സികെ ജാനു ബിജെപിക്കെതിരെ; സംവരണ നയത്തിലും ബീഫ് നിരോധനത്തിലും യോജിക്കാനാവില്ല

സികെ ജാനു ബിജെപിക്കെതിരെ; സംവരണ നയത്തിലും ബീഫ് നിരോധനത്തിലും യോജിക്കാനാവില്ല

കൊച്ചി: സംവരണത്തിന്റെയും ബീഫ് നിരോധനത്തിന്റെയും കാര്യത്തില്‍ ബിജെപിയോടു യോജിച്ചുപോവാനാവില്ലെന്ന് എന്‍ഡിഎ ഘടകകക്ഷിയായ ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. ഉത്തര്‍പ്രദേശില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പട്ടിക വിഭാഗ സംവരണംഎടുത്തുകളഞ്ഞ നടപടി അംഗീകരിക്കാനാവില്ല. ബീഫിനെച്ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കാതെ നീട്ടിക്കൊണ്ടുപോവുന്നത് ബിജെപി നേതൃത്വത്തിന്റെ പിഴവാണെന്നും സികെ ജാനു സമകാലിക മലയാളത്തോടു പറഞ്ഞു.

പിന്നാക്ക സമുദായങ്ങളില്‍നിന്ന് കുറച്ചു പേരെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തുന്നത് സംവരണത്തിലൂടെയാണ്. വേണ്ടത്ര പഠനമോ പരിശോധനയോ ഇല്ലാതെ അത് എടുത്തുകളയുന്നതിനോടു യോജിക്കാനാവില്ല. സംവരണം എല്ലാക്കാലവും തുടരണമെന്ന അഭിപ്രായം തങ്ങള്‍ക്കില്ല. എന്നാല്‍ അതുകൊണ്ട് എത്രത്തോളം നേട്ടമുണ്ടായെന്നും ഇപ്പോഴത്തെ അവസ്ഥ എന്താണെന്നുമുള്ള പരിശോധനകള്‍ക്കു ശേഷമേ സംവരണം നിര്‍ത്തലാക്കാവൂ എന്ന് സികെ ജാനു പറഞ്ഞു. പട്ടിക വിഭാഗം സംവരണം എടുത്തുകളഞ്ഞ നടപടിയോടുള്ള എതിര്‍പ്പ് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

ബീഫിനെച്ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കാതെ നീട്ടിക്കൊണ്ടുപോവുന്നത് എന്തുകൊണ്ടെന്നു മനസിലാവുന്നില്ല. ബീഫ് നിരോധനം ബിജെപിയുടെ അജന്‍ഡയല്ലെന്നാണ് മനസിലാക്കുന്നത്. ആസൂത്രിതമായ കാര്യങ്ങളല്ല ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. എന്നാല്‍ ഈ വിവാദം ഇങ്ങനെ നീണ്ടുപോവാതെ അവസാനിപ്പിക്കേണ്ടതാണ്. അതിന് ബിജെപി നേതൃത്വം തന്നെയാണ് ഇടപെടേണ്ടതെന്ന് സികെ ജാനു പറഞ്ഞു. ബീഫ് വിവാദത്തില്‍ തങ്ങളുടെ നിലപാട് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംവരണ കാര്യത്തിലും നിലപാട് അറിയിക്കും. ഇടപെടേണ്ട കാര്യങ്ങളില്‍ ഇടപെട്ടു തന്നെയാവും സഖ്യത്തിന്റെ ഭാഗമായി തുടരുകയെന്ന് അവര്‍ പറഞ്ഞു.

മലപ്പുറം ഉപതെരഞ്ഞെടുപ്പു രംഗത്ത് മറ്റു പല കാരണങ്ങളാലും താന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവിടെ എന്താണ് സംഭവിച്ചത് എന്നു പറയാനാവില്ല. സംസ്ഥാനത്തെ എന്‍ഡിഎയുടെ പ്രവര്‍ത്തനത്തിലെ പോരായ്മകളെപ്പറ്റി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസും ഉന്നയിച്ച വിമര്‍ശനങ്ങള്‍ കണ്ടിരുന്നു. എന്‍ഡിഎ എന്ന നിലയില്‍ ഇതുവരെ രണ്ടോ മൂന്നോ യോഗങ്ങള്‍ മാത്രമാണ് നടന്നത്. കേരളത്തിലെ എന്‍ഡിഎയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സമയമായില്ലെന്നും സികെ ജാനു പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com