സംസാരം സൂക്ഷിക്കണമെന്ന് മണിയാശനോട് പറഞ്ഞപ്പോള്‍ നാക്ക് പിഴച്ചത് തിരുവഞ്ചൂരിനും മുഖ്യമന്ത്രിക്കും
Published: 25th April 2017 03:09 PM |
Last Updated: 25th April 2017 06:30 PM | A+A A- |

തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ നാക്ക് പിഴ നേരത്തെയും പലതവണ കേരളം കണ്ടതാണ്. എന്നാല്‍ പിണറായിയുടെ നാക്ക് അങ്ങനെ പിഴയ്ക്കാറില്ല. വേദി നിയമസഭയും. പെമ്പിളൈ ഒരുമ തിരുവഞ്ചൂരിന് പെണ്‍മക്ക... പെണ്‍കള്‍..പൊമ്പിളൊ ഒരുമയായപ്പോള്‍ മുഖ്യമന്ത്രിക്ക് കുരിശായത് പാപ്പാത്തി ചോലയാണ്. ചപ്പാത്തി ചോല..ചപ്പാത്തി ചോല എന്നായപ്പോള്‍ സാംസ്‌കാരിക മന്ത്രി എകെ ബാലനാണ് പിണറായിയെ തിരുത്തിയത്.
അടിയന്തരപ്രമേയത്തിനുളള അവതരണാനുമതി തേടവെയായിരുന്നു സഭയില്‍ ചിരിപടര്‍ത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നാക്കു പിഴച്ചത്. മൂന്നാറിലെ പെമ്പിളൈ ഒരുമൈക്കെതിരായി മന്ത്രി എംഎം മണി നടത്തിയ പരാമര്‍ശങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു തിരുവഞ്ചൂര്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലെ ആവശ്യം. പിഴയ്ക്കരുതെന്ന് കരുതിക്കൂടിയാവണം തിരുവഞ്ചൂര്‍
എഴുതി തയ്യാറാക്കിയ അടിയന്തര പ്രമേയ നോട്ടീസ് വായിച്ചത്. നാക്കുപിഴച്ചപ്പോള്‍ പ്രതിപക്ഷ ഭരണപക്ഷ വ്യത്യാസമില്ലാതെ സഭയില്‍ ചിരിപടര്‍ത്തി.
മണിയുടെ പരാമര്‍ശത്തെ മുഖ്യമന്ത്രി തള്ളിയെന്ന വാര്‍ത്ത സഭയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു തിരുവഞ്ചൂര്‍. മുഖ്യമന്ത്രി പറഞ്ഞ വാചകം ഞാന്‍ ഒന്ന് വായിക്കാം. പെണ്‍മക്ക, പെണ്‍കള്‍ എന്നിങ്ങനെ പറഞ്ഞ് തപ്പിത്തടഞ്ഞാണ് തിരുവഞ്ചൂര്‍ ആ വാചകം പൂര്‍ത്തിയാക്കിയതും.
സമീപത്തിരുന്ന എംഎല്‍എമാരായ കെ. മുരളീധരന്‍, വിഎസ് ശിവകുമാര്‍, അടൂര്‍പ്രകാശ്, പിടി തോമസ്, കെസി ജോസഫ്, രമേശ് ചെന്നിത്തല എന്നിവര്‍ തിരുവഞ്ചൂരിന്റെ പരാമര്‍ശങ്ങളില്‍ ചിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാക്കുന്നു. എന്നാല്‍ തിരുവഞ്ചൂരിന് മറുപടി പറയുമ്പോഴാണ് പിണറായിയ്ക്ക് നാക്ക് പിഴച്ചത്. പാപ്പാത്തി ചോല ചപ്പാത്തി ചോലയായി. ഇനി കാണാനിരിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലെ ട്രോളന്‍മാരുടെ വിരുതുകള്‍ മാത്രം.