാന്‍സ് വിജില്‍, എന്‍വയോണ്‍മെന്റല്‍ റിസ്‌ക് വിജില്‍, കണ്‍കറന്റ് വിജില്‍ തുടങ്ങി നിരവധി നടപടികള്‍. വിസില്‍ ബേ്‌ളാവേഴ്‌സ് അവാര്‍ഡ് ഏര്‍്‌പ്പെടുത്തി. വിസില്‍ ബേ്‌ളാവേഴ്‌സ് ഉണ്ട് എന്ന് അറിയുമ്പോള്‍ത്തന്നെ അഴിമതി ചെയ്യാന്‍ ആളുകള്‍ ഭയക്കും. താങ്കള്‍ ക്യാമറ നിരീക്ഷണത്തിലാണ് എന്നു സ്വര്‍ണ്ണക്കടയില്‍ എഴുതി വയ്ക്കുന്നതുപോലെയാണ്. എഴുതിവയ്ക്കാതെ മോഷണം നടന്ന ശേഷം ക്യാമറയില്‍ കണ്ടിട്ട് മോഷ്ടാവിനെ ഓടിച്ചിട്ടു പിടിക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കണം, കൂടുതല്‍ ആളുകള്‍ വേണം, അയാള്‍ അപമാനിതനാകുമ്പോള്‍ പ്രതിരോധിക്കും. സ്വന്തം സ്വര്‍ണ്ണമാണെന്ന് അവകാശപ്പെട്ടെന്നിരിക്കും. പിന്നെ തെളിയിക്കേണ്ടിവരും. അതൊരു നീണ്ട പ്രക്രിയയാണ്. അതിനു പകരം ക്യാമറയെക്കറിച്ച് ആദ്യമേ താക്കീതു ചെയ്യുമ്പോള്‍ മോഷ്ടിക്കാന്‍ മടിക്കും. നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ആ വാചകങ്ങള്‍ തന്നെയാണ് മഞ്ഞക്കാര്‍ഡുകൊണ്ട് ഉദ്ദേശിക്കുന്നത്. ചിലപ്പോള്‍ ചുവപ്പിലേക്കു പോകേണ്ടിവരില്ല. പോയിക്കഴിഞ്ഞാല്‍പ്പിന്നെ ശത്രുക്കളുണ്ടാകും. കെ. ബാബുവും കെ.എം. മാണിയുമൊക്കെ എന്റെ ശത്രുക്കളായതു കേസെടുത്തതുകൊണ്ടാണ്. കഴിയുന്നത്ര കേസെടുക്കാതെ അഴിമതി മുന്നേ തടയുന്ന ഒരു അവസ്ഥ എങ്ങനെയുണ്ടാക്കാം എന്ന ആലോചനയുടെ ഫലമാണ് മഞ്ഞക്കാര്‍ഡ്. 
വന്‍കിട പരാതികള്‍ സ്വീകരിക്കില്ല എന്ന് എഴുതിവച്ചതും പ്രതീകാത്മകമാണ്. അഭിപ്രായ സ്വാതന്ത്ര്യം, ഒരു കാര്യം ചെയ്യുന്നതിനുള്ള ക്രിയാത്മക രീതികള്‍ എന്നിവയൊക്കെ മാനേജ്‌മെന്റ് തത്ത്വങ്ങള്‍ തന്നെയാണ്. സ്ട്രാറ്റജിക് മാനേജ്‌മെന്റിനെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതിലുണ്ട് ഇതിനൊക്കെയുള്ള ഉത്തരം. ഞാന്‍ ടി.കെ.എം എന്‍ജിനീയറിംഗ് കോളേജില്‍ പഠിപ്പിച്ചതും സ്ട്രാറ്റജിക് മാനേജ്‌മെന്റാണ്. സ്ട്രാറ്റജിക് മാനേജ്‌മെന്റ് അനുസരിച്ചു വേണം ഒരു സ്ഥാപനത്തിന്റെ ഏറ്റവും ഉന്നത തലത്തിലെ കാര്യങ്ങള്‍ ചെയ്യേണ്ടത്. ലോംഗ് ടേം സുപ്പീരിയര്‍ പെര്‍ഫോമന്‍സ് എന്നാണ് അതിന്റെ അര്‍ത്ഥം. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എന്ന സ്ഥാപനത്തിന്റെ പ്രകടനം വിലയിരുത്തേണ്ടത് കേരളത്തിലെ അഴിമതി ഫലപ്രദമായി കുറച്ചുകൊണ്ടാണ്. അത് ഒരു ദിവസം പോരാ, എല്ലാക്കാലത്തേക്കുമായി കുറയ്ക്കണം. മഞ്ഞ വിഭാഗത്തില്‍ ഇരുപത്തിയഞ്ചോളം അഴിമതി പ്രതിരോധ പരിപാടികളുണ്ട്. ഒരു മാവിന്‍തൈ നട്ടാല്‍ പിറ്റേ ദിവസം കായ് ഉണ്ടാകില്ല. കുറഞ്ഞതു രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരും. അതിനു മുന്‍പേതന്നെ തൈ നട്ട് വെള്ളമൊഴിച്ച്, ചുവട്ടിലെ കളകള്‍ പറിച്ചുകളഞ്ഞയാളെ നാടുകടത്തിയാലോ കായ് കിട്ടില്ല. മാവ് ഞാന്‍ നട്ടു. അതിന് വെള്ളമൊഴിക്കുകയും കള പറിക്കുകയുമൊക്കെ ചെയ്തു വളര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഓരോ ദിവസവും അതിന് എത്ര ഇലകള്‍ വന്നു വന്നു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു കാറ്റ് വന്നാല്‍ വീഴാതിരിക്കാന്‍ കമ്പുവച്ച് കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ചെയ്യുന്നതിനിടെ, പത്തു മാസമാകുമ്പോഴേക്ക് അയാളെ മാറ്റിയിട്ട് മാവില്‍ കായൊന്നും ഉണ്ടാകുന്നില്ലെന്നു പറഞ്ഞിട്ടെന്താ കാര്യം. അങ്ങനെ പറയുന്നവരുണ്ട്. ഇയാള്‍ ഇത്ര കാലമായി എന്തു ചെയ്തു. കെ. ബാബുവിനെ പിടിച്ച് ജയിലില്‍ ഇട്ടില്ല, കെ.എം. മാണിയെ പിടിച്ച് ജയിലില്‍ ഇട്ടില്ല. അഴിമതി അവസാനിച്ചില്ല എന്നൊക്കെ പറയുന്നവരുണ്ട്. വില്ലേജ് ഓഫീസില്‍ പോയാല്‍ പണം കൊടുക്കണം. പഞ്ചായത്ത് ഓഫീസില്‍ പോയാലും പണം കൊടുക്കണം. പക്ഷേ, പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് പരിശോധിച്ചപ്പോള്‍ അങ്ങനെ പരിശോധിക്കാന്‍ പാടില്ലെന്ന് പഞ്ചായത്ത് മന്ത്രിതന്നെ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തു. അത് ഈ പറയുന്നവര്‍ അറിയുന്നില്ല. മന്ത്രി കെ.ടി. ജലീല്‍ എഴുതിക്കൊടുത്തു. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നു പറയില്ലേ, അതുതന്നെ. പഞ്ചായത്ത് അസോസിയേഷന്റെ സ്വാധീനം. അവര്‍ മന്ത്രിയെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതാണ്
കേരളത്തില്‍ ഏറ്റവുമധികം അഴിമതി നടക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് എന്ന് കണ്ടുപിടിച്ചല്ലോ. അതിനെക്കുറിച്ചു സംശയമുള്ളവര്‍ വന്നാല്‍ വ്യക്തമാക്കിക്കൊടുക്കാം. വിജിലന്‍സില്‍ ആദ്യമായി ഗവേഷണ–പരിശീലന വിഭാഗം തുടങ്ങിയിട്ടു ചെയ്ത ഒരു കാര്യമാണ് ആന്റി കറപ്ഷന്‍ ഇന്‍ഡക്‌സ്. നൂറോളം ആളുകള്‍ ഉള്‍പ്പെടുന്ന ആ വിഭാഗം ഗവേഷണ രീതികളനുസരിച്ചു ഗവേഷണമായിത്തന്നെയാണ് ചെയ്തത്. ഇന്ത്യയില്‍ ആദ്യമാണ് ഒരു സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ അഴിമതിയുടെ തോത് അളന്നു പ്രസിദ്ധീകരിക്കുന്നത്. ഒരു കാര്യത്തെ നന്നായി മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് അളവെടുക്കുന്നത്. മുന്‍കരുതല്‍. ആ ഒരു തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ അഴിമതി തടയുന്നതിന്റെ ഭാഗമായാണ് അതിന്റെ തോത് അളന്നത്. കഴിഞ്ഞ ജൂലൈയില്‍ പ്രക്രിയ തുടങ്ങി. പത്തോളം ഏകകങ്ങള്‍ വച്ച് ഗവേഷണ രീതിയില്‍ത്തന്നെയാണ് ചെയ്തത്. അതത്ര എളുപ്പമായിരുന്നില്ല. ഒരു സര്‍വ്വേയില്‍ മാത്രം വിവിധ മേഖലകളില്‍ നിന്നുള്ള 10770 പേര്‍ സര്‍വ്വേയില്‍ പങ്കെടുത്തു. അങ്ങനെ പത്തെണ്ണം. വകുപ്പുതിരിച്ചുള്ള പരാതികള്‍ പരിശോധിച്ച് വെയിറ്റേജ് കൊടുത്തു. പരാതികള്‍ കിട്ടുന്നു എന്നതിന്റെ മാത്രം അടിസ്ഥാനത്തില്‍ ഏതെങ്കിലും വകുപ്പില്‍ അഴിമതി കൂടുതലാണെന്നു പറയാന്‍ പറ്റില്ല. അതേസമയം ജനങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ല എന്നതുകൊണ്ടാണ് പരാതികള്‍ ഉണ്ടാകുന്നത്. അങ്ങനെ പത്തു ഘടകങ്ങള്‍ വച്ച് ഒരു കോംപസിറ്റ് സ്‌കോര്‍ ഉണ്ടാക്കി. ഇനി ജൂണിലും പ്രസിദ്ധീകരിക്കേണ്ടതാണ്. പക്ഷേ, ഇനിയും അതു പ്രസിദ്ധീകരിക്കുന്നതിനോട് പേടിയുള്ളവരുണ്ട്.

അഴിമതിവിരുദ്ധ ഐക്യം
നാട് നന്നാക്കാന്‍ കൂടെക്കൂടുന്നോ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണത്തില്‍ ഞാന്‍ തുടര്‍ച്ചയായി ലേഖനം എഴുതുന്നുണ്ട്. അഴിമതി അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വവും കണക്കുപറയാനുള്ള ചുമതലയും അന്തിമമായി നിക്ഷിപ്തമായിരിക്കുന്നതു പൊതുജനത്തിലാണ്. വിജിലന്‍സിലും അതിന്റെ ഡയറക്ടറിലും മാത്രമല്ല. അതു ബോധ്യപ്പെടുത്താനുള്ള കുറിപ്പുകളാണ് അവ. അഴിമതി അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വം വിജിലന്‍സില്‍ മാത്രമല്ല എന്നത് 2014-ല്‍ ഞാന്‍ വിജിലന്‍സ് എ.ഡി.ജി.പി ആയിരിക്കുമ്പോഴും ഉള്‍ക്കൊണ്ടിട്ടാണ് വിജിലന്റ് കേരള എന്ന പങ്കാളിത്ത വിജിലന്‍സ് പദ്ധതി തുടങ്ങിയത്. കേരളത്തില്‍ കുറേയധികം ആളുകള്‍ വിജിലന്റ് ആയിട്ടുണ്ട്. അന്ന് അത് തുടങ്ങുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നതു പോലെ ചിന്തിക്കുന്ന പത്തോ നൂറോ പേര്‍ ഉണ്ടായിരുന്നിരിക്കാം. അതു ഇപ്പോള്‍ കൂടിയിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള ഉറച്ച നിലപാടുകളും കാഴ്ചകളും ശബ്ദങ്ങളും കേരളത്തില്‍ കൂടിയിട്ടുണ്ട്. അതാണ് എന്റെ സംഭാവന, അതാണ് എന്റെ റിസല്‍ട്ട്. ഇനിയും കൂടുതല്‍ ഉണ്ടാകും. അതിനുവേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. അതിന് ഞാന്‍ വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കണം എന്നു നിര്‍ബന്ധമില്ല. 
സര്‍വ്വീസില്‍ ഉണ്ടായ ദുരുഭവങ്ങളെ വെല്ലുവിളികള്‍ എന്നു പറയാനാണ് ഇഷ്ടപ്പെടുന്നത്. ഭീഷണികള്‍ ഏതു ജോലി ചെയ്യുന്നവര്‍ക്കും ഉണ്ടാകാം. മൂന്നാര്‍ പള്ളിവാസലിലെ വില്ലേജ് ഓഫീസര്‍ വളരെ സത്യസന്ധനായിരുന്നാല്‍ അയാളെ അവിടെ വച്ചേക്കുമോ, എറണാകുളം മരട് വില്ലേജ് ഓഫീസര്‍ വളരെ സത്യസന്ധനായിരുന്നാല്‍ അവിടെ വച്ചേക്കുമോ. ഇല്ല. കാരണം പലര്‍ക്കും പാടം നികത്തുന്നതുള്‍പ്പെടെ പല പല കാര്യങ്ങളും ചെയ്യാനുണ്ടാകും. പൊലീസ് ഉദ്യോഗസ്ഥന്‍ മാത്രമല്ല, ആരും പൊതു ചുമതല നിര്‍വ്വഹിക്കുമ്പോള്‍ മൊത്തം അഴിമതി ചെയ്യാതിരിക്കുന്ന ഒരിടത്താണെങ്കില്‍ അഴിമതി ചെയ്യാതിരിക്കുന്നതാണ് സമാധാനം. അഴിമതി കാണിച്ചാലായിരിക്കും ഭീഷണി ഉണ്ടാവുക. അഴിമതിയോട് സഹിഷ്ണുത കാണിക്കുന്നിടത്ത് ജോലി ചെയ്യുമ്പോള്‍ അഴിമതിക്കെതിരെ നിലപാടെടുക്കുന്നതാണ് വലിയ വെല്ലുവിളി. 

ജിഷ കേസ് അഴിമതി
2016 ജൂണ്‍ രണ്ടിനാണ് വിജിലന്‍സ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. വിജിലന്‍സ് കോടതിയില്‍ ഒരാള്‍ കൊടുത്ത ഒരു പരാതി 27-ന് എനിക്കു കൈമാറിക്കിട്ടി. ലീഗല്‍ അഡൈ്വസര്‍ കവറിംഗ് ലെറ്ററോടുകൂടി അയച്ചുതന്നതാണ്. ജിഷ കേസിന്റെ അന്വേഷണം തട്ടിപ്പാണ്, അതുകൊണ്ട് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നായിരുന്നു അതിലെ ആവശ്യം. വിജിലന്‍സ് കോടതിക്ക് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ പറ്റാത്തതുകൊണ്ട് എനിക്ക് അയച്ചു. സ്വാഭാവികമായും അന്വേഷിച്ചു. എറണാകുളത്തെ യൂണിറ്റിനു നല്‍കിയ നിര്‍ദ്ദേശം മാനിച്ചു വിവരം പുറത്തുവിടാതെ രഹസ്യമായാണ് അന്വേഷിച്ചത് അപ്പോഴേയ്ക്കും അന്വേഷണത്തില്‍ ഇടപെടാന്‍ പാടില്ല എന്നു കാണിച്ച് ജിഷ കേസ് അന്വേഷിക്കുന്ന ബി. സന്ധ്യ മൂന്നുപേജുള്ള കത്ത് ഡി.ജി.പിക്കു കൊടുത്തു. അദ്ദേഹം അതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കത്ത് സര്‍ക്കാരിനും കൊടുത്തു. വിജിലന്‍സ് ഇടപെടുന്നതു ശരിയല്ല എന്നുതന്നെ. അന്വേഷണത്തില്‍ വിജിലന്‍സ് ഇടപെട്ടിട്ടില്ല. അതേസമയം, ഞങ്ങള്‍ക്കു കിട്ടിയ പരാതി അന്വേഷിക്കാതിരിക്കാന്‍ പറ്റുകയുമില്ല. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയിരിക്കുന്നതു ശരിയായ രീതിയില്‍ അന്വേഷിക്കാനാണ്. അങ്ങനെയല്ല അന്വേഷിക്കുന്നതെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാണ്. അത് അന്വേഷിക്കാനുള്ള വിജിലന്‍സിന്റെ ചുമതലയാണ് ഞങ്ങള്‍ നിര്‍വ്വഹിച്ചത്. അധികാര ദുര്‍വിനിയോഗം ആരെയോ രക്ഷിക്കാനും അതില്‍നിന്നു സാമ്പത്തിക നേട്ടമുണ്ടാക്കാനുമായിരിക്കും. യഥാര്‍ത്ഥ പ്രതിയെ പിടിച്ചുകൊടുക്കാനുള്ള ചുമതല ഏല്‍പ്പിച്ചിട്ട് അതു ചെയ്യാതെ ആരെയെങ്കിലും രക്ഷിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ ഉറപ്പായും അതിനു ലക്ഷ്യമുണ്ടാകും. ആരെങ്കിലും വെറുതേയങ്ങ് രക്ഷിക്കുമോ. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതുകൊണ്ട് അതിനെക്കുറിച്ചു കൂടുതല്‍ പറയാന്‍ ഇപ്പോള്‍ പറ്റില്ല. സത്യം വെളിയില്‍ വരും. കൊടുത്ത റിപ്പോര്‍ട്ട് രേഖയാണല്ലോ.


ഭീഷണികള്‍ക്കു വഴങ്ങാത്ത ദൃഢപ്രതിജ്ഞ 
(ജേക്കബ് തോമസിന്റെ സര്‍വീസ് ജീവിതം ചുരുക്കത്തില്‍)

കോഴിക്കോട് ജില്ലയിലെ കുറ്റിയാടി പൊലീസ് സ്റ്റേഷന്‍ എസ്.ഐ ആയാണ് ജേക്കബ് തോമസ് കര്‍മ്മരംഗത്ത് തുടക്കം കുറിച്ചത്. ഐ.പി.എസ് കഴിഞ്ഞ് എ.എസ്.പി ട്രെയിനി ആയിരിക്കെ മൂന്നു മാസം സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായി ജോലി ചെയ്യണം. കുറ്റിയാടി സ്്‌റ്റേഷനാണ് കിട്ടിയത്. ആ മൂന്നുമാസം അവിടെ എ.എസ്.പി ട്രെയിനിയാണ് എസ്.ഐ. സ്വന്തം സ്റ്റേഷന്‍ പരിധിയില്‍ ഒരിടത്തും കള്ളന്‍ കയറാന്‍ പാടില്ലെന്നും സെക്കന്റ് ഷോ സിനിമ കഴിഞ്ഞുപോലും സ്ത്രീകള്‍ക്ക് പൊതുനിരത്തിലൂടെ ആരെയും ഭയക്കാതെ സഞ്ചരിക്കാന്‍ സാധിക്കണം എന്നതുമായിരുന്നു യുവ ഐ.പി.എസ് ഓഫീസറുടെ ദൃഢനിശ്ചയം. ഏതായാലും അതു രണ്ടും ഉറപ്പാക്കിയിട്ടായിരുന്നു മടക്കം. പൊലീസിന്റെ സാന്നിധ്യമുണ്ട് എന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയാണ് ചെയ്തത്. പൊലീസിന്റെ കണ്ണുണ്ട്, പൊലീസ് അറിയും, എത്തും എന്ന തിരിച്ചറിവാണ് സുരക്ഷിതത്വ ബോധം. അതുണ്ടാക്കുക എന്ന പൊലീസിന്റെ ഉത്തരവാദിത്വം നിറവേറ്റി. സുരക്ഷിതയാണെന്നും തന്നെ നോക്കാന്‍ ആളുണ്ടെന്നും സമൂഹത്തിലെ സ്ത്രീകള്‍ക്കു ധൈര്യം നല്‍കലാണ് ജേക്കബ് തോമസ് മനസ്സിലാക്കുന്ന പൊലീസിങ്. 
അക്കാലത്ത് കുറ്റിയാടിയില്‍ ഐ.പി.സി 314–ാം വകുപ്പു പ്രകാരമുള്ള ഒരു കേസുണ്ടായി. ഒരു ഡോക്ടര്‍ പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രം നടത്തുകയും പെണ്‍കുട്ടി മരിക്കുകയും ചെയ്തു. മുന്‍പ് ഉണ്ടായതാണ്. പക്ഷേ, മൂടിവച്ചിരിക്കുകയായിരുന്നു. ഐ.പി.എസ് ട്രെയിനി ആദ്യം അഭിമുഖീകരിച്ച വെല്ലുവിളി അതായിരുന്നു. ആ കേസുമായി ബന്ധപ്പെട്ട സ്വാധീനം, സമ്മര്‍ദ്ദം എന്നിവയൊന്നും ചെറുതായിരുന്നില്ല. നിയമം നടപ്പാക്കേണ്ടവര്‍ സമൂഹത്തിലെ വലിയ ആളുകളെയും പാവപ്പെട്ടവരെയും ഒരേപോലെ കണ്ടാല്‍ വലിയ പ്രശ്‌നമാണ് എന്ന് അന്നു മനസ്സിലാക്കിയെന്ന് ജേക്കബ് തോമസ് പറയും. വലിയ ആളുകളിലേക്കു നിയമം എത്തിക്കുക അത്ര എളുപ്പമല്ലെന്നും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെമേല്‍ ആര് കുതിര കയറിയാലും ചോദിക്കാന്‍ ആളില്ലെന്നും കൂടിയായിരുന്നു ആ മനസ്സിലാക്കല്‍. താന്‍ പൊലീസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ സമൂഹത്തിലെ താഴെയുള്ളവര്‍ക്കു കൂടുതല്‍ സംരക്ഷണം നല്‍കുമെന്നത് അന്നെടുത്ത തീരുമാനമാണ്. മുകളിലുള്ളവരുടെ തെറ്റുകളെ മറ്റുള്ളവരുടേതിനു തുല്യമായിത്തന്നെ കൈകാര്യം ചെയ്യും എന്നും ഉറപ്പിച്ചു. ഞാനെങ്ങനെ ഇങ്ങനെയായി എന്നതിന്റെ തുടക്കം എന്നാണ് അതിനെ ജോക്കബ് തോമസ് വിശേഷിപ്പിക്കുക. പണമുള്ളവര്‍ക്ക് തുണയായി വലിയ വക്കീലും രാഷ്ര്ടീയക്കാരും ഉദ്യോഗസ്ഥരും ഉണ്ടാകും. പണമില്ലാത്തവര്‍ക്ക് ആരുമില്ല. അവര്‍ക്ക് തുണ ഞാനുണ്ടായിരിക്കും എന്നു രക്തത്തിളപ്പിന്റെ ആവേശത്തില്‍ തീരുമാനിക്കുകയും പിന്നീട് ആവേശം അടങ്ങിയപ്പോള്‍ മറക്കുകയുമല്ല ചെയ്തത്. ഒരിക്കലും മറക്കാതിരിക്കാന്‍ ഇടയ്ക്കിടെ ആ പ്രതിജ്ഞ പുതുക്കിയാണ് ഇവിടെ വരെ എത്തിയത്. അത് ഇന്നും ചെയ്യുന്നു. അട്ടപ്പാടിയിലും ഇടമലക്കുടിയിലും തീരദേശ മേഖലയിലുമൊക്കെ പോയത് ആ നിലപാട് ഇന്നും തുടരുന്നതുകൊണ്ടാണ്. അധികാര കേന്ദ്രങ്ങളില്‍ സ്വാധീനമുള്ളവര്‍ സ്വാഭാവികമായും അദ്ദേഹത്തിനു യൂണിഫോം കൊടുക്കാതിരിക്കാന്‍ നോക്കി. അതുകൊണ്ട് 1998-നു ശേഷം യൂണിഫോം ഇടേണ്ടിവന്നുമില്ല. 
കുറ്റിയാടി കഴിഞ്ഞ് തൊടുപുഴയിലും കാസര്‍ഗോടും എ.എസ്.പി ആയി. പിന്നെ എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍. പ്രമുഖരുടെ വിനോദ സങ്കേതമായ രാമവര്‍മ്മ ക്‌ളബ്ബില്‍ റെയ്ഡ് നടത്തിയാണ് കൊച്ചിയെ ഞെട്ടിച്ചത്. അതിന്റെ പേരില്‍ ഹൈക്കോടതി ഇടപെടലും വിമര്‍ശനവുമൊക്കെ ഉണ്ടായി. ജസ്റ്റിസ് നാരായണക്കുറുപ്പ് അന്നു നടത്തിയത് ഇപ്പോഴത്തേക്കാള്‍ രൂക്ഷവിമര്‍ശനമായിരുന്നു. പക്ഷേ, ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കമ്മിഷണര്‍ക്കു ശക്തമായ പിന്തുണ നല്‍കി. ''ഓന്‍ ചെയ്തതു ശരിയാണ്' എന്നു മുഖ്യമന്ത്രി പരസ്യമായി നിലപാടെടുത്തു. പക്ഷേ, മറ്റൊരു സുപ്രധാന സംഭവവികാസത്തില്‍ രാഷ്ര്ടീയ തീരുമാനത്തിന്റെ ഭാഗമായാണ് പിന്നീട് മാറ്റിയത്. അവിടെ നിന്ന് ക്രൈംബ്രാഞ്ച്, പിന്നീട് വനിതാ കമ്മിഷനില്‍. സുഗതകുമാരിയായിരുന്നു അധ്യക്ഷ. അവരുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അതുകഴിഞ്ഞ് നാലു വര്‍ഷം അവധിയില്‍ പോയി. സര്‍വ്വീസ് വിടാന്‍ അന്നും കാര്യമായി ആലോചിച്ചു. പക്ഷേ, അങ്ങനെ പെട്ടെന്ന് സിവില്‍ സര്‍വ്വീസ് വിട്ടുപോകരുതെന്നും വേണമെങ്കില്‍ പഠന അവധി എടുക്കാനും ചില സീനിയേഴ്‌സാണ് ഉപദേശിച്ചത്. 
ഇന്ത്യന്‍ പൊലീസ് അക്കാദമിയിലെ പരിശീലനകാലത്ത് ഏറ്റവും നല്ല ഔട്ട് ഡോര്‍ ട്രെയിനി ആയി അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയില്‍നിന്ന് സ്വോഡോഫ് ഓണര്‍ ലഭിച്ചത് ഇന്നും അഭിമാനമാണ്. പക്ഷേ, പരിശീലനം കിട്ടിയ കാര്യങ്ങളൊക്കെ ഇവിടെ വന്നു ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും കുറ്റിയാടി മുതല്‍ പ്രശ്‌നങ്ങളായി.
കാസര്‍ഗോട് എ.എസ്.പി ആയിരിക്കുമ്പോഴാണ് കുപ്രസിദ്ധമായ ഹംസ വധക്കേസ്. കേരളത്തില്‍ ആദ്യമായി നടന്ന ബോംബെ മോഡല്‍ കൊലപാതകം. ദേശീയ പാതയില്‍ പട്ടാപ്പകല്‍ ഒരാളെ തടഞ്ഞുനിര്‍ത്തി വെടിവച്ചു കൊല്ലുകയായിരുന്നു. അറിഞ്ഞ ഉടന്‍തന്നെ കാസര്‍ഗോട് നിന്നു പുറത്തേക്കു രക്ഷപ്പെട്ടു പോകാനുള്ള സാധ്യതകളെല്ലാം അടച്ചു. പരിശോധനകള്‍ തുടങ്ങി. പിറ്റേന്നു രാവിലെ കേസ് എ.എസ്.പിയില്‍നിന്നു മാറ്റി. പ്രതിയെ പിടിക്കാനുള്ള നടപടികള്‍ ശക്തമാക്കിയപ്പോള്‍ പിടിക്കാതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതുതന്നെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com