കേരളത്തിലെ ഒരു രക്തസാക്ഷിയുടെയും മാതാവ് ചെയ്യാത്ത കാര്യമാണ് മഹിജ ചെയ്തത്: ജി സുധാകരന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 13th April 2017 07:40 AM |
Last Updated: 13th April 2017 03:15 PM | A+A A- |

പയ്യന്നൂര്‍: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ വീണ്ടും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് വിമര്‍ശനം. ഇത്തവണ മന്ത്രി ജി സുധാകരന്റെ വകയാണ് വിമര്‍ശനം. ഒരു രക്തസാക്ഷിയുടെ മാതാവും പാര്‍ട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. കോറോം രക്തസാക്ഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രിയുടെ വിമര്‍ശനം. കൊല നടത്തിയവര്‍ക്കെതിരെ പരാതി പറയാനല്ല, പ്രതികളെ പിടിക്കുന്നവര്‍ക്കെതിരെ പരാതി പറയാനാണ് ജിഷ്ണുവിന്റെ അമ്മ ശ്രമിച്ചതെന്നും സുധാകരന്‍ ആരോപിച്ചു.
കേരളത്തിലെ ഒരു രക്തസാക്ഷിയുടെയും മാതാവ് ചെയ്യാത്ത കാര്യമാണ് മഹിജ ചെയ്തത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം കമ്യൂണിസ്റ്റുകാരാണെന്ന ഒറ്റക്കാരണത്താല്‍ മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുണ്ട്. സ്വന്തം കണ്‍മുന്നില്‍ മക്കളെ വെട്ടിനുറുക്കി കൊല്ലുന്നത് കാണേണ്ടിവന്ന അമ്മമാരുണ്ട്. അവരൊന്നും പാര്‍ട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. എന്നാല്‍ പാര്‍ട്ടി പാരമ്പര്യവും മറ്റും പറഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പരാതി പറയാനാണ് ഇവിടെ ചിലര്‍ മുന്നോട്ട് വന്നിട്ടുള്ളത്. കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ജഡ്ജിക്കു മുന്നിലേക്ക് ജിഷ്ണുവിന്റെ മാതാവിനെയും കൂട്ടി സമരക്കാര്‍പോകാത്തതെന്താണ്.ജിഷ്ണു കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ശരിയായില്ല. എന്നാല്‍, കോടതിയെ വിമര്‍ശിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല,ജി സുധാകരന്‍ പറഞ്ഞു.