മുഖ്യമന്ത്രിയെ തള്ളി ജനയുഗം; മത പ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണയ്ക്കുന്നവര്‍ അന്ധവിശ്വാസങ്ങള്‍ക്ക് സംരക്ഷണ കവചമൊരുക്കുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd April 2017 08:37 AM |
Last Updated: 22nd April 2017 12:57 PM | A+A A- |

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ ഒറ്റപ്പെട്ടതിന് പിന്നാലെ. മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. സീസര്‍ക്കുള്ളകത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന പേരില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെയാണ് പിണറായിയെ പേരെടുത്ത് പറയാതെ പത്രം വിമര്‍ശിച്ചിരിക്കുന്നത്.
ക്രിസ്തുമത സമൂഹങ്ങള്‍ പൊതുവില്‍ അപലപിക്കാന്‍ മുതിര്‍ന്ന മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണക്കാന്‍ ശ്രമിക്കുന്നവര്‍ ഫലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സംരക്ഷണ കവചമൊരുക്കി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഏതൊരു മതപ്രതീകത്തെയാണ് ഭൂമി കയ്യേറ്റ മാഫിയകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത് അത് പ്രതിനിധാനം ചെയ്യുന്ന മഹത്തായ ആശയങ്ങള്‍ തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. പത്രം പറയുന്നു.
ഭക്തിയുടെയും മതപ്രതീകത്തിന്റെയും വിനോദസഞ്ചാര വ്യവസായത്തിന്റെയും മറ്റെന്തിന്റെയും പേരിലാണെങ്കിലും പൊതുമുതല്‍ കയ്യേറാന്‍ ആരെയും ആരും അനുവദിക്കരുതെന്ന ശക്തമായ ജനകീയ താക്കീതാണ് കേരള ജനത ഗവണ്‍മെന്റിന് നല്‍കുന്നത്. ആ ധാര്‍മികമായ കരുത്ത് പതിറ്റാണ്ടായി ഭൂമിക്കും പരിസ്ഥിതിക്കും ജനങ്ങളുടെ നിലനില്‍പിനുതന്നെയും ഭീഷണിയായി തുടര്‍ന്നുവരുന്ന ഭൂമാഫിയ വാഴ്ചയ്ക്കും കയ്യേറ്റത്തിനും എതിരെ കാര്‍ക്കശ്യത്തോടെ നീങ്ങാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിന് കരുത്തുപകരണം. അര്‍ഹരായ മുഴുവന്‍ കുടിയേറ്റക്കാര്‍ക്കും ഭൂമിയുടെമേലുള്ള അവകാശം നിയമാനുസൃതം ഉറപ്പുനല്‍കിക്കൊണ്ടുള്ള അത്തരമൊരു നീക്കം കേരള ജനത സഹര്‍ഷം സ്വാഗതം ചെയ്യും, പത്രം പറയുന്നു.
ഇന്നലെ ഇടത് മുന്നണിയോഗത്തില്‍ മുഖ്യമന്ത്രിയും ഘടകകക്ഷികലും സിപിഐ നിലപാട് തെറ്റാണ് എന്ന തരത്തിലാണ് സംസാരിച്ചത്. കുരിശ് സര്‍ക്കാറിനെ അറിയിക്കാതെ പൊളിച്ച് നീക്കിയത് തെറ്റായിപ്പോയി എന്ന തന്റെ മുന്‍ നിലപാടില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ചു നിനന്നപ്പോള്‍ മുന്നണിയടിലെ മറ്റ് കക്ഷികളായ എന്‍സിപിയും കോണ്‍ഗ്രസ് എസും മുഖ്യമന്ത്രിയെ പിന്തുണച്ചു. എന്നാല്‍ എല്ലാ നടപടികളും പാലിച്ചാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത് എന്ന നിലപാടില്‍ത്തന്നെ ഉറച്ചു നിന്ന റവന്യു വകുപ്പ് മന്ത്രിക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പൂര്‍ണ്ണ പിന്തുണ നല്‍കി. എന്നാല്‍ ഘടകകക്ഷികള്‍ ഇതിനോട് യോജിച്ചില്ല. എത്രയും വേഗം സിപിഎംസിപിഐ തര്‍ക്കം അവസാനിപ്പിക്കണം എന്നായിരുന്നു ഘടകകക്ഷികളുടെ ആവശ്യം.