കാറ്റും വെളിച്ചവും കയറാത്ത മുറികളില്‍ കഴിഞ്ഞിരുന്ന കുടുംബം; കേദലിന്റെ കുടുംബത്തെപ്പറ്റി വീട്ടുജോലിക്കാരി പറയുന്നതിങ്ങനെ

രണ്ടാം നിലയിലേക്ക് മറ്റാര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിഞ്ഞ ശേഷം ബാക്കി അവശിഷ്ടങ്ങല്‍ പോലും വീടിനുള്ളിലെ ഗോവണിയില്‍ തൂക്കിയിടുകയാണ് പതിവ്
കാറ്റും വെളിച്ചവും കയറാത്ത മുറികളില്‍ കഴിഞ്ഞിരുന്ന കുടുംബം; കേദലിന്റെ കുടുംബത്തെപ്പറ്റി വീട്ടുജോലിക്കാരി പറയുന്നതിങ്ങനെ

തിരുവനന്തപുരം: വിചിത്ര സ്വഭാവങ്ങളോടെ ജീവിച്ച ആളായിരുന്നു നന്ദന്‍കോട് കൂട്ടക്കൊലകേസിലെ പ്രതി കേദല്‍ ജിന്‍സണ്‍. ആ കുടുംബത്തില്‍  കേദല്‍ മാത്രമല്ല വിചിത്ര സ്വഭാവക്കാരന്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വീട്ടുജോലിക്കാരി രഞ്ജിതം കുടുംബത്തെ പറ്റി പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. പുറംലോകവുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ താത്പര്യമില്ലാതെ വീടിന്റെ രണ്ടാം നിലയില്‍ അടച്ചുപൂട്ടി കഴിയുകയായിരുന്നു കേദലിന്റെ കുടുംബം. കൊലപാതകം നടന്ന ദിവസങ്ങളിലും അസ്വാഭാവികമായി ശബ്ദങ്ങള്‍ ഒന്നും കേട്ടില്ല എന്നാണ് വീട്ടുജോലിക്കാരി രഞ്ജിതം പൊലീസിന് നല്‍കിയ മൊഴി. വീട്ടില്‍ നിന്നും ബഹളങ്ങളൊന്നും പുറത്തു കേള്‍ക്കാറില്ലായിരുന്നു എന്ന് അയല്‍വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ബഹളങ്ങള്‍ കേള്‍ക്കുക മാത്രമല്ല, കുടുംബാംഗങ്ങളെ പുറത്തു കാണുക തന്നെ യാദൃശ്ചികമായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. 


വീടിന്റെ രണ്ടാം നിലയിലാണ് കുടുംബം കഴിഞ്ഞിരുന്നത്. കാറ്റും വെളിച്ചവും കയറാത്ത മുറികളിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ജനലുകള്‍ തുറക്കാറില്ലായിരുന്നു.രണ്ടാം നിലയിലേക്ക് മറ്റാര്‍ക്കും തന്നെ പ്രവേശനം ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിഞ്ഞ ശേഷം ബാക്കി അവശിഷ്ടങ്ങല്‍ പോലും വീടിനുള്ളിലെ ഗോവണിയില്‍ തൂക്കിയിടുകയാണ് പതിവ്. അത് ജോലിക്കാരി വന്ന് എടുത്ത് മാറ്റും. ദിവസങ്ങളോളം കംപ്യൂട്ടറിന് മുന്നില്‍ ചെലവഴിച്ചിരുന്ന കേദലിന്റെ മുറിയിലേക്ക് അച്ഛനും അമ്മയും പോലും കടന്നു ചെല്ലുമായിരുന്നില്ല. 


കഴിഞ്ഞ ബുധനാഴ്ചയാണ് കൊല്ലപ്പെട്ടവരെ അവസാനമായി കണ്ടതെന്ന് രഞ്ജിതം പറയുന്നു. പുറത്തുപോയി എത്തിയ കുടുംബാംഗങ്ങള്‍ ഭക്ഷണം മുകളിലേക്ക്് എടുത്തുകൊണ്ടുപോയി. രണ്ടു ദിവസത്തോളം ആരേയും താഴേക്ക് കണ്ടതേയില്ലെന്നും അന്വേഷിച്ചപ്പോള്‍ വിനോദയാത്രയ്ക്ക് പോയി എന്ന് കേദല്‍ പറഞ്ഞു എന്ന് രഞ്ജിതം പറയുന്നു. 

വെള്ളിയാഴ്ച വൈകുന്നേരത്തോടെ താഴത്തെ നിലയില്‍ താമസിച്ചിരുന്ന ബന്ധുവായ ലളിതയേയും കാണാതായി. ഇക്കാര്യം ചോദിച്ചപ്പോള്‍ കേദല്‍ ക്ഷുഭിതനായി. ശനിയാഴ്ച വൈകുന്നേരത്തോടെ പെട്രോളിന്റെ മണം വീട്ടില്‍ പടര്‍ന്നു. കേദലിനെ വിളിച്ചു ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ബന്ധുവായ ജോസിനെ വിളിച്ചറിയിച്ചു. ജോസ് കേദലിനെ വിളിച്ച് ചോദിച്ചപ്പോള്‍ പഴയ പേപ്പറുകള്‍ കത്തിക്കുന്നതാണ് എന്നായിരുന്നു മറുപടി. പിറ്റേന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ഇത്തരത്തിലുള്ള ചുറ്റുപാടുകളില്‍ നിന്നു വന്ന ആളായതുകൊണ്ടാകാം ആസ്ട്രല്‍ പ്രൊജക്ഷനുവേണ്ടിയുള്ളതായിരുന്നു കൊലപാതകങ്ങള്‍ എന്ന കേദലിന്റെ ആദ്യ മൊഴികള്‍ക്ക് വിശ്വാസ്യത കൈവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com