കദനകഥയില്‍ കേള്‍വിക്കാരെ വീഴ്ത്തി; അക്കൗണ്ടിലേക്ക് സഹായം പ്രവഹിച്ചു,തട്ടിപ്പുകാരനെതിരെ പൊലീസ് കേസ് 

സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച കഥയുടെ സത്യാവസ്ഥ തേടി ചിലര്‍ നാട്ടില്‍ അന്വേഷിച്ചപ്പോഴാണ് വന്‍ തട്ടിപ്പിന്റെ കഥ പുറംലോകം അറിഞ്ഞത്
കദനകഥയില്‍ കേള്‍വിക്കാരെ വീഴ്ത്തി; അക്കൗണ്ടിലേക്ക് സഹായം പ്രവഹിച്ചു,തട്ടിപ്പുകാരനെതിരെ പൊലീസ് കേസ് 

കൊല്ലം: മകള്‍ക്ക് ബ്രെയിന്‍ ട്യൂമറാണെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ തട്ടിപ്പ് നടത്തി പണം തട്ടിയ ആളിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. മകള്‍ക്ക് അസുഖമാണെന്ന് പറഞ്ഞ് ആളുകളെ കയ്യിലെടുത്ത് ഫേസ്ബുക്കിലൂടെ അവരെക്കൊണ്ട് സഹതാപ പോസ്റ്റ് ഇടുവിച്ചായിരുന്നു ഇയ്യാള്‍ പണം തട്ടിയത്. നിരവധി സാമൂഹ്യ-മാധ്യമ പ്രവര്‍ത്തകര്‍ ഇയ്യാളുടെ ചതിയില്‍പ്പെപ്പിട്ടുണ്ട്. കൊല്ലം എഴുകോണ്‍ ചൊവ്വള്ളൂര്‍ സ്വദശേി സലിം എന്നയാള്‍ക്കെതിരിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയ്യാള്‍ വിനോദ് എന്ന പേരിലും പ്രദേശത്ത് അറിയപ്പെടുന്നു. 

സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച കഥയുടെ സത്യാവസ്ഥ തേടി ചിലര്‍ നാട്ടില്‍ അന്വേഷിച്ചപ്പോഴാണ് വന്‍ തട്ടിപ്പിന്റെ കഥ പുറംലോകം അറിഞ്ഞത്. സംശയം തോന്നിയ പൊലീസ് ഇയ്യാളെപ്പറ്റി അന്വേഷിച്ചപ്പോഴാണ് തങ്ങളുടെ സ്ഥിരം നോട്ടപ്പുള്ളിയാണ് കഥാനായകന്‍ എന്ന് മനസ്സിലായത്. 

ബസില്‍ വെച്ച് പരിചയപ്പെട്ട മാധ്യമപ്രവര്‍ത്തകനോട് ജോസ് എന്ന് പേര് പറഞ്ഞ് ബന്ധം സ്ഥാപിച്ച ഇയ്യാള്‍ തന്റെ മകള്‍ക്ക് ബ്രെയിന്‍ ട്യൂമര്‍ ആണെന്നും ചികിത്സിക്കാന്‍ കാശില്ലെന്നും ഉടനടി ഓപറേഷന്‍ നടത്തിയില്ലെങ്കില്‍ കുട്ടി മരിക്കുമെന്നും പറഞ്ഞു പൊട്ടിക്കരയുകയായിരുന്നത്രേ. ധനസഹായം ആരാഞ്ഞ് കൊണ്ടുള്ള പത്രവാര്‍ത്തകള്‍ കാട്ടിയായിരുന്നു ഇയ്യാളുടെ അഭിനയം. അഭിനയത്തില്‍ വീണുപോയ മാധ്യമപ്രവര്‍ത്തകന്‍ സംഭവം സത്യമാണെന്ന് തെറ്റിധരിച്ച് ധനസഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകനെ അടുത്തറിയാവുന്ന സുഹൃത്തുക്കള്‍ ജോസ് നല്‍കിയ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഈ മെസ്സേജ് പരക്കുകയും ചെയ്തു. നിരവധിപേരാണ് ജോസ് നല്‍കിയ അക്കൗണ്ടിലേക്ക് പണം നല്‍കിയത്. 

പിറ്റേന്ന് കുട്ടിയുടെ ഓപ്പറേഷന്‍ നടത്തിയെന്ന് പറഞ്ഞ് ജോസ് മാധ്യമപ്രവര്‍ത്തകനെ വിളിച്ചിരുന്നു. ഈ വിവരവും മാധ്യമപ്രവര്‍ത്തകന്‍ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളെ അറിയിച്ചു. എന്നാല്‍ സംശയം തോന്നിയ ചിലര്‍ സംഭവത്തിന്റെ നിചസ്ഥിതി അറിയാന്‍ വേണ്ടി നാട്ടില്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് വന്‍ തട്ടിപ്പാണ് നടന്നത് എന്നറിഞ്ഞത്. തുടര്‍ന്ന് പൊലീസ് സംഭവത്തില്‍ ഇടപെടുകയായിരുന്നു.

ഇയ്യാള്‍ നാട്ടിലെ സ്ഥിരം തട്ടിപ്പുകാരനാണെന്നും പല കേസുകളും മുമ്പും ഇയ്യാള്‍ക്കെതിരെ വന്നിട്ടുണ്ടെന്നും എഴുകോണ്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ സമകാലിക മലയാളത്തിനോട് പറഞ്ഞു. ഇയ്യാള്‍ നല്‍കിയ അക്കൗണ്ട് നമ്പര്‍ പരിശോധിച്ചപ്പോള്‍ അതില്‍ നിന്നും പതിനയ്യായിരം രൂപ പിന്‍വലിച്ചിട്ടുണ്ടെന്നും ബാക്കിയുണ്ടായിരുന്ന 8000 രൂപ ഫ്രീസ് ചെയ്തിട്ടുണ്ടെന്നും എസ്‌ഐ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com