ഒഴിപ്പിക്കല്‍ നടപടികള്‍ ശക്തമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് റവന്യു മന്ത്രിയുടെ നിര്‍ദ്ദേശം; സിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും നടപടിയെടുക്കണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd April 2017 02:16 PM |
Last Updated: 23rd April 2017 02:16 PM | A+A A- |

തിരുവനന്തപുരം:മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് ശക്തമായി തുടരാന്‍ ഉദ്യോഗസ്ഥര്‍ക്ക് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ നിര്‍ദ്ദേശം.വിമര്‍ശനങ്ങള്‍ കണക്കിലെടുക്കേണ്ടതില്ല.സിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടാലും ശക്തമായ നടപടിയെടുക്കാം. കൃത്യമായ പരിശോധനകള്‍ നടത്തി ഓരാ ദിവസത്തേയും റിപ്പോര്‍ട്ട് പ്രത്യേകമായി മന്ത്രിക്ക് നല്‍കണം.ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും.
പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും എംഎം മണിയുടെയും ഭാഗത്തു നിന്ന് കനത്ത ശകാരമാണ് റവന്യു ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇതിനെത്തുടര്‍ന്ന് ഇനി എന്തെങ്കിലും ചെയ്യുന്നെങ്കില്‍ കൃത്യമായ നിര്‍ദ്ദേശം ലഭിച്ചു മാത്രമേ ചെയ്യുകയുള്ളു എന്ന് റവന്യു ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് റവന്യു മന്ത്രി രംഗത്തെത്തിയത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗങ്ങളിലും മന്ത്രി ഇതേ നിലാപാട് തന്നെ സ്വീകരിച്ചിരുന്നു. റവന്യു വകുപ്പ് കയ്യാളുന്ന സിപിഐയുടെ നേതൃത്വത്തില്‍ നിന്നും മന്ത്രിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. എന്തുവന്നാലും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ പിന്നോട്ടുപോകില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറരി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.