ചിട്ടി തട്ടിപ്പ്: അമ്പലപ്പുഴയില്‍ ദമ്പതികളെ പെട്രോളൊഴിച്ച് ചുട്ടു കൊന്നു

നിക്ഷേപിച്ച പണം തിരികെ കിട്ടാനായി ചിട്ടി നടത്തിപ്പുകാരന്റെ വീട്ടിലെത്തിയ ദമ്പതികളെ പെട്രോളൊഴിച്ച് ചുട്ടുകൊന്നു.
ചിട്ടി തട്ടിപ്പ്: അമ്പലപ്പുഴയില്‍ ദമ്പതികളെ പെട്രോളൊഴിച്ച് ചുട്ടു കൊന്നു

അമ്പലപ്പുഴ: നിക്ഷേപിച്ച പണം തിരികെ കിട്ടാനായി ചിട്ടി നടത്തിപ്പുകാരന്റെ വീട്ടിലെത്തിയ ദമ്പതികളെ പെട്രോളൊഴിച്ച് ചുട്ടുകൊന്നു. ഗുരുതരമായി പരിക്കേറ്റ ഇടുക്കി രാജക്കാട് സ്വദേശി കെകെ വേണു(57), ഭാര്യ സുമ(52) എന്നിവരാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ രാത്രിയില്‍ മരിച്ചത്. സ്ഥാപന ഉടമ പെട്രോളൊഴിച്ച് തീ കൊളുത്തിയതാണെന്ന് ഇവര്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഉടമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

അമ്പലപ്പുഴയിലുള്ള ബിആന്‍ഡ്ബി ചിട്ടി ഉടമ അമ്പലപ്പുഴ കോമന കൃഷ്ണാലയം സുരേഷിന്റെ വീട്ടില്‍ വെച്ചാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. ഇതേ തുടര്‍ന്ന് സുരേഷിനെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. സുരേഷ് പെട്രോളൊഴിച്ച് തീവയ്ക്കുകയായിരുന്നെന്ന് മരിക്കുംമുമ്പ് ദമ്പതിമാര്‍ പോലീസിനും ഡോക്ടര്‍ക്കും മൊഴി നല്‍കിയിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

സുരേഷ് 2013ല്‍ അമ്പലപ്പുഴ കച്ചേരിമുക്കില്‍ ചിട്ടിക്കമ്പനി നടത്തിയിരുന്നു. അത് പിന്നീട് പൊളിഞ്ഞു. ഇയാള്‍ക്കെതിരെ ഇടപാടുകാര്‍ നല്‍കിയ പരാതികളില്‍ 17 കേസുകളുണ്ട്. ചിട്ടി കമ്പനി പൊളിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്ത സുരേഷ് ജാമ്യത്തിലായിരുന്നു.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് ദമ്പതികള്‍ സുരേഷിന്റെ വീട്ടിലെത്തുന്നത്. എന്നാല്‍ ഈ സമയം താന്‍ വീട്ടിലില്ലായിരുന്നു എന്നാണ് സുരേഷ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അമ്പലപ്പുഴ സിഐ എം വിശ്വംഭരന്‍ പറഞ്ഞു. 

വാനില്‍ പലവ്യഞ്ജനങ്ങള്‍ വിറ്റാണ് വേണു ജീവിച്ചിരുന്നത്. നിധീഷ് നിഖില എന്നിവരാണ് മക്കള്‍. മരുമകന്‍ ജിതിന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com