താങ്കള്‍ സുനില്‍ കുമാര്‍ അല്ലേ? ഇന്റലിജന്‍സ് മേധാവിയുടെ ചോദ്യം കേട്ട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഞെട്ടി

താങ്കള്‍ സുനില്‍ കുമാര്‍ അല്ലേ? ഇന്റലിജന്‍സ് മേധാവിയുടെ ചോദ്യം കേട്ട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഞെട്ടി


തിരുവനന്തപുരം: കൃഷിമന്ത്രിക്കു പകരം റവന്യു മന്ത്രിയെ കാണാനെത്തിയ സംസ്ഥാന ഇന്റലിജന്‍സ് മേധാവി എഡിജിപി മുഹമ്മദ് യാസിനു പറ്റിയ ഭീമാബദ്ധം. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ വീട്ടിലെത്തി താങ്കള്‍ സുനില്‍കുമാറല്ലേ എന്നു ചോദിച്ച ഇന്റലിജന്‍സ് മേധാവിയോടുള്ള അമര്‍ഷം മന്ത്രി പരസ്യമായി തന്നെ പ്രകടിപ്പിച്ചു. തെറ്റു ഡ്രൈവറുടെ തലയില്‍ കെട്ടിവച്ച് തടിയൂരാനുള്ള വിഫല ശ്രമവുമായി പിന്നാലെ ഇന്റലിജന്‍സ് മേധാവി രംഗത്തുവന്നു.

പുലര്‍ച്ചെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരെ ഇന്റലിജന്‍സ് മേധാവി ഫോണ്‍ ചെയ്യുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രധാനപ്പെട്ട കാര്യം സംസാരിക്കാന്‍ സമയം അനുവദിക്കണമെന്ന് എഡിജിപി ആവശ്യപ്പെട്ടു. എട്ടു മണിക്ക് സമയം അനുവദിക്കുകയും ചെയ്തു. ഇത് അനുസരിച്ച് രാവിലെ എട്ടു മണിക്ക് തന്നെ മുഹമ്മദ് യാസിന്‍ മന്ത്രിയുടെ വീട്ടിലെത്തി. 

മന്ത്രിയുടെ വീട്ടില്‍ വച്ച് ഇ ചന്ദ്രശേഖരനെ കണ്ടപ്പോള്‍ തന്നെ മുഹമ്മദ യാസീന് എവിടെയോ പിഴവു പറ്റിയെന്ന് തോന്നിത്തുടങ്ങി. പിന്നെ സംശയം തീര്‍ക്കാന്‍ ചന്ദ്രശേഖരനോടു തന്നെ ചോദിച്ചു, നിങ്ങള്‍ സുനില്‍ കുമാര്‍ അല്ലെ? സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവിക്കു പറ്റിയ ഭീമാബദ്ധം മനസിലാക്കിയ റവന്യു മന്ത്രി സുനില്‍ കുമാറിന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു. ഇന്റലിജന്‍സ് മേധാവിക്ക് അബദ്ധം പറ്റിയതിലുള്ള അതൃപ്തി മന്ത്രി പരസ്യമായി തന്നെ പ്രകടിപ്പിച്ചു. ഇതു മോശമായിപ്പോയെന്നും രഹസ്യാന്വേഷണ വിഭാഗം മേധാവിക്ക് മന്ത്രിയെ മാറിപ്പോവുന്ന സാഹചര്യം ഉണ്ടാവരുതായിരുന്നെന്നും ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു.

തൃശൂരില്‍ കൃഷിവകുപ്പ് ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷന്‍ ഒഴിയുന്നതുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാനാണ് ഇന്റലിജന്‍സ് മേധാവി മന്ത്രിയെ കാണാനെത്തിയത്.

പിന്നീട് അബദ്ധം ഡ്രൈവറുടെ തലയില്‍ കെട്ടിവച്ചു തടിയൂരാന്‍ എഡിജിപി വിഫല ശ്രമം നടത്തി. തനിക്കു സുനില്‍ കുമാറിനെ അറിയാമെന്നും ഡ്രൈവര്‍ തന്നെ റവന്യു മന്ത്രിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു എന്നുമാണ് എഡിജിപി നല്‍കുന്ന വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com