സിപിഎമ്മുകാര്‍ക്ക് ഓര്‍മയുണ്ടോ ആ ശ്രീവാസ്തവക്കാലം?

കരുണാകരന്റെ ഇഷ്ടക്കാരനെന്ന് ഏറ്റവുംകൂടുതല്‍ പറഞ്ഞുനടക്കപ്പെട്ടത് രമണ്‍ശ്രീവാസ്തവയെക്കുറിച്ചായിരുന്നു
സിപിഎമ്മുകാര്‍ക്ക് ഓര്‍മയുണ്ടോ ആ ശ്രീവാസ്തവക്കാലം?

കൊച്ചി: മുഖ്യമന്ത്രിയുടെ പോലീസ് ഉദേഷ്ടാവായി എത്തുന്നത് ഒരുകാലത്ത് തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പോലീസ് സേനയില്‍നിന്നുതന്നെ പുറത്താക്കും എന്ന ശത്രുതയോടെ സി.പി.എം. കണ്ടിരുന്ന രമണ്‍ശ്രീവാസ്തവയെയാണ്. കരുണാകരന്റെ ഇഷ്ടക്കാരനെന്ന് ഏറ്റവുംകൂടുതല്‍ പറഞ്ഞുനടക്കപ്പെട്ടത് രമണ്‍ശ്രീവാസ്തവയെക്കുറിച്ചായിരുന്നു. ഇരുവരും തമ്മില്‍ അങ്ങനെയൊരു കെമിസ്ട്രിയുമുണ്ടായിരുന്നു. അക്കാലത്ത് സി.പി.എം. ശത്രുപക്ഷത്ത് നിര്‍ത്തിയ പോലീസുകാരനായിരുന്നു രമണ്‍ ശ്രീവാസ്തവ. കാലം മാറിയപ്പോള്‍ കഥയും മാറി സി.പി.എം. ഭരിക്കുന്ന കാലം വീണ്ടുമെത്തിയപ്പോഴേക്കും പഴയ ശത്രു പുതിയ മിത്രമായി പോലീസ് ഉപദേഷ്ടാവായി മാറി.

1996ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഏറ്റവും കൂടുതല്‍ പ്രചാരണം നടത്തിയത് ഐ.എസ്.ആര്‍.ഒ ചാരക്കേസിനെക്കുറിച്ചായിരുന്നു. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ആരോപണവിധേയരായ മാലി യുവതികളുമായി കൂടിക്കാഴ്ച നടത്തിയെന്നും ബ്രിഗേഡിയര്‍ എന്ന് അവര്‍ വിളിച്ചിരുന്നത് രമണ്‍ ശ്രീവാസ്തവയെക്കുറിച്ചാണെന്നും ആരോപണമുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് കേസില്‍ രമണ്‍ ശ്രീവാസ്തവയെ ഉള്‍പ്പെടുത്തിയിട്ടും കരുണാകരന്‍ വിശ്വസ്തനായ രമണ്‍ശ്രീവാസ്തവയെ പുറത്താക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു അന്ന് സി.പി.എം. നേതൃത്വം നല്‍കുന്ന ഇടതുപക്ഷം പ്രചരണ ആയുധമാക്കിയത്. രമണ്‍ ശ്രീവാസ്തവയെ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പുറത്താക്കുമെന്ന് അന്ന് ഇടതുപക്ഷം ഘോരഘോരം പ്രസംഗിച്ചിരുന്നതാണ്.
കെ. കരുണാകരന്റെ വിശ്വസ്തന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നയാളാണ് രമണ്‍ ശ്രീവാസ്തവ. എല്ലാ മാസവും ഒന്നാം തീയതി ഗുരുവായൂര്‍ സന്ദര്‍ശനം നടത്തുന്ന കരുണാകരനൊപ്പം ശ്രീവാസ്തവയും തന്റെ ഭക്തി ഭഗവാനോട് കാണിച്ച് നില്‍ക്കാറുണ്ടായിരുന്നു എന്ന് അന്ന് ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞിരുന്നതാണ്. അധികാരം മാറുന്നതനുസരിച്ച് പോലീസ് സംഘടനയുടെ സ്വഭാവവും മാറാറുണ്ട് എന്നാണ് ചരിത്രം കാണിക്കുന്നത്.
കേരള പോലീസിനെ രാഷ്ട്രീയപാര്‍ട്ടികളുടെ വലയത്തിലേക്ക് എത്തിച്ചത് കെ. കരുണാകരനാണെന്നാണ് പൊതുവെയുള്ള സംസാരം. 1972 ല്‍ ഐ.ജി. ആയിരുന്ന എം.ഗോപാലന്‍ വിരമിച്ചപ്പോഴാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന കരുണാകരന് ഇതിന് തുടക്കം കുറിച്ചത്. സീനിയോറിറ്റി പട്ടികയില്‍ തൊട്ടുതാഴെയുള്ള വി.എന്‍. രാജന് പരിചയക്കുറവിന്റെ കാരണംപറഞ്ഞ് കരുണാകരന്‍ സ്ഥാനക്കയറ്റം നല്കിയില്ല. പകരം തമിഴ്‌നാട്ടില്‍നിന്ന് ശിങ്കാരവേലു എന്ന ഉദ്യോഗസ്ഥനെ കേരളത്തിന്റെ ഐ.ജി. സ്ഥാനത്തേക്ക് ഇറക്കുമതി ചെയ്തു. ശിങ്കാരവേലുവിന്റെ നയങ്ങള്‍ പോലീസ് സേനയില്‍ പുതിയ കീഴ് വഴക്കങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തരമന്ത്രിയായ കരുണാകരനുമായി നേരിട്ട് ഇടപെടാന്‍ അവസരമൊരുക്കി ഉത്തരവാദിത്വത്തില്‍നിന്ന് ശിങ്കാരവേലു ഒഴിഞ്ഞുമാറി. അങ്ങനെ കരുണാകരനുമായി നേരിട്ട് ബന്ധംസ്ഥാപിച്ച ഒരു വിഭാഗം എസ്.പി.മാര്‍ ആദ്യം ഉടലെടുത്തു. പിന്നിടത് ഡിവൈ.എസ്.പി., സി.ഐ., എസ്.ഐ. തലത്തിലേക്കുവരെ വ്യാപിച്ചു.
ഭരണം ആരുടെ കൈയ്യിലാണെന്നു നോക്കി പോലീസുകാര്‍ പെരുമാറാന്‍ തുടങ്ങിയതും ഇതിനുശേഷമാണ്. കരുണാകരന്‍ നല്‍കിയ അമിത സ്വാതന്ത്ര്യം രമണ്‍ ശ്രീവാസ്തവയും നന്നായി ഉപയോഗിച്ചു. കരുണാകരനുശേഷം 1996ല്‍ ഇടതുമന്ത്രിസഭ അധികാരത്തിലെത്തും എന്ന് കണക്കുകൂട്ടിയ പോലീസിലെ ഉന്നതര്‍ ഭരണത്തിനൊപ്പം ചാഞ്ചാടി നില്‍ക്കുകയും ചെയ്തു. നായനാര്‍ മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ രമണ്‍ ശ്രീവാസ്തവയെ ഇപ്പോള്‍ പുറത്തേക്കെറിയും എന്ന് കരുതിയിരുന്ന പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് അഞ്ചുവര്‍ഷവും അക്കാര്യത്തില്‍ നിരാശയായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ അവരായിരുന്നു രമണ്‍ ശ്രീവാസ്തവയെ പുറത്താക്കുമെന്ന് പറഞ്ഞുനടന്നിരുന്നത്.
2001ല്‍ എ.കെ. ആന്റണി അധികാരത്തില്‍ വന്നപ്പോള്‍ കരുണാകരപക്ഷത്തുനിന്നും മാറി ആന്റണി പക്ഷത്തെത്തുകയാണ് പോലീസിലെ കരുണാകരപക്ഷക്കാര്‍ ചെയ്തത്. 2001 ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ എ.കെ. ആന്റണി ഡി.ജി.പി. തസ്തികയിലേക്ക് പൂര്‍ണമായും സീനിയോറിറ്റി മാനദണ്ഡമാക്കണമെന്ന് പ്രഖ്യാപിച്ച് പോലീസ് - രാഷ്ട്രീയ അവിശുദ്ധ ബന്ധത്തിന് കടിഞ്ഞാണിടാന്‍ ശ്രമിച്ചു. എന്നാല്‍ ആദ്യത്തെ ഒന്നരവര്‍ഷം ഒന്നും സംഭവിച്ചില്ല. മൂന്ന് ഉദ്യോഗസ്ഥര്‍ ഏഴും എട്ടും മാസം ഡി.ജി.പി. കസേരയിലിരുന്ന് സ്ഥാനമൊഴിഞ്ഞു. പിന്നീട് വന്ന കെ.ജെ. ജോസഫ് രാഷ്ട്രീയ ഇടപെടല്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് നിലപാടെടുത്തു. മുഖ്യമന്ത്രി ആന്റണി സമ്പൂര്‍ണ പിന്തുണ നല്‍കി.
ഇക്കാലത്ത് ശക്തി തെളിയിക്കാന്‍ നില്‍ക്കാതിരുന്ന രമണ്‍ശ്രീവാസ്തവയ്ക്ക് ആന്റണിയുടെ പടിയിറക്കം നല്ലൊരു അവസരമായിരുന്നു. ഉമ്മന്‍ചാണ്ടി 2005ല്‍ അധികാരത്തിലെത്തിയതോടെ ആന്റണിയുടെ പോലീസ് നയങ്ങള്‍ പൊളിച്ചെഴുതി. ഈ സമയത്ത് ഹോര്‍മിസ് തരകന്‍ 'റോ'യുടെ ചുമതലയുമായി പോയതോടെ രമണ്‍ശ്രീവാസ്തവ ഡി.ജി.പി.യായി മാറി. തുടര്‍ന്ന് 2006ല്‍ വി.എസ്. അച്യുതാനന്ദന്‍ അധികാരത്തിലെത്തിയപ്പോഴും ആഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണന്‍ രമണ്‍ശ്രീവാസ്തവയെ മാറ്റുമെന്ന് ഇടതുകേന്ദ്രങ്ങളില്‍ വെറുതെ പ്രചരണം നടത്തി. ഇത്തവണ ശ്രീവാസ്തവയെ മാറ്റാതിരിക്കാന്‍ കാരണമുണ്ടായിരുന്നു. ഇടതുസഹയാത്രികനായ ജേക്കബ് പുന്നൂസിനെ ഡിജിപിയാക്കുന്നതിനായുള്ള കാത്തിരിപ്പായിരുന്നു അത്. ഉപേന്ദ്രവര്‍മയെയും എം.ജി.എ. രാമനെയും മറികടന്നായിരുന്നു രമണ്‍ശ്രീവാസ്തവ ഡി.ജി.പി. ആയതെങ്കില്‍ ജേക്കബ് പുന്നൂസിനുവേണ്ടിയായിരുന്നു രമണ്‍ശ്രീവാസ്തവയെ ഒരുവര്‍ഷം കോടിയേരി ബാലകൃഷ്ണന്‍ നിലനിര്‍ത്തിയത്.
പൊതുവെ ഇടതുപാളയത്തിനൊപ്പം കരുക്കള്‍ നീക്കി നില്‍ക്കാറുള്ള ജേക്കബ് പുന്നൂസിനെ മറികടന്നാണ് ഇത്തവണ രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രി ഉപദേഷ്ടാവാക്കുന്നത് എന്നത് പാര്‍ട്ടിയുടെ പഴയകാല പ്രവര്‍ത്തകര്‍ക്കെങ്കിലും അത്ഭുതം സൃഷ്ടിക്കുന്നുണ്ടാവും. ശമ്പളം പറ്റാതെയുള്ള ജോലിയാണെങ്കിലും രമണ്‍ശ്രീവാസ്തവയുടെ ഉപദേശം ഏത് രീതിയിലായിരിക്കും എന്ന് ചില കേന്ദ്രങ്ങളെങ്കിലും ഭയക്കുന്നുണ്ട്. രമണ്‍ശ്രീവാസ്തവയെ ഭയക്കുന്നതിലെ ഒറു കാരണം പാലക്കാട് പതിനൊന്നുവയസ്സുകാരിയുടെ കൊലപാതകത്തിനിടയാക്കിയ സംഭവമാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടുണ്ടായ സംഭവവികാസങ്ങളെത്തുടര്‍ന്ന് പാലക്കാട് വച്ച് പതിനൊന്നു വയസ്സുകാരി പെണ്‍കുട്ടി കൊല്ലപ്പെട്ടു. പോലീസ് വെടിവയ്പിലാണ് സിറാജുന്നീസയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ''ഐ വാണ്ട് ഡെഡ്‌ബോഡീസ് ഓഫ് മുസ്ലീം ബാസ്റ്റാഡ്‌സ്'' എന്ന് അലറിവിളിച്ചുകൊണ്ട് വെടിവയ്ക്കാന്‍ ഉത്തരവു നല്‍കിയെന്ന് അന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. വെടിവയ്ക്കാന്‍ ഉത്തരവിട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അന്ന് രമണ്‍ ശ്രീവാസ്തവ മറുപടി നല്‍കിയത്: പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം പോലീസ് വെടിവയ്ക്കുകയായിരുന്നു എന്നാണ്. അങ്ങനെ വെടിവച്ചപ്പോള്‍ കൊല്ലപ്പെട്ടത് പതിനൊന്നു വയസ്സുകാരി പെണ്‍കുട്ടി! ഇക്കാര്യം ചൂണ്ടിക്കാട്ടി കൊളക്കാടന്‍ മൂസാഹാജി ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ ഡി.ഐ.ജി. ആയിരുന്ന രമണ്‍ശ്രീവാസ്തവയുടെയും ഷൊര്‍ണ്ണൂര്‍ എ.എസ്.പി.യായിരുന്ന ബി. സന്ധ്യയുടെയും പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് ആ കേസെല്ലാം ഒത്തുതീര്‍പ്പായെങ്കിലും രമണ്‍ശ്രീവാസ്തവയെ ഇപ്പോഴും ഈ കേസുകളുടെ പേരില്‍ ആളുകള്‍ ഓര്‍മ്മിക്കുന്നുണ്ട്.
രമണ്‍ശ്രീവാസ്തവ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പോലീസ് ഉപദേഷ്ടാവായി എത്തുമ്പോള്‍ ബി. സന്ധ്യ വിജിലന്‍സ് എ.ഡി.ജി.പിയായി സര്‍വ്വീസില്‍ തുടരുന്നുണ്ട്. ഒട്ടനേകം സന്ദര്‍ഭങ്ങളില്‍ പോലീസിന് വീഴ്ച പറ്റി എന്ന് പ്രഖ്യാപിക്കേണ്ടിവന്ന ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയുണ്ട്. അനധികൃത സ്വത്തുസമ്പാദനത്തിന്റെ പേരില്‍ ആരോപണവിധേയനായ തിരുവനന്തപുരം ഐ.ജി. മനോജ് എബ്രഹാമുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com