മൂന്നാര്‍: സര്‍വകക്ഷി യോഗം ചേരും, കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണണം, ഒഴിപ്പിക്കേണ്ടത് വന്‍കിട കയ്യേറ്റക്കാരെയെന്നും മുഖ്യമന്ത്രി
Published: 21st April 2017 08:21 PM |
Last Updated: 21st April 2017 08:21 PM | A+A A- |

മൂന്നാര്‍: ഇടുക്കിയില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നതിന് സര്‍വകക്ഷി യോഗം വിളിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഒഴിപ്പിക്കല്‍ നടപടിക്ക് ജില്ലാതല ഏകോപനസമിതി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണണമെന്ന നിര്‍ദേശമാണ് യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. ഭൂരഹിതര്‍ക്ക് പട്ടയവിതരണം നടത്തുന്നതിന് ഊന്നല്‍ നല്‍കണമെന്നും അതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്നും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മെയ് 21ന് പട്ടയമേള സംഘടിപ്പിക്കും. പതിനായിരം കുടുംബങ്ങള്‍ക്കെങ്കിലും പട്ടയം നല്‍കാന്‍ ഊര്‍ജിത നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
സര്‍ക്കാര്‍ ഭൂമി കയ്യേറിയവരുടെ പട്ടിക അടിയന്തരമായി തയാറാക്കാന്‍ യോഗം തീരുമാനിച്ചു. ഈ പട്ടിക റവന്യൂ സെക്രട്ടറിക്ക് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും വേണം. ഒഴിപ്പിക്കല്‍ നടപടി തുടങ്ങുന്നതിന് മുമ്പ് പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കണം. അതോടൊപ്പം മതമേധാവികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും മാധ്യമ പ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കണം.
കയ്യേറ്റങ്ങള്‍ ഒരുതരത്തിലും അനുവദിക്കില്ല. ഒഴിപ്പിക്കുന്നതിന് മുമ്പ് അവര്‍ക്ക് നോട്ടീസ് നല്‍കുകയും അവരുടെ ഭാഗം കേള്‍ക്കുകയും വേണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഒഴിപ്പിക്കല്‍ നടപടിയുമായി മുമ്പോട്ട് പോകാം. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനാവണം മുന്‍ഗണന നല്‍കേണ്ടത്. പത്തു സെന്റ് വരെ ഭൂമിയുള്ളവരും വേറെ ഭൂമിയില്ലാത്തവരുമായവരുടെ കാര്യത്തില്‍ കയ്യേറ്റമാണെങ്കില്‍ പോലും പ്രത്യേക പരിശോധന വേണം. എന്നാല്‍ പത്തുസെന്റില്‍ കൂടുതല്‍ ഭൂമി കയ്യേറിയവരില്‍ നിന്ന് അത് തിരിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് വിതരണം ചെയ്യണം.
മൂന്നാറിലെ എല്ലാ വില്ലേജിലും സര്‍വെ നടത്തി സ്വകാര്യ-സര്‍ക്കാര്‍ ഭൂമി വേര്‍തിരിക്കാന്‍ നടപടി ആരംഭിക്കണം. അതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമി ജണ്ടയിട്ട് സംരക്ഷിക്കണം. ഇടുക്കിയിലെ, പ്രത്യേകിച്ച് മൂന്നാറിലെ ഭൂമിയുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും.
കുടിയേറ്റവും കയ്യേറ്റവും വേറിട്ട് കാണണമെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. 1977 ജനുവരി ഒന്നിനു മുമ്പുള്ള മുഴുവന്‍ കുടിയേറ്റക്കാര്‍ക്കും നാല് ഏക്ര വരെ ഉപാധിയില്ലാതെ പട്ടയം നല്‍കണമെന്നാണ് തീരുമാനം. ആദിവാസികളടക്കം ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ഇടുക്കിയില്‍ പട്ടയം കിട്ടാനുണ്ട്. അത് എത്രയും വേഗം പൂര്‍ത്തിയാക്കണം. പട്ടയം നല്‍കിയപ്പോള്‍ സര്‍വെ നമ്പര്‍ മാറിപ്പോയ കേസുകളുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ ഈ തെറ്റ് തിരുത്താനാണ് നടപടി വേണ്ടത്. അല്ലാതെ സാങ്കേതികത്വത്തില്‍ തൂങ്ങി ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്.
സര്‍ക്കാരിനെ അറിയിക്കാതെ മണ്ണ് നീക്കല്‍ യന്ത്രം കൊണ്ടുപോയി കുരിശ് പൊളിച്ചുനീക്കിയ നടപടി തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ് ഉദ്യോഗസ്ഥര്‍. അവര്‍ ആ ബാധ്യത നിറവേറ്റുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കാന്‍ കഴിയില്ല. അര്‍ദ്ധരാത്രിക്ക് ശേഷം 144 പ്രഖ്യാപിച്ചതും പൊലീസിനെ അറിയിക്കാതെ ഭൂസംരക്ഷണ സേനയുമായി കുരിശ് പൊളിക്കാന്‍ പോയതും തെറ്റാണ്. കയ്യേറ്റം ഒഴിപ്പിക്കണമെന്നത് തന്നെയാണ് സര്‍ക്കാര്‍ നയം. എന്നാല്‍ അത് വിവേകത്തോടെ ചെയ്യണം. ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കണം. ജില്ലാ കലക്ടരും ജില്ലയിലെ പൊലീസ് മേധാവിയും മറ്റു അധികാരികളും തമ്മില്‍ ഊഷ്മള ബന്ധമുണ്ടാകണം. അതിനാവശ്യമായ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. ഇത്തരം വിഷയങ്ങളില്‍ ജില്ലയില്‍നിന്നുളള മന്ത്രി എം.എം.മണിയുമായും കൂടിയാലോചന വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.