കേഡല്‍ ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചു, ഉപബോധമനസില്‍ ആരോടോ സംസാരിച്ചെന്ന് വിശദീകരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th April 2017 11:53 AM |
Last Updated: 26th April 2017 05:40 PM | A+A A- |

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി കേഡല്‍ ജീന്‍സണ്‍ രാജ ജയില്‍ ഉദ്യോഗസ്ഥനു നേരെ ആക്രമണം നടത്തി. ജയില്‍ ഉദ്യോഗസ്ഥനെ കഴുത്തിനു പിടിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സഹതടവുകാരും ജയില്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥനെ രക്ഷിച്ചത്. ഉപബോധമനസ്സില്‍ താന്‍ ആരോടോ സംസാരിച്ചെന്നും തുടര്‍ന്നാണ് അനിഷ്ടസംഭവങ്ങള്‍ നടന്നതെന്നും കേഡല്‍ പറഞ്ഞതായി ജയില്‍ അധികൃതര്‍ പറഞ്ഞു.
കേഡലിന്റെ മാനസികനില ശരിയല്ലെന്ന് ജില്ല ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖ കേഡലിനോട് സംസാരിച്ചു. മാനസികനില വഷളാണെന്ന് ബോധ്യമായ സാഹചര്യത്തില്‍ കൗണ്‍സലിങ്ങിന് വിധേയനാക്കാന്‍ ജയില്‍ മേധാവി നിര്‍േദശിച്ചു. തുടര്‍ന്ന്, ജയില്‍ അധികൃതര്‍ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യവിഭാഗത്തില്‍ പരിശോധനയ്ക്കു വിധേയനാക്കി.
ജയിലില്‍ അക്രമവാസന കാട്ടിയ പ്രതിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത അന്വേഷണസംഘത്തെ അറിയിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കേഡല്‍ മനോരോഗിയാണെന്നും മാനസികവിഭ്രാന്തിയിലാണ് മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസിന്റെ നിഗമനങ്ങളില്‍ ഒന്ന്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. കേഡല്‍ കൊടുംകുറ്റവാളിയാണോ അതോ മാനസിക രോഗിയാണോ എന്ന കാര്യത്തില്‍ അന്വേഷകര്‍ക്ക് വ്യക്തമായ നിഗമനത്തില്‍ എത്താനായിട്ടില്ല.