മന്ത്രി മണി നടുറോട്ടിലെത്തി മാപ്പു പറയാതെ പിന്നോട്ടില്ല: പെമ്പിള ഒരുമൈ
By സമകാലിക മലയാളം ഡസ്‌ക് | Published: 23rd April 2017 02:44 PM |
Last Updated: 23rd April 2017 02:44 PM | A+A A- |

മൂന്നാര്‍: മന്ത്രി എം.എം. മണിയുടെ അപഹാസ്യമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പെമ്പിളൈ ഒരുമയുടെ നേതൃത്വത്തില്‍ മൂന്നാര്‍ ടൗണില്‍ കുത്തിയിരിപ്പ് സമരം നടത്തും. മന്ത്രി മണി നടുറോട്ടിലെത്തി മാപ്പു പറയുന്നതുവരെ കുത്തിയിരിപ്പു തുടരുമെന്ന് പെമ്പിളൈ ഒരുമ നേതാവ് ഗോമതി അഗസ്റ്റിന്‍ സമകാലികമലയാളത്തോട് പറഞ്ഞു. മന്ത്രി മണി രാജിവയ്ക്കണമെന്നും പെമ്പിളൈ ഒരുമ ആവശ്യപ്പെട്ടു.
പെമ്പിളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ട്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. പെമ്പിളൈ ഒരുമ വന്നു അന്ന് കുടിയും സകല വൃത്തികേടുകളും നടന്നു. മനസ്സിലായില്ലേ? ആ വനത്തില് അടുത്തുള്ള കാട്ടിലായിരുന്നു പണി എന്ന്. ഒരു ഡിവൈഎസ്പിയും ഉണ്ടായിരുന്നു. എല്ലാവരും കൂടെക്കൂടി. ഇതൊക്കെ ഞങ്ങള്‍ക്കറിയാമെന്നും ആക്ഷേപിച്ചുകൊണ്ട് എം.എം. മണി പറഞ്ഞു.
മണിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് പെമ്പിളൈ ഒരുമ സംഘടിപ്പിക്കാന്‍ പോകുന്നത്. തോട്ടംതൊഴിലാളികളായ സ്ത്രീകളെക്കുറിച്ച് മണിക്ക് എന്തറിയാമെന്ന് ഗോമതി ചോദിച്ചു. അവകാശപ്പോരാട്ടങ്ങള്‍ നടത്തുന്ന എല്ലാ സ്ത്രീകളെയുമാണ് മണി ആധിക്ഷേപിച്ചിരിക്കുന്നത്. മണിയുടെ പാര്‍ട്ടിയിലും തൊഴിലാളി സംഘടനകളിലും സ്ത്രീകളില്ലേ? അവര്‍ ഒരു സമരം ചെയ്യുമ്പോള്‍ ഇങ്ങനെയാണോ അവരെക്കുറിച്ച് പറയുക? അല്ല, അങ്ങനെയാണോ അവര്‍ ചെയ്യുന്നത്? പെമ്പിളൈ ഒരുമയുടെ സമരം ചരിത്രത്തില്‍ ഇടംപിടിച്ച സമരമായിരുന്നു. ആ സമരത്തിനെത്തിയവരില്‍ കൂടുതലും ദളിതരായിരുന്നു. ദളിത് സ്ത്രീകളെയാണ് മന്ത്രി മണി ആധിക്ഷേപിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനത്ത് തുടരാന്‍ മണിയ്ക്ക് യാതൊരു അവകാശവുമില്ല. ഇന്ന് ഹൈസ്‌കൂള്‍ ജംഗ്ഷനില്‍നിന്നും ആരംഭിക്കുന്ന പ്രകടനം മൂന്നാര്‍ ടൗണില്‍ എത്തി കുത്തിയിരിപ്പു സമരം ആരംഭിക്കും. മന്ത്രി മണി നടുറോട്ടിലെത്തി ഞങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മാപ്പു പറയാതെ ആ റോഡില്‍നിന്ന് ഞങ്ങള്‍ എഴുന്നേല്‍ക്കില്ലെന്നും ഗോമതി പറഞ്ഞു. പെമ്പിളൈ ഒരുമയുടെ നേതൃത്വത്തിലായിരിക്കും സമരം നടക്കുന്നത്.
ദേവികളും സബ്കളക്ടര്‍ക്കെതിരെയായിരുന്നു മന്ത്രി മണിയുടെ ആദ്യ വിവാദ പരാമര്‍ശം. അതേ വേദിയില്‍ വച്ചുതന്നെയായിരുന്നു തുടര്‍ന്ന് പെമ്പിളൈ ഒരുമയെയും അപഹസിക്കുന്ന തരത്തില്‍ മണി പ്രസ്താവന നടത്തിയത്. മൂന്നാര്‍ മുന്‍ ദൗത്യസംഘത്തലവന്‍ കെ. സുരേഷ്‌കുമാറിനെതിരെയും മണി പ്രസംഗിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യസത്കാരമായിരുന്നു സുരേഷ്‌കുമാര്‍ അവിടെ നടത്തിയതെന്നായിരുന്നു മണിയുടെ പരാമര്‍ശം. മണിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പല ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.