ദേവികുളം കയ്യേറ്റം ഒഴിപ്പിക്കല്‍; സബ് കളക്ടറെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th April 2017 07:55 AM |
Last Updated: 15th April 2017 08:39 AM | A+A A- |

മൂന്നാര്‍: ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ട റാമിനേയും, റവന്യൂ സംഘത്തേയും തടഞ്ഞവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി ജില്ല പൊലീസ് മേധാവി കെ.വി.വേണുഗോപാലിന്റെ റിപ്പോര്‍ട്ട്.
പൊലീസിനെ അറിയിക്കാതെയാണ് സബ് കളക്ടറും സംഘവും കയ്യേറ്റം ഒഴിപ്പിക്കാന്‍ പോയത്. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നും ഇടുക്കി ജില്ല പൊലീസ് മേധാവി ഡിജിപിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് ഡിജിപിയ്ക്ക് കൈമാറിയിരിക്കുന്നത്.
കയ്യേറ്റം ഒഴിപ്പിക്കുന്നതിനെത്തിയ സബ് കളക്റ്ററേയും, ഭൂസംരക്ഷണ സേനാംഗങ്ങളേയും തടയുകയും, കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവം വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി നിര്‍ദേശിച്ചത്. പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് ജില്ലാ കളക്റ്ററും, സബ് കളക്റ്ററും എസ്പിയെ അറിയിച്ചിരുന്നു.
പൊലീസ് എത്തുന്നതിന് മുന്‍പാണ് സ്ഥലത്ത് സംഘര്‍ഷം ഉണ്ടായത്. പൊലീസ് എത്തിയതിന് ശേഷം ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം മാത്രമാണ് ഉണ്ടായത്. കയ്യേറ്റവുമായി ബന്ധപ്പെട്ട് സബ്കളക്റ്ററുടെ നിര്‍ദേശപ്രകാരം രണ്ട് പേരെ അറസ്റ്റ് ചെയ്‌തെന്നും, സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.