ബന്ധുനിയമനത്തില്‍ പികെ ശ്രീമതിക്കും ഇപി ജയരാജനും താക്കീത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th April 2017 02:27 PM |
Last Updated: 19th April 2017 05:35 PM | A+A A- |

ന്യൂഡെല്‍ഹി; ബന്ധുനിയമനത്തില്‍ ഇപി ജയരാജനും പികെ ശ്രീമതിക്കും താക്കീത് നല്‍കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം കേന്ദ്രകമ്മറ്റിയോഗത്തില്‍ തീരുമാനം. നിയമനത്തില്‍ വീഴ്ചയുണ്ടായെന്ന പിബിയുടെ കണ്ടെത്തല്‍ കേന്ദ്രകമ്മറ്റി ശരിവെക്കുകയായിരുന്നു. കേന്ദ്രകമ്മറ്റിയോഗത്തില്‍ ജയരാജന്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ജയരാജന്റെ അഭാവത്തില്‍ തീരുമാനമുണ്ടാകാനിടയില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജയരാജന്റെ
വിശദീകരണം കേട്ടശേഷം മാത്രം തീരുമാനം മതിയെന്ന് കേന്ദ്രകമ്മറ്റി യോഗത്തില്‍ ചിലര്‍ അഭിപ്രായപ്പെട്ടെങ്കിലും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കടുത്ത നിലപാടെടുത്താതാണ് ഇന്നത്തെ യോഗത്തില്‍ തന്നെ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കാന്‍ തയ്യാറായത്.
മന്ത്രിസ്ഥാനത്തുനിന്നും മാറ്റിയെന്നത് തന്നെ അച്ചടക്ക നടപടിയാണെന്നും ജയരാജന്റെ അഭാവത്തില്‍ തീരുമാനമെടുക്കരുതെന്നായിരുന്നു കേരളത്തിലെ സിസി അംഗങ്ങള്‍ എടുത്ത നിലപാട്. എന്നാല്‍ ബന്ധുനിയമനം അഴിമതിയാണെന്ന ഉറച്ച നിലപാടായിരുന്നു യെച്ചൂരിയുടെത്. ഏന്തായാലും കടുത്ത നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല.
ബന്ധുനിയമനത്തില്‍ തനിക്ക് വീഴ്ച പറ്റിയതായും പാര്‍ട്ടി നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും പികെ ശ്രീമതി യോഗത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. വീഴ്ച അംഗീകരിച്ച സാഹചര്യത്തില്‍ കടുത്ത നടപടികള്‍ വേണ്ടെന്ന നിലപാടിലേക്ക് യോഗം എത്തിച്ചേരുകയായിരുന്നു. ബന്ധുനിയമനത്തില്‍ ജയരാജനും പികെ ശ്രീമതിക്കും വീഴ്ച പറ്റിയില്ലെന്ന നിലപാടായിരുന്നു സിപിഎം കേരളഘടകം സ്വീകരിച്ചത്. ജയരാജനെയും പികെ ശ്രീമതിയെയും താക്കീത് ചെയ്യാനുള്ള തീരുമാനം കേന്ദ്രകമ്മറ്റി തീരുമാനം കേരളഘടകത്തിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുന്നതായി.