മുഖ്യമന്ത്രിക്ക് മറുപടി പറയുന്നില്ല,കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ല: റവന്യു മന്ത്രി
By സമകാലികമലയാളം ഡെസ്‌ക് | Published: 21st April 2017 10:48 AM |
Last Updated: 21st April 2017 03:32 PM | A+A A- |

തിരുവനന്തപുരം: മൂന്നാറില്‍ അനധികൃതമായി ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നേരെ നടത്തിയ വിമര്‍ശനത്തിന് മറുപടി പറയുന്നില്ല എന്ന റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. മുഖ്യമന്ത്രിക്ക് മറുപടി പറയുന്നത് ശരിയല്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. മൂന്നാറില്‍ നടന്നത് സ്വാഭാവിക നടപടി മാത്രമാണ്.ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ല. കൈയേറ്റമൊഴിപ്പിക്കലുമായി മുന്നോട്ട് പോകും.അദ്ദേഹം പറഞ്ഞു.
മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി ഇന്ന് നടത്തുന്ന ചര്‍ച്ചയില്‍ റവന്യു മന്ത്രിയും പങ്കെടുക്കുന്നുണ്ട്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടം നടത്തിയ നടപടിയില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. ഇന്നലെയത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നാറിലെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച നടത്താന്‍ യോഗം വിളിച്ചിരിക്കുന്നത്.
പൊളിക്കലല്ല സര്‍ക്കാര്‍ നയം, ഏറ്റെടുത്താല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തെ വിളിച്ച് അതൃപ്തി പ്രകടിപ്പിച്ചത്.
കുരിശു പൊളിച്ച നടപടി ജാഗ്രതക്കുറവാണ് തെളിയിക്കുന്നത്. ഒഴിപ്പിക്കല്‍ നടപടിയില്‍ കൂടിയാലോചന ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ ആ ഭൂമിയില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ചാല്‍ മതിയല്ലോ എന്നും മുഖ്യമന്ത്രി കളക്ടറോട് ഫോണില്‍ വിളിച്ച് ശാസിച്ചുവെന്നാണ് വിവരം.
ഉദ്യോഗസ്ഥരെ ശാസിച്ച മുഖ്യമന്ത്രിക്കെതിരെ ഇന്നലെത്തന്നെ സിപിഐ രംഗത്ത് വന്നിരുന്നു. മൂന്നാറിലെ നടപടി ശരിയാണെന്ന് മുഖ്യമന്ത്രിയ്ക്ക് നാളെ ബോധ്യപ്പെടുമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു.മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്ന ദൗത്യത്തില്‍നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ത്തന്നെയാണ് റവന്യൂ വകുപ്പ് എന്ന് വ്യക്തമായ സൂചന നല്‍കുന്ന തരത്തിലായിരുന്നു പ്രകാശ് ബാബുവിന്റെ പ്രതികരണം. സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ദൗത്യം തുടരുമെന്ന് പ്രകാശ് ബാബു പറഞ്ഞു