കേഡല്‍ ധരിച്ചിരുന്നത് കറുത്ത വസ്ത്രം മാത്രം, കുളിക്കുകയോ വസ്ത്രം മാറുകയോ ചെയ്യാറില്ലെന്ന് വേലക്കാരി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th April 2017 05:18 PM |
Last Updated: 20th April 2017 05:37 PM | A+A A- |

തിരുവനന്തപുരം: നന്തന്‍കോട് മാതാപിതാക്കള്‍ അടക്കം നാലുപേരെ കൊലപ്പെടുത്തിയ കേഡല്‍ ജിന്‍സന്‍ രാജ എപ്പോഴും കറുത്ത വസ്ത്രം മാത്രമാണ് ധരിച്ചിരുന്നത് എന്ന് വീട്ടുവേലക്കാരി രജിത. ഒരു മാസത്തിനിടെ കേഡല്‍ കുളിക്കുന്നതോ വസ്ത്രം മാറുന്നതോ തന്റെ ശ്രദ്ധയില്‍ വന്നിട്ടില്ലെന്ന് രജിത പറുന്നു.
അന്നു രാത്രി ആ വീട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ കേഡല്‍ ജിന്‍സണ്‍ രാജ തന്നെയും കൊലപ്പെടുത്തുമായിരുന്നുവെന്നാണ് രജിത പറയുന്നത്. കേഡല്‍ ആരോടും സംസാരിക്കുന്നത് താന്‍ കേട്ടിട്ടില്ല. പുറത്തെവിടെയും പോകുന്നതും കണ്ടിട്ടില്ല. വീട്ടില്‍ കേഡലിന്റെ സുഹൃത്തുക്കള്‍ വരുന്ന പതിവുമില്ലെന്നും രജിത പറയുന്നു. തന്നോട് ഇതുവരെ കേഡല്‍ മുഖത്ത് നോക്കി സംസാരിച്ചിട്ടില്ല. മറ്റുള്ളവര്‍ പുറത്ത് പോകുമ്പോഴും കേഡല്‍ വീടിനകത്ത് തന്നെയിരിക്കുന്നു. വീടിനകത്തെ അവസ്ഥ പൊലീസ് പറയുന്നത് പോലെയല്ലെന്നാണ് രജിത പറയുന്നത്. ചിലപ്പോള്‍ കേഡലടക്കം നാലുപേരും ഒരുമിച്ച് ഭക്ഷണം കഴിക്കാനായി താഴെ വരാറുണ്ട്. അവിടെ സംസാരിക്കുന്നതോ ശുണ്ഠി പിടിക്കുന്നതോ കേട്ടിട്ടില്ലെന്നും രജിത പറയുന്നു.
കൊലപാതകങ്ങള്‍ നടന്ന ദിവസം വീട്ടിലുള്ള മറ്റുള്ളവരെ കാണാഞ്ഞപ്പോള്‍ അന്വേഷിച്ചു. മമ്മിയുടെ സുഹൃത്തുക്കള്‍ വന്നിട്ടുണ്ടെന്നും അവര്‍ക്കൊപ്പം കോവളത്ത് പോയെന്നും ആയിരുന്നു കേഡല്‍ പറഞ്ഞത്. പറയാതെ പോയത് ഉറങ്ങിക്കിടന്നതിനാലാണ് എന്നും കേഡല്‍ പറഞ്ഞതായി രജിത പറയുന്നു.
കേഡല്‍ നിരന്തരം മൊഴി മാറ്റിപ്പറഞ്ഞതിനാല്‍ കൊലപാതകം സംബന്ധിച്ച് വ്യക്തമായ നിഗമനത്തില്‍ എത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കേഡല്‍ കുറെ നാളായി സാത്താന്‍ സേവ പോലുള്ള ആഭിചാര ക്രിയകള്‍ പരിശീലിക്കുന്നയാളാണെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായ ആസ്ട്രല്‍ പ്രൊജക്ഷന്‍ പരിശീലിക്കാനാണ് കൊലപാതകം നടത്തിയതെന്ന് തുടക്കത്തില്‍ കേഡല്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ വീട്ടുകാരില്‍ നിന്നുള്ള അവഗണനയാണ് കൊലപാതകത്തിന് കാരണമെന്നാണ് കേഡല്‍ അവസാനമായി പൊലീസിന് നല്‍കിയ മൊഴി.