മണിയെ ന്യായീകരിച്ച് മൂന്നാറില്‍ സിപിഎമ്മിന്റെ പ്രകടനവും വിശദീകരണ യോഗവും
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th April 2017 04:54 PM |
Last Updated: 25th April 2017 06:51 PM | A+A A- |

മൂന്നാര്‍: മന്ത്രി എംഎം മണി പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണം ശക്തമാകുന്നതിനിനിടയില്‍ മണിയെ അനുകൂലിച്ച് ഇടുക്കിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനവും വിശദീകരണ യോഗവും. മണിക്കെതിരായ നീക്കത്തിന് പിന്നില്‍ മാധ്യമ ഗൂഢാലോചനയാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.എന്‍ വിജയന്‍ ആരോപിച്ചു. മുന്‍ ദൗത്യസംഘ തലവന്‍ കെ. സുരേഷ് കുമാര്‍ കൈയേറ്റമെന്ന് പറഞ്ഞ സിപിഐ ഓഫീസ് പൊളിച്ചു നീക്കാന്‍ കാനം രാജേന്ദ്രന്‍ കളക്ടറോട് പറയുമോ.കോണ്‍ഗ്രസ്ബിജെപി സഖ്യവും മണിയുടെ ചോര കുടിക്കാനാണ് ആഗ്രഹിക്കുന്നത്. ഇതു വ്യാമോഹമാണ്. ഈ പാര്‍ട്ടിയുടെ അടിത്തറ ജനങ്ങളാണ്. അവരോട് കാര്യങ്ങള്‍ വിശദീകരിക്കും വിജയന്‍ പറഞ്ഞു.
അതേസമയം മണി രാജിവെക്കണം എന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിവന്ന സമരം നിരാഹാരസമരത്തിലേക്ക് വഴിമാറി. മണി രാജിവെക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്നുതന്നെയാണ് സമരക്കാരുടെ നിലപാട്.
യുഡിഎഫും മണി രാജിവെക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി എംഎല്‍എ നാളെ മൂന്നാര്‍ സന്ദര്‍ശിക്കും. നാളെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ യുഡിഎഫ് എംഎല്‍എമാര്‍ സത്യാഗ്രഹ സമരം നടത്തും.