പാര്‍ട്ടി ശാസിച്ചത് പാര്‍ട്ടിക്കാര്യം; മണി രാജി വയ്ക്കുന്നതുവരെ സമരം നിര്‍ത്തില്ല; പെമ്പിളൈ ഒരുമ
By സമകാലിക മലയാളം ഡസ്‌ക് | Published: 26th April 2017 08:31 PM |
Last Updated: 26th April 2017 08:31 PM | A+A A- |

മൂന്നാര്‍: മന്ത്രി എം.എം. മണിയെ വിവാദ പ്രസംഗത്തിന്റെ പേരില്‍ സി.പി.എം. പരസ്യ ശാസന നല്‍കിയാലും പെമ്പിളൈ ഒരുമൈ മൂന്നാറില്‍ സമരം നിര്‍ത്തില്ലെന്ന് പെമ്പിളൈ ഒരുമ സമരനേതാവ് ഗോമതി അഗസ്റ്റിന്‍ പറഞ്ഞു. സി.പി.എം. അവര്‍ക്ക് പ്രയാസമുണ്ടായപ്പോള്‍ ശാസിച്ചു. അതുകൊണ്ട് ഞങ്ങളുടെ ആവശ്യത്തിന് പരിഹാരമാകുന്നില്ല. മന്ത്രി മണി രാജി വച്ച് മാപ്പു പറയുന്നതുവരെ മൂന്നാറില്‍ സമരം തുടരുമെന്നും ഗോമതി സമകാലിക മലയാളത്തോട് പറഞ്ഞു.
ഞങ്ങള്‍ മറ്റേപ്പണിക്കാരല്ലെന്ന് ഞങ്ങള്‍ക്ക് തെളിയിക്കേണ്ടതുണ്ട്. ഞങ്ങള്‍ കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരാണ്. മറ്റുള്ളവരുടെ പൈസ കൊണ്ട് ജീവിക്കുന്നവരല്ല, അധ്വാനിച്ചാണ് ജീവിക്കുന്നത്. അത്തരത്തിലുള്ള ഞങ്ങളെ അപമാനിച്ച മന്ത്രി മണി രാജിവച്ച് മാപ്പു പറയാതെ സമരത്തില്‍നിന്നും പിന്മാറില്ലെന്ന് ഗോമതി കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ സമരം പൊളിക്കാന്‍ സി.പി.എം. ഗുണ്ടായിസം കാണിക്കുന്നുണ്ട്. അതുകൊണ്ടൊന്നും ഞങ്ങള്‍ തകരില്ല. ഞങ്ങള്‍ സമരത്തില്‍ ഉറച്ചുനില്‍ക്കുകതന്നെ ചെയ്യും - ഗോമതി പറഞ്ഞു.
മൂന്നാറില്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിന്റെ നേതൃത്വത്തില്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് മന്ത്രി മണി സബ്കളക്ടര്‍ക്കുനേരെയും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും പെമ്പിളൈ ഒരുമൈ നേതാക്കള്‍ക്കെതിരെയും അധിക്ഷേപകരമായ പ്രസംഗം നടത്തുകയായിരുന്നു. ഇതിനെതിരെയാണ് ഗോമതി അഗസ്റ്റിന്റെ നേതൃത്വത്തില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം തുടങ്ങിയത്. മന്ത്രി മണി മാപ്പു പറഞ്ഞ് രാജിവയ്ക്കണമെന്നുതന്നെയായിരുന്നു ആദ്യംമുതലേ പെമ്പിളൈ ഒരുമൈ മുന്നോട്ടുവെച്ചത്. പെമ്പിളൈ ഒരുമൈയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികളെല്ലാം എത്തുകയായിരുന്നു. എന്നാല്‍ പെമ്പിളൈ ഒരുമൈയെ അവഹേളിക്കുന്നതരത്തിലായിരുന്നു വീണ്ടും സി.പി.എമ്മിന്റെ നിലപാട്. മണിയ്‌ക്കെതിരെ പരസ്യശാസനയ്ക്ക് സി.പി.എം. സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ടെങ്കിലും അത് പാര്‍ട്ടിയുടെ യശസ്സിന് കോട്ടം തട്ടുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് എന്നായിരുന്നു വിശദീകരണം. പെമ്പിളൈ ഒരുമയുടെ പ്രതിഷേധത്തെ കണ്ടില്ലെന്നു നടിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ആരോപണമുണ്ട്.